'എന്ത്കൊണ്ട് ഇസ്‌ലാം' പുസ്തകം പ്രകാശനം ചെയ്തു
ജിദ്ദ: വിഖ്യാത പണ്ഡിതനും എഴുത്തുകാരനും അധ്യാപകനുമായിരുന്ന ഡോ: മുഹമ്മദ് അലി അല്‍ഖൂലി ഇംഗ്ലീഷ് ഭാഷയിൽ രചിച്ച 'നീഡ് ഫോര്‍ ഇസ്‌ലാം' എന്ത്കൊണ്ട് ഇസ്‌ലാം എന്ന പേരില്‍ ഇബ്‌റാഹീം ശംനാടും മൂസക്കുട്ടി വെട്ടിക്കാട്ടിരിയും ചേർന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത പുസ്തകം പ്രകാശനം ചെയ്തു. പ്രമുഖ പ്രാസംഗികനായ കെ.ടി.അബൂബക്കര്‍ പ്രമുഖ വ്യവസായി സലീം മുല്ലവീട്ടിലിന് നല്‍കിയാണ് പ്രകാശന കർമ്മം നിര്‍വ്വഹിച്ചത്. ജിദ്ദ സര്‍ഗ്ഗവേദി ബനീമാലികിലെ ലാഹോര്‍ ഗാര്‍ഡനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ നിരവധി സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. പരിപാടിയിൽ സര്‍ഗ്ഗവേദി രക്ഷാധികാരി സി.എച്ച്. ബഷീര്‍ അധ്യക്ഷത വഹിച്ചു.
'എന്ത്കൊണ്ട് ഇസ്‌ലാം' എന്ന മഹത്തായ കൃതി കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ഇസ്‌ലാം ഭീതിയെ അകറ്റി സഹോദര സമുദായ അംഗങ്ങള്‍ക്ക് മാത്രമല്ല ഇസ്‌ലാം മത വിശ്വാസികള്‍ക്ക് തന്നെ തങ്ങളുടെ മതത്തെ കുറിച്ച് സമഗ്രമായി മനസ്സിലാക്കാന്‍ സഹായിക്കുമെന്ന് കിംഗ് അബ്ദുല്‍ അസീസ് യുനിവേഴ്സിറ്റി ഇംഗ്ളീഷ് വിഭാഗം അധ്യാപകന്‍ ഡോ: ഇസ്മായില്‍ മരിതേരി പുസ്തകത്തെ പരിചയപ്പെടുത്തികൊണ്ട് അഭിപ്രായപ്പെട്ടു. പതിനാല് അധ്യായങ്ങളുള്ള ഈ കൃതിയുടെ സ്വതന്ത്ര വിവര്‍ത്തനം മൂലകൃതിയുടെ ആത്മാവിനോട് പൂര്‍ണ്ണമായും നീതിപുലര്‍ത്തിയിരിക്കുന്നതായും അദ്ദേഹം പറഞ്ഞു. നവ്യമായ അവതരണരീതി കൃതിയെ കൂടുതല്‍ മികവുറ്റതാക്കുന്നു. പ്രശസ്ത സാഹിത്യകാരന്‍ കെ.പി. രാമനുണ്ണിയുടെ പ്രൗഡോജ്ജലമായ അവതാരിക ഈ കൃതിയെ ഏവര്‍ക്കും സ്വീകാര്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്‌ലാമിനെ മനുഷ്യ മസ്തിഷകവുമായി സംവദിക്കാന്‍ പ്രാപ്തമാക്കുന്ന കൃതിയാണ് എന്ത്കൊണ്ട് ഇസ്‌ലാം എന്ന പുസ്തകമെന്നും ലോകത്ത് ഇസ്‌ലാമിന് പ്രചുരപ്രചാരം ലഭിക്കാന്‍ ഇടയാക്കിയത് അതിന്റെ മൂല്യങ്ങളാണെന്നും പുസ്തകം പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ച കെ.ടി.അബൂബക്കര്‍ പറഞ്ഞു. പ്രവാചകന്‍ തിരുമേനി ഉത്തമ സ്വഭാവങ്ങളുടെ മികച്ച മാതൃകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്‌ലാമിനെതിരെ കുപ്രചരണം വ്യാപിച്ച ഈ കാലഘട്ടത്തിലെ ഏറ്റവും നല്ല പ്രതിരോധധര്‍മ്മമാണ് ഈ കൃതിയെന്ന് പുസ്തകം ഏറ്റ് വാങ്ങിയ സലീം മുല്ലവീട്ടില്‍ പറഞ്ഞു.
വിവര്‍ത്തനത്തിന്റെ സൗന്ദര്യം നഷ്ടപ്പെടാതെ നീഡ് ഫോര്‍ ഇസ്‌ലാം എന്ന കൃതിയുടെ മലയാള വിവര്‍ത്തനം നിര്‍വ്വഹിച്ചത് ശ്ലാഘനീയമാണെന്ന് മലയാളം ന്യൂസ് എഡിറ്റര്‍ മുസാഫിര്‍ അഭിപ്രായപ്പെട്ടു. ഹസ്സന്‍ ചെറൂപ്പ, കെ.ടി.മുനീര്‍, നാസര്‍ ചാവക്കാട്, കെ.എം. മുസ്തഫ, നസീര്‍ വാവക്കുഞ്ഞു, ശിഹാബ് കരുവാരക്കൂണ്ട്, കബീര്‍ കൊണ്ടോട്ടി, മജീദ് നഹ, അരുവി മോങ്ങം, ഇസ്ഹാഖ് പൂണ്ടോളി, നൗഫല്‍ മസ്റ്റര്‍, അമീര്‍ ചെറുകോട്, സക്കീര്‍ ഹുസൈന്‍ എടവണ്ണ, ബാബു നഹ്ദി, ഹംസ പൊന്മുള തുടങ്ങിയവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. പുസ്തകം വിവര്‍ത്തനം ചെയ്യാനുണ്ടായ സാഹചര്യം വിവർത്തകരിലൊരാളായ ഇബ്‌റാഹീം ശംനാട് വിശദീകരിച്ചു.
ഇസ്‌ലാമിന്റെ ഉള്ളടക്കമാണ് ശത്രുക്കളുടെ ഉറക്കംകെടുത്തുന്നതെന്നും അത് സമ്പൂര്‍ണ്ണ ജീവിതവ്യവസ്ഥയാണെന്നും പ്രമുഖ പണ്ഡിതനും വാഗ്മിയുമായ അബ്ദുശുക്കൂര്‍ അലി ഉപസംഹാര പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ലിബറലിസം, നവനാസ്തികത, കമ്മ്യൂണിസം, ഹദീസ് നിഷേധം തുടങ്ങിയ നിവരധി വെല്ലുവിളികൾ ഇസ്‌ലാം നേരിട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഇസ്‌ലാമിനെ വസ്തുനിഷ്ഠമായി മനസ്സിലാക്കാനുള്ള ഉത്തമ കൃതിയാണ് എന്ത്കൊണ്ട് ഇസ്‌ലാം എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ജിദ്ദ സര്‍ഗ്ഗവേദി പ്രസിഡന്റ് അഡ്വ. ഷംസുദ്ദീന്‍ സ്വാഗതവും കണ്‍വീനര്‍ അബ്ദുല്ലതീഫ് കരിങ്ങനാട് നന്ദിയും പറഞ്ഞു. മുഹമ്മദലി പട്ടാമ്പി ഖിറാഅത് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."