ആഗ്രയിലൊരു കേരളം കണ്ടിട്ടില്ലാത്ത 'മലയാളി'
ആഗ്ര കാന്റ് റെയില്‍വേ സ്‌റ്റേഷനില്‍ തനി മലയാളം പറയുന്നൊരു യു.പിക്കാരന്‍ ഓട്ടോഡ്രൈവറുണ്ട്. കേരളം ജീവിതത്തിലൊരിക്കലും ക@ിട്ടില്ലെങ്കിലും എല്ലാം അറിഞ്ഞും പറഞ്ഞും മലയാളി യാത്രക്കാരെ കൗതുകപ്പെടുത്തുന്ന അഹ്മദിനെപ്പറ്റി...
ഇത് കാലെ അഹ്മദ്. ആഗ്രഫോര്‍ട്ടും താജ്മഹലും കാണാന്‍ ആഗ്രയിലെത്തുന്ന മലയാളികള്‍ക്ക് ഇയാളെ കൂടുതല്‍ പരിചയപ്പെടുത്തേണ്ടി വരില്ല. ആഗ്ര കാന്റ് സ്റ്റേഷനില്‍ ട്രെയിനിറങ്ങി പുറത്തിറങ്ങിയാല്‍ ഓട്ടോ ഡ്രൈവര്‍മാര്‍ യാത്രക്കാരെ പൊതിയും. കൂട്ടത്തില്‍ നിന്നു പച്ച മലയാളത്തില്‍ നമുക്ക് കേള്‍ക്കാം 'ചങ്ങായീ...' എന്ന വിളി. ഈ വിളി കേട്ടാല്‍ ഉറപ്പിക്കാം അത് കാലെ അഹ്മദ് ആണെന്ന്.
ആഗ്ര കാന്റ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഓട്ടോ സര്‍വീസ് നടത്തുന്നയാളാണ് അഹ്മദ്. ആഗ്രയിലെ തന്നെ സുല്‍ത്താന്‍പുര സ്വദേശിയായ ഈ നാല്‍പ്പത്തിയേഴുകാരന്‍ വര്‍ഷങ്ങളായി മലയാളി യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമാണ്. അപരിചിതരും വേണ്ട വിധം ഹിന്ദി സംസാരിക്കാനറിയാത്തവരുമായ മലയാളികള്‍ ഇവിടെയെത്തിയാല്‍ മലയാളിയല്ലെങ്കിലും പച്ച വെള്ളം പോലെ മലയാളം സംസാരിക്കുന്ന അഹ്മദ് സഹായത്തിനുണ്ടാകും. മലയാളി അങ്ങോട്ടു പരിചയപ്പെട്ടില്ലെങ്കിലും ഇങ്ങോട്ട് അടുപ്പം കൂടുന്നതാണ് അഹ്മദിന്റെ ശൈലി. നമ്മുടെ പേരും നാടും വീടും ചോദിച്ചറിയും. ചെമ്മാട്, കോട്ടക്കല്‍, പെരിന്തല്‍മണ്ണ... എവിടെയാ വീട്, നിങ്ങള്‍ക്ക് നാട്ടിലെന്താ പണി... ഇങ്ങനെ ചോദ്യങ്ങള്‍ തുടരും.
പിന്നെ കേരളത്തിലെ രാഷ്ട്രീയ, മത സംഘടനാ കാര്യങ്ങളും സ്ഥാപനങ്ങളെ കുറിച്ചും വാ തോരാതെ പറയും. എല്ലാത്തിനും മൂളികൊടുത്തില്ലെങ്കില്‍ ഉടനെ തന്നെ കേള്‍ക്കാം.. 'ചങ്ങായി നിങ്ങള്‍ ആള് ശരിയില്ലട്ടാ...'.
കേരളത്തെ അറിയാം, വന്നിട്ടില്ലെങ്കിലും
കേരളം കണ്ടിട്ടു പോലുമില്ലാത്ത ഈ യു.പിക്കാരന്‍ മലയാളം പറയുന്നത് കേട്ടാല്‍ ഏത് മലയാളിയും ഒന്നു തരിച്ചുപോകും. അത്രമാത്രം സ്ഫുടമായാണ് അഹ്മദിന്റെ സംസാരം. കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി എന്നിവരെ കുറിച്ചും സോളാര്‍, സരിത, ഉമ്മന്‍ചാണ്ടി, സ്വര്‍ണക്കടത്ത്, കെ.ടി ജലീല്‍, കെ.എം ഷാജി, ദാറുല്‍ ഹുദ, കടമേരി റഹ്മാനിയ, നന്തി ദാറുസലാം കോളജ്... ഇതേപ്പറ്റിയെല്ലാം വാതോരാതെ തുടരും ഈ ഹിന്ദിക്കാരന്‍ അഹ്മദിന്റെ മലയാള സംസാരം. ഒരിക്കല്‍ പോലും കേരളത്തിലേക്ക് വന്നിട്ടില്ലെങ്കിലും കേരളത്തെ കുറിച്ചുള്ള വ്യക്തമായ ധാരണ ഇദ്ദേഹത്തിനുണ്ട്. കഴിഞ്ഞുപോയതും സമകാലിക സാഹചര്യവും അഹ്മദിന്റെ സംസാരത്തില്‍ വരും.
പ്രാരാബ്ധം ഓട്ടോയിലെത്തിച്ചു
മലയാളത്തിന് പുറമെ ഇംഗ്ലീഷ്, പഞ്ചാബി, ബംഗാളി, മറാത്തി ഭാഷകളും സംസാരിക്കാന്‍ അഹ്മദിനറിയാം. ആഗ്ര കാന്റ് സുല്‍ത്താന്‍ പുരയിലെ സിറാജ് മുഹമ്മദിന്റെയും അനീസ ബീഗത്തിന്റെയും പതിനൊന്ന് മക്കളില്‍ മൂന്നാമനാണ് കാലെ അഹ്മദ്. ഭാര്യയും നാല് മക്കളുമുണ്ട് കാലെ അഹ്മദിന്. സിമ്മിയാണ് ഭാര്യ. അബ്ദുല്ല ഇബ്‌റാഹിം, ആസിയ, അസ്മ, അലീമ എന്നിവര്‍ മക്കളാണ്. ഡോ: അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയുടെ ആഗ്ര കേന്ദ്രത്തില്‍ ബി.എസ്.സി പഠനത്തിനിടെ ജീവിത പ്രാരാബ്ധം മൂലമാണ് അഹ്മദ് ഓട്ടോ ഡ്രൈവറായി രംഗപ്രവേശം ചെയ്തത്. പത്തു വര്‍ഷം തന്റെ വീടിനോട് ചേര്‍ന്ന് ടെലഫോണ്‍ ബൂത്ത് നടത്തിയിരുന്നു.
മികച്ച ഫുട്‌ബോള്‍ താരമായ ഇദ്ദേഹം ഉത്തര്‍പ്രദേശ് സംസ്ഥാന ടീമില്‍ ഇടം നേടിയിരുന്നു. പതിമൂന്ന് വര്‍ഷത്തോളമായി ഓട്ടോ സര്‍വീസ് ജോലിയില്‍ തൃപ്തനാണ് കാലെ അഹ്മദ്. ആഗ്രയിലെത്തുന്ന മലയാളി വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രാഷ്ട്രീയ, മത നേതാക്കള്‍ തുടങ്ങി പരിചയമുള്ളവരെല്ലാം അഹ്മദിന്റെ നമ്പറില്‍ ബന്ധപ്പെടും. യാത്രക്കാര്‍ക്കുള്ള താമസ സൗകര്യം, ഭക്ഷണം, താജ്മഹല്‍, ആഗ്രഫോര്‍ട്ട് അക്കമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള യാത്രാ സൗകര്യങ്ങളെല്ലാം അഹ്മദ് തരപ്പെടുത്തിക്കൊടുക്കും. ടൂറിസ്റ്റ് കേന്ദ്രങ്ങളെ കുറിച്ച് മലയാളത്തില്‍ തന്നെ പരിചയപ്പെടുത്താനും ഇയാള്‍ മിടുക്കനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."