റോഡ് വികസനത്തിന്റെ മറവില്‍ വന്‍ മരംകൊള്ള; അന്വേഷണം തുടങ്ങി
കണ്ണൂര്‍; റോഡ് വികസനത്തിന്റെ മറവില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന മരങ്ങള്‍ മുറിച്ചുകടത്തിയ പൊതുമരാമത്ത് നടപടിയില്‍ അന്വേഷണവുമായി വിജിലന്‍സ്.
ചന്തപ്പുര, പരിയാരം മെഡിക്കല്‍ കോളജ്, ശ്രീസ്ഥ, നെരുവമ്പ്രം, ഒഴക്രോം, പറപ്പൂല്‍, കണ്ണപുരം എന്നിവിടങ്ങളിലെ വഴിയരികിലുണ്ടായിരുന്ന 81 മരങ്ങളാണ് മുറിച്ചുകടത്തിയത്. പൊതുമരാമത്ത് വകുപ്പ് (നിരത്തുവിഭാഗം) മാടായി സെക്ഷന്‍ ഓഫിസ് പരിധിയിലുള്ളതാണ് പ്രവൃത്തി. 2018 ഡിസംബറിലാണ് റോഡ് വീതികൂട്ടാനായി മരങ്ങള്‍ മുറിച്ചുമാറ്റാന്‍ തുടങ്ങിയത്.
പൊതുമരാമത്ത് അധികൃതര്‍ മരങ്ങള്‍ തിട്ടപ്പെടുത്തി വിലനിര്‍ണയത്തിനായി സോഷ്യല്‍ ഫോറസ്ട്രി വകുപ്പിന് കത്തുനല്‍കിയിരുന്നു.
5,85,000 രൂപ കണക്കാക്കി സോഷ്യല്‍ ഫോറസ്ട്രി വകുപ്പ് പൊതുമരാമത്ത് അധികൃതര്‍ക്ക് മറുപടിയും നല്‍കി. 2019 ഒക്‌ടോബര്‍ മുതല്‍ ഏഴുതവണ ലേലത്തീയതികള്‍ നിശ്ചയിച്ച് കാത്തിരുന്നിട്ടും ആരും ലേലത്തില്‍ പങ്കെടുത്തില്ലെന്നാണ് ഓഫിസ് രേഖകള്‍ വ്യക്തമാക്കുന്നത്. ആകെ 82 മരങ്ങളാണ് ലേലത്തിനായി തീരുമാനിച്ചിരുന്നത്. നാട്ടുകാരുടെ പ്രതിഷേധം കാരണം അഞ്ചാംപീടികയില്‍ മുറിക്കാതെപോയ ഒരു പ്ലാവ് മാത്രമാണ് ഇതില്‍ ബാക്കിയുള്ളത്. റോഡിന് തടസമായ മരങ്ങള്‍ മുറിക്കാന്‍ സാങ്കേതികതടസമില്ലെങ്കിലും മുറിച്ചിട്ട മരങ്ങള്‍ സൂക്ഷിക്കണം. എന്നാല്‍, ഇപ്പോള്‍ ഇവ എവിടെയാണെന്ന് ആര്‍ക്കുമറിയില്ല. ഇവയില്‍പ്പെടാത്ത നാല് മരങ്ങള്‍ നേരത്തെ നെരുവമ്പ്രം മെഡിക്കല്‍ കോളജ് പ്രദേശത്തുണ്ടായിരുന്നു. അവയില്‍ രണ്ടെണ്ണം ഇപ്പോള്‍ കാണാനില്ല. മറ്റൊന്നിന്റെ മുറിച്ച കുറ്റി മാത്രം കാണാം.
ഈ നാല് മരങ്ങള്‍ക്ക് 58,950 രൂപയാണ് സോഷ്യല്‍ ഫോറസ്ട്രി അധികൃതര്‍ കണക്കാക്കിയത്. വിജിലന്‍സ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത് മരംമുറി നടന്ന പ്രദേശങ്ങളില്‍ പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."