എയര്‍പോര്‍ട്ടുകളിലെ കൊവിഡ് ഫലങ്ങളിലെ വൈരുധ്യം; നടപടിയുമായി പ്രവാസി കമ്മിഷന്‍
തിരുവനന്തപുരം; എയര്‍പോര്‍ട്ടുകളിലെ കൊവിഡ് പരിശോധനകളിലെ തെറ്റായ പരിശോധനാഫലങ്ങള്‍ പ്രവാസി മലയാളികളെ ബുദ്ധിമുട്ടിലാക്കുന്നതായുള്ള പരാതിയില്‍ നടപടിയുമായി പ്രവാസി കമ്മിഷന്‍. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര വ്യോമ ഗതാഗത സെക്രട്ടറി, എയര്‍പോര്‍ട്ട് അതോറിറ്റി, എയര്‍പോര്‍ട്ട് മാനേജര്‍, കേരള ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫിസര്‍, എയര്‍പോര്‍ട്ടിലെ കൊവിഡ് ടെസ്റ്റ് നടത്തുന്ന മൈക്രാേ ഹെല്‍ത്ത് ലബോറട്ടറി സി.എം.ഡി, ലബോറട്ടറി മാനേജര്‍ എന്നിവരോട് വിശദീകരണം ആവശ്യപ്പെട്ട് കമ്മിഷന്‍ നോട്ടിസ് അയച്ചു.
ഈ മാസം 10 നകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട കമ്മിഷന്‍ ഈ മാസം 14ന് കൊച്ചിയില്‍ നടത്തുന്ന അദാലത്തില്‍ നേരിട്ട് ഹാജരാകാനും കക്ഷികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ മാസം 27ന് പ്രവാസി സാമൂഹ്യ പ്രവര്‍ത്തകനായ അഷറഫ് താമരശ്ശേരിക്ക് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നടത്തിയ കൊവിഡ് പരിശോധനയില്‍ ലഭിച്ച തെറ്റായ പരിശോധനാ ഫലവും ജീവനക്കാരില്‍ നിന്നുണ്ടായ തിക്താനുഭവങ്ങളും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത് വൈറലായിരുന്നു. പ്രവാസികളുടെ ഈ ദുരവസ്ഥയ്ക്ക് പരിഹാരം കാണണമെന്നും തെറ്റായ ഫലം നല്‍കുന്ന പരിശോധനാ രീതികളെ കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിക്കുവേണ്ടി ജന.സെക്രട്ടറി സലിം പള്ളിവിള നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രവാസി കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് പി.ഡി രാജന്‍ നടപടി തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."