HOME
DETAILS

രാഷ്ട്രീയനേതാക്കള്‍ കണ്ടു പഠിക്കേണ്ടത്

  
backup
January 03 2021 | 03:01 AM

51466542-2020

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുടെ രാഷ്ട്രീയമെന്തെന്ന് എനിക്കറിയില്ല. രാഷ്ട്രീയമേതായാലും അദ്ദേഹം കമ്യൂണിസ്റ്റാണെന്നു കരുതുന്നില്ല.


കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ കൊലചെയ്യപ്പെട്ട അബ്ദുറഹ്മാന്‍ ഔഫ് കാന്തപുരം സുന്നിവിഭാഗത്തിന്റെ പ്രവര്‍ത്തകനാണെന്നതില്‍ സംശയമില്ല. ആ ചെറുപ്പക്കാരന്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കൂടിയായിരുന്നെന്നു സി.പി.എം നേതാക്കളും പ്രവര്‍ത്തകരും പറയുന്നതും വിശ്വസിക്കാം.
രണ്ടു വിധത്തിലായാലും സമസ്ത പ്രസിഡന്റിന് പ്രത്യേക സഹതാപമോ സന്താപമോ തോന്നേണ്ട ആളല്ല അബ്ദുറഹ്മാന്‍ ഔഫ്. എന്നിട്ടും, ഈ കൊവിഡ് കാലത്ത്, ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഇരുനൂറിലേറെ കിലോമീറ്റര്‍ യാത്ര ചെയ്ത് കാഞ്ഞങ്ങാട്ടെ കല്ലൂരാവി പഴയകടപ്പുറത്തെ ഔഫിന്റെ വീട്ടിലെത്തി, പ്രിയപ്പെട്ടവന്റെ വേര്‍പാടില്‍ വേദനിക്കുന്ന ഉറ്റവരെ ആശ്വസിപ്പിച്ചു, അവരുടെ ദുഃഖത്തില്‍ ആത്മാര്‍ഥമായി പങ്കുചേര്‍ന്നു, മരിച്ച ഔഫിന്റെ പരലോക ജീവിതം സന്തുഷ്ടമാക്കാന്‍ പ്രത്യേക പ്രാര്‍ഥനയും നടത്തി. ആരും നിര്‍ബന്ധിച്ചിട്ടല്ല സമസ്ത പ്രസിഡന്റ് കല്ലൂരാവിയില്‍ പോയത്. സംഘടനാപരമായി എതിര്‍ചേരിയിലുള്ളവര്‍ക്കൊപ്പമുണ്ടായിരുന്ന ചെറുപ്പക്കാരന്റെ മരണത്തില്‍ അനുശോചനം അറിയിക്കാന്‍ പോയതുകൊണ്ടു സംഘടനാപരമായോ വ്യക്തിപരമായോ എന്തെങ്കിലും കാര്യലാഭം അദ്ദേഹത്തിനു കിട്ടില്ലെന്നും എല്ലാവര്‍ക്കും അറിയാം.


എന്നിട്ടും എന്തുകൊണ്ടു പോയി. ഈ നാട്ടിലെ രാഷ്ട്രീയ, ആധ്യാത്മിക, സമുദായ നേതാക്കള്‍ തുറന്ന മനസോടെ തങ്ങളുടെ മനഃസാക്ഷിയോടു ചോദിക്കേണ്ട ചോദ്യമാണത്.
ഇതേ സംഭവത്തില്‍, ഇതേ പോലെ മാതൃകാപരമായ നടപടി സ്വീകരിച്ച മറ്റൊരു നേതാവിനെക്കുറിച്ചു കൂടി പറയേണ്ടതുണ്ട്. അത് പാണക്കാട് കുടുംബത്തിലെ സന്തതിയും മുസ്‌ലിം ലീഗ് നേതാവുമായ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ്. ഔഫിനെ കൊന്നതു മുസ്‌ലിംലീഗുകാരാണെന്ന ആരോപണം കത്തിജ്വലിച്ചുനിന്ന ഘട്ടത്തിലാണ് മുനവ്വറലി തങ്ങള്‍ കല്ലൂരാവിയിലെ മരണവീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിക്കുകയും കൊലയാളികള്‍ യൂത്ത്‌ലീഗുകാരാണെങ്കില്‍ അവര്‍ സംഘടനയ്ക്കു പുറത്തായിരിക്കുമെന്നും ഒരു തരത്തിലും അവരെ സംരക്ഷിക്കില്ലെന്നും പ്രഖ്യാപിക്കുകയും ചെയ്തത്. മുനവ്വറലി തങ്ങള്‍ക്കും ആ നടപടിയിലൂടെ വ്യക്തിപരമായോ രാഷ്ട്രീയമായോ നേട്ടമൊന്നും ലഭിക്കുമായിരുന്നില്ല. മൈത്രിയുടെയും സാഹോദര്യത്തിന്റെയും പ്രതീകമായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മകന് അങ്ങനെയേ ചെയ്യാനാകൂ.
'പാടത്തെ പണിക്കു വരമ്പത്തു കൂലി നല്‍കണ'മെന്ന് അണികളോടു പരസ്യമായി ആഹ്വാനം ചെയ്ത്, കൊലയ്ക്കു കൊല സിദ്ധാന്തം നടപ്പാക്കിച്ച നേതാക്കളെ കണ്ടു ശീലിച്ച മലയാളികള്‍ക്ക് ഏറെ അത്ഭുതവും അതിനേക്കാളേറെ പ്രതീക്ഷയും ആശ്വാസവും നല്‍കുന്ന മാതൃകാപരമായ നടപടിയാണ് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളില്‍ നിന്നും മുനവ്വറലി തങ്ങളില്‍ നിന്നും ഉണ്ടായതെന്നു ഉച്ചൈസ്തരം പറയേണ്ടിയിരിക്കുന്നു.


രാഷ്ട്രീയ, വര്‍ഗീയാന്ധത ബാധിച്ചവരേ കണ്ണു തുറന്നു കാണൂ ഈ നടപടി.കേരളത്തില്‍ രാഷ്ട്രീയ, സാമുദായിക വൈരത്തിന്റെ പേരില്‍ ക്രൂരമായ കൊലപാതകങ്ങള്‍ ആവര്‍ത്തിച്ചു നടക്കാറുണ്ട്. ഓരോ മരണം സംഭവിക്കുമ്പോഴും 'ഇനി ഇത് ആവര്‍ത്തിക്കരുതേ' എന്നു സുമനസുകള്‍ ഉള്ളുരുകി പ്രാര്‍ഥിക്കാറുണ്ട്. എങ്കിലും, ഇടവേളകള്‍ക്കിടയില്‍ കൊലക്കത്തി രാഷ്ട്രീയം ആവര്‍ത്തിച്ചു തലപൊക്കുന്നു.


51 വെട്ടിലൂടെ ക്രൂരമായി കൊല്ലപ്പെട്ട ടി.പി ചന്ദ്രശേഖരന്‍, പാടത്തുവച്ചു രാഷ്ട്രീയവിചാരണ നടത്തി കൊന്ന അരിയില്‍ ഷുക്കൂര്‍, പെരിയയില്‍ ഒരേസമയം കൊല്ലപ്പെട്ട ശരത്‌ലാലും കൃപേഷും, പയ്യന്നൂരിലെ പൊതുസമ്മതനായിരുന്ന ധന്‍രാജ്, ധന്‍രാജിന്റെ മരണത്തിനു പിന്നാലെ നേതാവിന്റെ വരമ്പത്തു കൂലി പ്രസംഗത്തില്‍ ഊറ്റം കൊണ്ട അണികളുടെ വാള്‍ത്തലപ്പില്‍ ജീവന്‍ ഒടുങ്ങിയ ഓട്ടോ ഡ്രൈവറായ രാമചന്ദ്രന്‍, ക്ലാസ്മുറിയില്‍ പിഞ്ചുപൈതങ്ങളുടെ മുന്നില്‍ വച്ചു വെട്ടിക്കൊല്ലപ്പെട്ട ജയകൃഷ്ണന്‍ മാസ്റ്റര്‍.... ഇങ്ങനെ എത്രയെത്ര പേരാണ് രാഷ്ട്രീയ, സാമുദായിക ഭ്രാന്തിനാല്‍ കൊല്ലപ്പെട്ടത്. അപ്പോഴൊക്കെ, മറ്റൊരു സംഭവം കൂടി ആവര്‍ത്തിച്ചു കാണാറുണ്ട്. കൊല്ലപ്പെട്ടതു സ്വന്തം പക്ഷക്കാരനാണെങ്കില്‍ അമിതമായ വൈകാരിക പ്രകടനം. മറുപക്ഷക്കാരനാണെങ്കില്‍ അവഗണനയോ ന്യായീകരണമോ. അതല്ലെങ്കില്‍, തീര്‍ത്തും പൊള്ളയായ തള്ളിപ്പറയലും അനുശോചനം രേഖപ്പെടുത്തലും. സ്വന്തം പക്ഷത്തെ കാട്ടാളന്മാരെ 'മാ നിഷാദ' എന്നു വിലക്കാനുള്ള സന്മനസ് രാഷ്ട്രീയനേതാക്കള്‍ കാണിക്കാറേയില്ല.


സത്യത്തില്‍, ഇവിടെ രാഷ്ട്രീയ അക്രമങ്ങളും കൊലപാതകങ്ങളും ആവര്‍ത്തിക്കുന്നത് എന്തുകൊണ്ടാണ്. ആക്രമണം നടത്തുന്നവര്‍ക്ക് തങ്ങള്‍ ഇരകളാക്കുന്നവരോട് വ്യക്തിവിരോധമുണ്ടാകാറില്ല. തങ്ങള്‍ വകവരുത്താന്‍ പോകുന്നവന്‍ ചെയ്ത തെറ്റെന്ത് എന്നു പോലും അവര്‍ക്ക് അറിയണമെന്നില്ല. അവരെല്ലാം ഉപകരണങ്ങള്‍ മാത്രമാണ്. ആരെല്ലാമോ വിരല്‍ ചലിപ്പിക്കുന്നതിനൊത്ത് ആടുന്ന പാവകള്‍. ഏതെങ്കിലും നേതാവിന്റെയോ നേതാക്കളുടെയോ സ്വാര്‍ഥതാല്‍പ്പര്യമായിരിക്കും അവരെ ഈ ക്രൂരത ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ ഓരോ രാഷ്ട്രീയ, സാമുദായിക കൊലപാതകത്തിനു ശേഷവും അത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ആത്മാര്‍ഥമായ ആഹ്വാനങ്ങള്‍ ഉണ്ടാകാറില്ല. ക്രൂരത ചെയ്ത സ്വന്തം അണികളിലുള്ളവര്‍ക്കു നേരേ വിരല്‍ ചൂണ്ടി, 'മാ നിഷാദ' എന്നു പറയാനും അത്തരം ക്രൂരന്മാരെ ആത്മാര്‍ഥമായി തള്ളിപ്പറയാനും കേസില്‍ നിന്ന് അവരെ രക്ഷിക്കാതിരിക്കാനും പാര്‍ട്ടികളും നേതാക്കളും ശ്രമിച്ചാല്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിയുന്നതാണ് രാഷ്ട്രീയ, സാമുദായിക ക്രൂരതകള്‍.


കല്ലൂരാവിയില്‍ വച്ചു ജിഫ്‌രി തങ്ങള്‍ മാധ്യമങ്ങളോടു നടത്തിയ പ്രതികരണത്തിലെ ചില പരാമര്‍ശങ്ങളും ഇവിടെ പറയേണ്ടതുണ്ട്. അവ ഇങ്ങനെയാണ്: 'കുറ്റവാളികള്‍ ഏതു പാര്‍ട്ടിക്കാരായാലും ശിക്ഷിക്കപ്പെടണം. ഈ കൊലയ്ക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ അതും കണ്ടെത്തി കാരണക്കാരെ ശിക്ഷിക്കണം. ഒരു പാര്‍ട്ടിയും അക്രമം പ്രോത്സാഹിപ്പിക്കരുത്. കൊല്ലപ്പെടുന്നവന്റെ കുടുംബത്തിന്റെയും നാടിന്റെയും വിഷമം വിലമതിക്കാനാവാത്തതാണ്. അതു നേരിടേണ്ടി വരുമ്പോഴേ തീവ്രത ബോധ്യമാവൂ'. എത്ര അര്‍ഥവത്തായ വാക്കുകള്‍. ഇതേപോലെ ആത്മാര്‍ഥതയോടെ ഓരോ നേതാവും പ്രതികരിച്ചിരുന്നെങ്കില്‍ എന്നു മോഹിച്ചുപോകില്ലേ, നമ്മള്‍.


ഇത്തരമൊരു കുറിപ്പ് 'വീണ്ടുവിചാര'ത്തില്‍ ചേര്‍ക്കണമോ എന്നു പലവട്ടം ആലോചിച്ചതാണ്. ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ 'സുപ്രഭാതം' ചെയര്‍മാന്‍ കൂടിയാണ്. അദ്ദേഹം ചെയ്ത ഇത്തരമൊരു പ്രവൃത്തിയെക്കുറിച്ചു 'സുപ്രഭാത'ത്തില്‍ എഴുതുന്നതു സ്വജനപക്ഷപാതമായി വ്യാഖ്യാനിക്കപ്പെടുമോ എന്ന ആശങ്ക ആദ്യമുണ്ടായിരുന്നു. അതേക്കുറിച്ച്, വീണ്ടുവിചാരം നടത്തിയപ്പോള്‍, ഒട്ടും അഭംഗിയില്ലെന്നു ബോധ്യമായി. കാരണം, ജിഫ്‌രി തങ്ങളും മുനവ്വറലി തങ്ങളും ചെയ്തത് കേരളത്തിലെ, ഇന്ത്യയിലെ, ലോകത്തിലെ തന്നെ നേതാക്കന്മാര്‍ കണ്ടു പഠിക്കേണ്ട പാഠമാണ്. എതിര്‍പക്ഷത്തു നില്‍ക്കുന്നവന്റെ വ്യസനഘട്ടത്തിലും അവനോടൊപ്പമോ അവന്റെ കുടുംബത്തോടൊപ്പമോ ചേര്‍ന്നു നില്‍ക്കുകയും അവരെ സമാശ്വസിപ്പിക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും മികച്ച മാനുഷിക പ്രവൃത്തി.പ്രവാചകന്‍ കാണിച്ചു തന്ന മഹനീയ മാതൃകയാണത്. അക്കാലംവരെ, തന്നെയും സഹചരന്മാരെയും അതിക്രൂരമായി പീഡിപ്പിക്കുകയും ദ്രോഹിക്കുകയും ചെയ്തവര്‍, മക്കാ വിജയത്തിനു ശേഷം, 'ഞങ്ങളോടു പൊറുക്കേണമേ' എന്നു യാചിച്ചുകൊണ്ടു മുന്നിലെത്തിയപ്പോള്‍, കന്മഷലേശമില്ലാതെ പൊറുക്കാന്‍ തയാറായ മനസാണ് പ്രവാചകന്റേത്.
വെറുക്കലല്ല, പൊറുക്കലാണ് ഔന്നത്യം എന്ന മഹനീയമായ പാഠമാണത്. പ്രവാചക പാരമ്പര്യത്തിന്റെ ആ മഹനീയതയാണു കല്ലൂരാവിയില്‍ കണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  5 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  5 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  5 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  5 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  5 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  5 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  5 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  5 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  5 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  5 days ago