രക്തം രക്തത്തെ തിരിച്ചറിയുന്ന വേളകള്‍
ഫ്രാന്‍സിന്റെ ഭരണസിരാകേന്ദ്രമായ പാരീസിലെ സിനെ നദിയുടെ കിഴക്കേകരയില്‍ നിലകൊള്ളുന്ന ലൂവര്‍ മ്യൂസിയം ലോകത്തെ ഏറ്റവും മികച്ചതും ബൃഹത്തും ചരിത്രപരവുമായ ഒന്നാണ്. ഫ്രാന്‍സിന്റെ സമ്പന്നമായ സാംസ്‌കാരിക ജീവിതത്തിന്റെ ചരിത്രത്തെ തലയെടുപ്പോടെ ഉയര്‍ത്തിപ്പിടിക്കുന്ന ഇവിടം യൂറോപ്പിലെ തന്നെ എണ്ണപ്പെട്ട സാംസ്‌കാരിക കേന്ദ്രമാണ്. നരവംശശാസ്ത്രത്തിലും സാമൂഹിക ശാസ്ത്രത്തിലും ചരിത്രത്തിലും കലയിലുമെല്ലാം മനുഷ്യന്റെ ജീവിതം തുടിക്കുന്നുണ്ടെന്ന് കരുതുന്ന സന്ദര്‍ശകര്‍ തങ്ങളുടെ യാത്രയില്‍ ലൂവര്‍ മ്യൂസിയം അവഗണിക്കാറില്ല.
ചരിത്രാതീതകാലം മുതല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ട് വരെയുള്ള ലോകത്തെ ചരിത്രസാക്ഷ്യങ്ങളുടെ അവശേഷിപ്പുകളായ മൂന്നു ലക്ഷത്തി എണ്‍പതിനായിരത്തിലധികം പ്രദര്‍ശന വസ്തുക്കള്‍ ഏഴു ലക്ഷത്തി എണ്‍പത്തി രണ്ടായിരത്തി തൊള്ളായിരത്തി പത്ത് ചതുരശ്രയടി വിസ്തൃതിയുള്ള ഇവിടത്തെ ശേഖരത്തിലുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടിനും പതിമൂന്നാം നൂറ്റാണ്ടിനുമിടയില്‍ അന്നത്തെ രാജാവായിരുന്ന ഫിലിപ്പ് രണ്ടാമനാണ് തന്റെ രാജകീയ വാഴ്ചക്ക് അനുസൃതമായ സുഖസൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന കെട്ടിടം പണിതത്. പില്‍ക്കാലത്ത് അധികാരത്തില്‍ വന്ന പല രാജാക്കന്മാരും കെട്ടിടത്തില്‍ പല കൂട്ടിച്ചേര്‍ക്കലുകളും നീക്കലുകളും നടത്തിയിരുന്നെങ്കിലും പഴയ ഗോഥിക് വാസ്തുശില്‍പ്പ മാതൃകയിലുള്ള കൊട്ടാരത്തിന് വലിയ കോട്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഫ്രഞ്ച് ആഭ്യന്തരയുദ്ധകാലത്ത് അന്നത്തെ നാഷണല്‍ അസംബ്ലിയാണ് കൊട്ടാരം മ്യൂസിയമാക്കി മാറ്റിയത്. 1793 ഓഗസ്റ്റ് 10ന് അഞ്ഞൂറ്റി അന്‍പത് കലാസൃഷ്ടികളുമായാണ് തുടക്കമെങ്കിലും കെട്ടിടത്തിന്റെ ബലഹീനത പരിഹരിക്കാന്‍ 1796മുതല്‍ 1801വരെ മ്യൂസിയം അടച്ചിരുന്നു. നെപ്പോളിയന്റെ കാലത്ത് അതിലെ പ്രദര്‍ശന വസ്തുക്കളുടെ എണ്ണം പലമടങ്ങായി വര്‍ധിച്ചു. അവയില്‍ പലതും രാജകൊട്ടാരത്തിന്റെ കലാശേഖരത്തിലെയും പള്ളികളില്‍ നിന്ന് ജപ്തി ചെയ്തവയുമായിരുന്നു. പിന്നീട് വന്ന പല ഭരണാധികാരികളും മ്യൂസിയത്തെ ഇന്നത്തെ നിലയിലേക്കുയര്‍ത്താന്‍ അകമഴിഞ്ഞ് പരിശ്രമിച്ചിട്ടുണ്ട്. 2019ല്‍ തെണ്ണൂറ്റാറ് ലക്ഷം പേരാണ് മ്യൂസിയം സന്ദര്‍ശിച്ചത് എന്നറിയുമ്പോള്‍ അതിന്റെ പ്രാധാന്യം നാം തിരിച്ചറിയുന്നു. ഈ അടുത്ത കാലത്ത് ലൂവര്‍ മ്യൂസിയം പിന്നെയും വാര്‍ത്തകളില്‍ ഇടം പിടിച്ചെങ്കിലും ആ വാര്‍ത്ത ഒരു കലാശേഖരണ കേന്ദ്രത്തെ സംബന്ധിച്ച് അത്ര ആനന്ദദായകമല്ല. ലൂവറില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു കലാവസ്തു മോഷ്ടിച്ച് നശിപ്പിക്കാന്‍ ഒരു സന്ദര്‍ശകന്‍ ശ്രമിച്ചുവെന്നതാണ് ആ അശുഭ വാര്‍ത്ത.
മോഷണമോ?
തിരിച്ചുപിടിക്കലോ?
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ ഒരു കാലത്ത് തങ്ങളുടെ കോളണികളായിരുന്നതും പിന്നീട് സ്വാതന്ത്ര്യം നേടിയതുമായ രാജ്യങ്ങളില്‍നിന്ന് ഫ്രഞ്ചുകാര്‍ ബലമായി പിടിച്ചെടുത്തതോ തങ്ങളുടെ അധികാരത്തിന്‍ കീഴിലിരിക്കുമ്പോള്‍ നിര്‍ബന്ധിച്ച് വസൂലാക്കിയതോ ആയ കലാ വസ്തുക്കള്‍ അതതു ഉടമകള്‍ക്ക് തിരിച്ചു നല്‍കാന്‍ 2018ല്‍ ഉത്തരവിട്ടിരുന്നു. അത്തരത്തില്‍ ആഫ്രിക്കയില്‍നിന്ന് ഫ്രാന്‍സ് തട്ടിക്കൊണ്ട് വന്ന് ലൂവറില്‍ സൂക്ഷിക്കുകയും തിരിച്ചു നല്‍കാതിരിക്കുകയും ചെയ്ത ഒരു പ്രദര്‍ശന വസ്തുവാണ് താന്‍ മ്യൂസിയത്തില്‍ നിന്ന് എടുക്കാന്‍ ശ്രമിച്ചതെന്നാണ് ആ കൃത്യം ചെയ്ത് ആഫിക്കക്കാരന്‍ മ്വാസാലു ദിയാബന്‍സ പറഞ്ഞത്. തന്റെ നാടിന് തിരിച്ചു കിട്ടേണ്ട ഒന്നാണ് താന്‍ തന്റെ നാടിനു വേണ്ടി എടുക്കാന്‍ ശ്രമിച്ചതെന്നാണ് നാല്‍പ്പത്തിയൊന്നുകാരനായ ദിയാബന്‍സ പറയുന്നത്. ലൂവറിന്റെ സല്‍ക്കീര്‍ത്തിക്ക് കോട്ടം തട്ടുന്ന പ്രവൃത്തി ചെയ്‌തെന്ന കുറ്റത്തിന് എനിക്ക് അയ്യായിരം പൗണ്ട് പിഴ നല്‍കേണ്ടി വന്നു. എന്നാല്‍ നിരവധി വര്‍ഷങ്ങള്‍ ഞങ്ങളുടെ നാട് പിടിച്ചെടുത്ത് കൊള്ളചെയ്തതിനും ഞങ്ങളെ അടിമകളാക്കിയതിനും അവര്‍ക്ക് മറുപടിയില്ല.
ആരാണീ മ്വാസാലു
ദിയാബന്‍സ?
റിപ്പബ്ലിക് ഓഫ് കോംഗോ എന്നപേരിലുള്ള രാഷ്ട്രീയ സംഘടനയുടെ ഉപജ്ഞാതാവും കോംഗോ ജനതയുടെ വിപ്ലവ പോരാളിയുമാണ് ദിയാബന്‍സ. മധ്യ ആഫ്രിക്കയുടെ പശ്ചിമതീരത്താണ് കോംഗോ സ്ഥിതി ചെയ്യുന്നത്. ബന്തു ഭാഷ സംസാരിക്കുന്ന ഒരു ഗോത്രവംശം. മൂവായിരത്തിലധികം വര്‍ഷങ്ങളായി കോംഗോ നദിയിലൂടെ വാണിജ്യം നടത്തി ഉപജീവനം നയിക്കുന്നവര്‍. മുന്‍പ് മറ്റു പല ആഫ്രിക്കന്‍ രാജ്യങ്ങളുമെന്നപോലെ കോംഗോയും ഫ്രഞ്ചുകാര്‍ പിടിച്ചെടുത്ത് തങ്ങളുടെ കോളനിയാക്കി മാറ്റി. നീണ്ട കാലത്തെ അധിനിവേശക്രൂരതകള്‍ക്ക് വിധേയരായ ജനത അവസാനം അടിമത്തത്തില്‍ നിന്ന് മോചനം നേടാന്‍ തീരുമാനിച്ചതിന്റെ ഫലമായി 1958ല്‍ ദി റിപ്പബ്ലിക് ഓഫ് കോംഗോ രൂപീകൃതമാവുകയും തത്ഫലമായി 1960ല്‍ ഫ്രഞ്ചുകാര്‍ കോളനി വിടുകയും ചെയ്തു. 1969 മുതല്‍ 1992 വരെ ഇതൊരു മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് അനുഭാവികള്‍ക്ക് ആധിപത്യമുള്ള കോണ്‍കോള്‍സ് പാര്‍ട്ടി ഓഫ് ലേബറിന്റെ കീഴിലായിരുന്നു. പിന്നീട് മറ്റൊരു സര്‍ക്കാര്‍ അധികാരത്തിലെത്തിയെങ്കിലും ചില ആഭ്യന്തര യുദ്ധങ്ങള്‍ ആ സര്‍ക്കാറിനെ അധികം വാഴിച്ചില്ല. 1997ല്‍ മുന്‍ മാര്‍ക്‌സിറ്റ് നേതാവായ ഡെനീസ് സാസൂന്‍ഗ്വെസ്സോയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തി.
ഇപ്പോള്‍ രണ്ട് രാജ്യങ്ങളായി നിലകൊള്ളുന്ന കോംകോയെ ഒന്നിപ്പിക്കാനുള്ള ശ്രമത്തിന്റെ വക്താവാണ് ദിയാബന്‍സ. താന്‍ മോഷ്ടിക്കാന്‍ ശ്രമിച്ചത് നീണ്ടകാലം ആഫ്രിക്കന്‍ ജനതയോട് ഫ്രഞ്ചുകാര്‍ ചെയ്തിട്ടുള്ള ക്രൂരതയ്ക്ക് പകരം വീട്ടലാണെന്ന് ദിയാബന്‍സ വിശ്വസിക്കുന്നു. താന്‍ ഫ്രാന്‍സിന്റെ ഒന്നും മോഷ്ടിച്ചിട്ടില്ല. കാരണം താനെടുക്കാന്‍ ശ്രമിച്ച പ്രദര്‍ശന വസ്തു തങ്ങളുടേതാണ്. അത് മുന്‍പ് ഫ്രാന്‍സ് തങ്ങളില്‍നിന്ന് മോഷ്ടിച്ചതാണ്. അത് തിരിച്ചെടുക്കുന്നത് ധാര്‍മികമായി തെറ്റാണോയെന്നാണ് അദ്ദേഹം ആരായുന്നത്. ഇതിനുമുന്‍പും പല യൂറോപ്യന്‍ രാജ്യങ്ങളിലെ മ്യൂസിയങ്ങളില്‍നിന്നും ദിയാബന്‍സ തങ്ങളുടെതെന്ന് അവകാശപ്പെട്ട് ചിലതെല്ലാം മോഷ്ടിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അവയെല്ലാം തന്നെ മുന്‍കാല കോളനികളില്‍ നിന്ന് യൂറോപ്യന്‍ അധിനിവേശക്കാര്‍ മോഷ്ടിച്ചുകൊണ്ട് വന്ന നരകുലശാസ്ത്രസംബന്ധിയായ കലാവസ്തുക്കളാണ്. അതുകൊണ്ടുതന്നെ താന്‍ ചെയ്യുന്നത് മോഷണമല്ല. തനിക്കെതിരെയുള്ള ഫ്രാന്‍സിന്റെ നടപടികള്‍ക്ക് എതിരെ നിയമപരമായ പോരാട്ടം നടത്തുമെന്നാണ് ദിയാബന്‍സ പറയുന്നത്. അതേസമയം ഇത്തരം അനിഷ്ട സംഭവങ്ങള്‍ തങ്ങളുടെ സാംസ്‌കാരിക പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുമെന്ന് കരുതുന്ന ഫ്രഞ്ച് സര്‍ക്കാര്‍, 2021 തീരുന്നതിനിടയില്‍ അത്തരത്തില്‍ പെട്ട 27 കലാവസ്തുക്കള്‍ തിരിച്ച് നല്‍കണമെന്ന് കല്‍പ്പനയിറക്കിയെങ്കിലും നാഷണല്‍ അസംബ്ലിയുടെ അംഗീകാരമില്ലാതെ അത് ചെയ്യരുതെന്ന് ഫ്രഞ്ച് സെനറ്റ് വിലക്കിയിരിക്കുകയാണ്. എന്തായാലും തങ്ങളുടെ രക്തത്തെ തൊടുന്ന അമൂല്യങ്ങളായ പൈതൃക ചിഹ്നങ്ങള്‍ തിരിച്ചു കിട്ടുമോയെന്ന് നോക്കിയിരിക്കുകയാണ് തടവിലും ദിയാബെന്‍സ.
മാളികപ്പുറത്തു നിന്നുള്ള ചാട്ടം
പ്രവാചകന്റെ വിശ്വസ്ത അനുയായിയും മകളുടെ ഭര്‍ത്താവും ആയിരുന്നു അലി. ഒരിക്കല്‍ അലിയും ഒരു ജൂതനും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കം നടന്നു. അലിയുടെ ദൈവത്തില്‍ യഹൂദനു വിശ്വാസമുണ്ടായിരുന്നില്ല. അതായിരുന്നു അവര്‍ തമ്മിലുള്ള തര്‍ക്ക വിഷയം.
മാളികപ്പുറത്ത് ഇരുന്നായിരുന്നു ഇരുവരുടെയും വാഗ്വാദം. അലിയോട് യഹൂദന്‍ ചോദിച്ചു: 'നിന്റെ അല്ലാഹു ഏത് സമയത്തും നിന്നെ രക്ഷിക്കും എന്ന് നിനക്ക് ഉറപ്പുണ്ടോ?'
അലി പറഞ്ഞു: 'എനിക്ക് ആ കാര്യത്തില്‍ ഒരു സംശയവുമില്ല. ഞാന്‍ എന്റെ മാതാവിന്റെ ഉദരത്തില്‍ ആയിരിക്കുമ്പോള്‍ മുതല്‍ അവന്റെ സംരക്ഷണത്തിലാണ്.'
അപ്പോള്‍ യഹൂദന്‍ പറഞ്ഞു: 'നിനക്ക് നിന്റെ ദൈവത്തില്‍ അത്രയ്ക്ക് വിശ്വാസമാണെങ്കില്‍ ഇവിടെ നിന്ന് ഇപ്പോള്‍ താഴോട്ട് ചാടി നീ അത് തെളിയിക്കണം.'
'ക്ഷമിക്കൂ', അലി പറഞ്ഞു, 'വാക്കുകള്‍ കൊണ്ട് കളിക്കുന്നതിനു മുന്‍പ് അില്‍പ്പം ആലോചിക്കുക. ദൈവത്തെ പരീക്ഷിക്കാന്‍ എനിക്കോ നിനക്കോ അധികാരമില്ല. ദൈവം നമ്മളെയാണ് പരീക്ഷിക്കുന്നത്. മറിച്ചല്ല. ആരെ എപ്പോള്‍ എങ്ങനെ പരീക്ഷിക്കണം എന്നുള്ളത് ദൈവത്തിന്റെ ഇഷ്ടമാണ്. എന്റെയും നി ന്റെയും വിശ്വാസം എത്രത്തോളം ഉണ്ടെന്ന് ദൈവം പരീക്ഷിച്ചുകൊണ്ടിരിക്കും. തിരിച്ചു പരീക്ഷിക്കാന്‍ ദൈവത്തിനു മീതെയല്ല നാം.'
യഹൂദന്‍ പിന്നീട് ഒന്നും മിണ്ടിയില്ല.
മാളികപ്പുറത്ത് നിന്ന് സാവധാനം ഇറങ്ങി അദ്ദേഹം തന്റെ വിശ്വാസത്തെക്കുറിച്ചും അലി പറഞ്ഞതിനെ കുറിച്ചും ആലോചിച്ചു കൊണ്ടുനടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."