പൊന്നാനി മഷിയിലൊരു ചിത്രകാരന്
പൊന്നാനിയുടെ മഷിയില്‍ രാജ്യാന്തര ചിത്രരചനാ പ്രദര്‍ശനത്തിന് അര്‍ഹനായതിന്റെ സന്തോഷത്തിലാണ് താജ്ബക്കര്. ഇന്ത്യയില്‍നിന്ന് നാല് ചിത്രകാര്‍ മാത്രമാണ് ഈ നേട്ടത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. അതിലെ ഏക മലയാളിയാണ് പൊന്നാനി സ്വദേശിയായ താജ്ബക്കര്. അമേരിക്കന്‍ സെനറ്ററായിരുന്ന ഹെഡ്വാര്ഡ് എം. കെനഡിയുടെ പേരില്‍ യു.എസ് എംബസിയുടെ സഹകരണത്തോടെ നടത്തുന്ന ഇങ്ക് ബംഗ്ലാദേശ് ആര്‍ട്ട് പ്രദര്‍ശനത്തിലാണ് താജ് ബക്കറിന്റെ ചിത്രങ്ങള്‍ ഇടം പിടിച്ചത്. വിവിധ രാജ്യങ്ങളില്‍നിന്നായി ഏറ്റവും മികച്ച 59 പേരെയാണ് തിരഞ്ഞെടുത്തത്. ഇതിലാണ് താജ് ബക്കറും ഇടം നേടിയത്.
അക്രിലിക് പെയിന്റ്, ഓയില്‍ കളര്‍, വാട്ടര്‍ കളര്‍, പെന്‍സില്‍ എന്നിങ്ങനെ ചിത്രം വരക്കാന്‍ ഉപയോഗിക്കുന്നവ നിരവധിയാണ്. ഇതില്‍ നിന്ന് മാറി പ്രകൃതിദത്തമായ മഷിയില്‍ ജീവനുള്ള ചിത്രങ്ങളെ വരച്ചെടുക്കുന്നതിലൂടെയാണ് ചിത്രകാരനായ താജ് ബക്കര്‍ വ്യത്യസ്തനാകുന്നത്. കാലത്തിന്റെ മറവിയിലേക്ക് പോയ പൊന്നാനി മഷിയെ ചിത്രകാരന്റെ ആവിഷ്ക്കാര മാധ്യമമായി തിരിച്ചുകൊണ്ടുവരികയാണ് ഈ യുവ ചിത്രകാരന്. ഒരു കാലത്ത് മദ്റസകളിലെ കൈയ്യെഴുത്തിനുപയോഗിച്ചിരുന്ന മഷിയായിരുന്നു ഇത്.
കൈയ്യെഴുത്ത് മഷി
ഏതാണ്ട് രണ്ട് പതിറ്റാണ്ടു മുന്‍പുവരെ പൊന്നാനിയില്‍ നിലനിന്നിരുന്ന ആഘോഷമാണ് കൈയ്യെഴുത്ത്. മദ്റസകള്‍ കേന്ദ്രീകരിച്ചാണ് ഇത് നടന്നിരുന്നത്. കുട്ടികളുടെ കൈയ്യില്‍ ആദ്യാക്ഷരം എഴുതി നല്‍കുന്നതായിരുന്നു കൈയ്യെഴുത്തായി കൊണ്ടാടിയിരുന്നത്. കൈയ്യിലെഴുതിയ മഷി കുട്ടികള്‍ നക്കിയെടുക്കും. പൊന്നാനിയില്‍ പ്രത്യേകമായി നിര്‍മിച്ച മഷിയാണ് കൈയ്യെഴുത്തിന് ഉപയോഗിച്ചിരുന്നത്. തികച്ചും പ്രകൃതിദത്തമായിരുന്നു ഇത്. പരുത്തിക്കായയുടെ തൊലി ഉണക്കിപ്പൊടിച്ച് മരത്തിന്റെ കറ ചേര്‍ത്താണ് മഷി ഉണ്ടാക്കിയിരുന്നത്. അരി വറുത്ത് കരിയിച്ച് മരത്തിന്റെ കറ ചേര്‍ത്തും മഷി ഉണ്ടാക്കിയിരുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കൈയ്യെഴുത്ത് സജീവമല്ല.
ഒരു കാലത്ത് പൊന്നാനിയുടെ ആത്മീയ മഷിയായിരുന്നു ഇത്. മാലകളും മൗലിദുകളും മാപ്പിളപ്പാട്ടുകളും ഗസലുകളും രചിക്കപ്പെട്ട പൊന്നാനിയുടെ മേല്‍വിലാസമുള്ള മഷി പിഞ്ഞാണമെഴുതാനും ഉപയോഗിച്ചിരുന്നു. അസുഖങ്ങള്‍ വരുമ്പോള്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ പിഞ്ഞാണത്തില്‍ ഈ മഷി ഉപയോഗിച്ച് എഴുതും. അത് വെറും വയറ്റില്‍ കുടിച്ചാല്‍ രോഗശമനം ഉണ്ടാകുമായിരുന്നു.
ഇങ്ക്ടോബറും താജിന്റെ വരകളും
ഈ കയ്യെഴുത്ത് മഷി ഉപയോഗിച്ചാണ് വരയുടെ ലോകത്ത് പുതിയ പരീക്ഷണത്തിന് താജ് ബക്കര്‍ തയ്യാറായിരിക്കുന്നത്. രാജ്യാന്തര തലത്തില്‍ ചിത്രകാരന്മാര്ക്കിടയില് നടന്ന ഇങ്ക്ടോബര്‍ എന്ന രചനാ ക്യാംപയിന്റെ ഭാഗമായാണ് താജ് പുതിയ പരീക്ഷണം ആവിഷ്കരിച്ചത്. കഴിഞ്ഞ ഒക്ടോബറിലെ മുപ്പത് ദിവസം വ്യത്യസ്ത വിഷയങ്ങളിലുള്ള വരകളാണ് ഇങ്ക്ടോബറിന്റെ ഭാഗമായി നടന്നത്. താജ് വരച്ച 27 ചിത്രങ്ങളും കൈയ്യെഴുത്ത് മഷി ഉപയോഗിച്ചായിരുന്നു. സ്വന്തം നാട്ടില്‍ ലഭ്യമായ ഒന്നിനെ ചിത്രരചനക്കുള്ള ഉല്പാദനക്ഷമമായ മാധ്യമമാക്കി മാറ്റുകയെന്ന ചിന്തയുടെ ഭാഗമായാണ് കൈയ്യെഴുത്ത് മഷിയെ ചിത്രരചന മാധ്യമമായി താജ് ഏറ്റെടുത്തത്.
വരയില്‍ തെളിയുന്ന പൊന്നാനി
ചെലവ് കുറഞ്ഞ മാധ്യമമാണെന്നതാണ് കൈയ്യെഴുത്ത് മഷിയുടെ സവിശേഷത. ഏത് തരം ബ്രഷിലും ഈ മഷി വഴങ്ങും. പേപ്പറിലാണിപ്പോള് വരക്കുന്നത്. പുതിയ വരകള്‍ കാന്‍വാസിലേക്ക് മാറ്റും.
ചിത്രരചനയിലൂടെ പൊന്നാനിയെ ലോകത്തിന് പരിചയപ്പെടുത്തുകയാണ് താജ്ബക്കര്. മുന്‍പും ഈ ചിത്രകാരന്റെ ചിത്ര പ്രദര്‍ശനങ്ങള്‍ കോഴിക്കോട്ട് നടന്നിട്ടുണ്ട്. കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ 'കമിനോ ആര്‍ട്ട് വാക്' എന്ന പേരില്‍ ചിത്രപ്രദര്‍ശനങ്ങള്‍ നടന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശാസ്ത്രീയമായി ചിത്രകല പഠിച്ചിട്ടില്ലെങ്കിലും ജീവിതത്തിലെയും കാഴ്ചയിലെയും പൊള്ളുന്ന അനുഭവങ്ങളാണ് താജിന്റെ ചിത്രങ്ങള്‍ക്ക് നിറം പകരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."