രണ്ട് കവിതകള്‍
ഒന്ന്:
വാക്ക്
പുതുവെള്ളത്തിലെ
മീനുകളെപ്പോലെ
വാക്കുകള്‍
നീന്തിത്തുടിച്ച്
ചില നേരങ്ങളില്‍
എന്നിലേക്ക്
അലച്ചെത്തുന്നു.
അപ്പോള്‍
ഒരുവലക്കാരനായി ഞാന്‍
പുറക്കണ്ണും അകക്കണ്ണും
തുറന്ന്
ശൈത്യോഷ്ണങ്ങള്‍
വക വയ്ക്കാതെ
എല്ലാം മറന്ന്
നിഗൂഢ വഴികളിലൂടെ
വാക്കുകള്‍ക്ക് പിന്നാലെ
അകലങ്ങളില്‍ നിന്ന്
അകലങ്ങളിലേക്ക്...!
രണ്ട്:
വ്യാകരണം
വര്‍ണങ്ങള്‍ തമ്മില്‍
ചേരുമ്പോള്‍ സംഭവിക്കുന്ന
വ്യതിയാനം സന്ധി.
ഇഴപിരിഞ്ഞ് നില്‍ക്കുന്ന
പദങ്ങള്‍ ചേര്‍ത്ത്
നിര്‍ത്തുന്നത്
സമാസം.
പുഴകളും മലകളും പോലെ
മനുഷ്യര്‍ സന്ധിക്കാത്തത്
വ്യാകരണത്തെറ്റ്.
കര്‍ക്കടകം ചിങ്ങത്തില്‍
സന്ധിക്കുമ്പോള്‍
കറുപ്പ് വെളുപ്പാകുന്നു.
വിഷമസന്ധികള്‍
കണ്ണീര്‍ ചൊരിയുമ്പോള്‍
സമസന്ധികള്‍
കുളിര്‍മഴവിതറുന്നു.
സമവും വിഷമവും
സന്ധിക്കുമ്പോള്‍
ചിരിയും കരച്ചിലുമലിഞ്ഞ്
നിറമില്ലാത്ത ജലംപോലെ
സ്വയം പ്രതിഫലിക്കുന്ന
കണ്ണാടിയാകുന്നുജീവിതം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."