കിറ്റെക്‌സില്‍ അതിഥിത്തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിന് പ്രത്യേക സംഘം
കൊച്ചി: സംസ്ഥാനത്തെ നടുക്കിയ അക്രമ സംഭവങ്ങള്‍ക്കു സാക്ഷ്യം വഹിച്ച കിഴക്കമ്പലം കിറ്റെക്‌സ് ഗാര്‍മെന്റ്‌സില്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് പ്രത്യേക സംഘം.
കമ്പനിയിലേക്ക് അതിഥിത്തൊഴിലാളികളെ എത്തിക്കുന്നതിന് പ്രത്യേക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി പ്രോഗ്രസീവ് വര്‍ക്കേഴ്‌സ് ഓര്‍ഗനൈസേഷന്‍ അധികൃതര്‍ വ്യക്തമാക്കി.
ഒരു മതവിഭാഗത്തിന്റെ നേതൃത്വത്തിലുള്ള എന്‍.ജി.ഒകളാണ് ഇവിടേക്ക് തൊഴിലാളികളെ കൊണ്ടുവരുന്നത്. തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നവരെയാണ് മാനേജ്‌മെന്റിന് ആവശ്യമെന്നതിനാല്‍ സാമൂഹിക പിന്നോക്കാവസ്ഥ നിലനില്‍ക്കുന്ന സംസ്ഥാനങ്ങളില്‍നിന്നുള്ള തൊഴിലാളികളെയാണ് ഇവര്‍ തിരഞ്ഞെടുക്കുന്നത്.
പ്രധാനമായും മിസോറാം, മണിപ്പൂര്‍, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍നിന്നുള്ള തൊഴിലാളികളാണ് കമ്പനിയില്‍ കൂടുതലും ജോലി ചെയ്യുന്നത്. മൂലധന താല്‍പര്യം മുന്‍നിര്‍ത്തിയാണ് എന്‍.ജി.ഒ സംഘങ്ങള്‍ തൊഴിലാളികളെ കേരളത്തിലേക്കെത്തിക്കുന്നത്.
1979ലെ ഇന്റര്‍ സ്റ്റേറ്റ് മൈഗ്രന്റ് വര്‍ക്ക്‌മെന്‍ ആക്ട് പ്രകാരം അതിഥിത്തൊഴിലാളികളെ കേരളത്തിലേക്ക് റിക്രൂട്ട് ചെയ്യണമെങ്കില്‍ ഏതു സംസ്ഥാനത്തുനിന്നാണോ കൊണ്ടുവരുന്നത് അവിടത്തെ ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് കേരളത്തിലെത്തിച്ച ശേഷം സംസ്ഥാന ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റിലും രജിസ്റ്റര്‍ ചെയ്യണം. ഇതൊന്നും കിറ്റെക്‌സില്‍ നടക്കുന്നില്ലെന്ന് പ്രോഗ്രസീവ് വര്‍ക്കേഴ്‌സ് ഓര്‍ഗനൈസേഷന്‍ ചെയര്‍പേഴ്‌സണ്‍ ജോര്‍ജ് മാത്യു ആരോപിക്കുന്നു. കോര്‍പറേറ്റുകളുടേയും എന്‍.ജി.ഒകളുടേയും സമ്മര്‍ദത്തെ തുടര്‍ന്ന് ആക്ട് ഭേദഗതി ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും ജോര്‍ജ് മാത്യു പറഞ്ഞു.
കമ്പനിയില്‍ അടിമകളെപ്പോലെ പാര്‍പ്പിച്ച് ജോലി ചെയ്യിക്കുന്ന സ്ഥിതിയാണുള്ളതെന്ന് ഇവിടത്തെ തൊഴിലാളികളും പറയുന്നു. ബംഗാള്‍, ബിഹാര്‍, അസം തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുള്ള ധാരാളം തൊഴിലാളികള്‍ പെരുമ്പാവൂര്‍, മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. ഇവര്‍ സ്വതന്ത്രജീവിതം നയിക്കുമ്പോള്‍ കിറ്റെക്‌സില്‍ സ്വാതന്ത്ര്യം ഹനിക്കുന്ന സ്ഥിതിയാണുള്ളതെന്നു തൊഴിലാളികള്‍ പറയുന്നു. തൊഴില്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് പ്രതിഷേധവുമായി എത്തുമ്പോഴെല്ലാം മാനേജ്‌മെന്റ് അനുകൂലികള്‍ ഭീഷണിപ്പെടുത്തി നിര്‍ത്തുകയാണ്. അവധി നല്‍കാത്തതില്‍ കഴിഞ്ഞ ഒക്ടോബര്‍ 30ന് തൊഴിലാളികളും മാനേജ്‌മെന്റും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."