വികാരനിർഭര യാത്രയയപ്പ് പി.ടിയുടെ ചിതാഭസ്മം മാതാവിന്റെ കല്ലറയിൽ അടക്കംചെയ്തു
കൊച്ചി/ തൊടുപുഴ
അന്തരിച്ച കോൺഗ്രസ് നേതാവ് പി.ടി തോമസിന്റെ ചിതാഭസ്മവുമായുള്ള സ്മൃതിയാത്രയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തകർ വികാരനിർഭരമായ യാത്രയയപ്പ് നൽകി. രാവിലെ പി.ടി തോമസിന്റെ വസതിയിൽ നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചിതാഭസ്മം ബന്ധുക്കളിൽനിന്ന് ഏറ്റുവാങ്ങി. തുടർന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രന് കൈമാറി. മുഹമ്മദ് ഷിയാസ്, ഡീൻ കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിലാണ് തുറന്ന വാഹനത്തിൽ സ്മൃതി യാത്ര ആരംഭിച്ചത്. പി.ടിയുടെ ഭാര്യ ഉമയും മക്കളും യാത്രയെ അനുഗമിച്ചു.
കളമശേരി മുതൽ ഇടുക്കി ജില്ലാതിർത്തിയായ നേര്യമംഗലം വരെ പ്രധാന കേന്ദ്രങ്ങളിലെല്ലാം നൂറുകണക്കിന് പ്രവർത്തകർ പി. ടി യുടെ ചിതാഭസ്മത്തിൽ പുഷ്പാർച്ചന നടത്താൻ കാത്തു നിന്നു. അമ്മയുടെ കല്ലറയിൽ തന്റെ ചിതാഭസ്മം നിക്ഷേപിക്കണമെന്ന പി.ടി തോമസിന്റെ അന്ത്യാഭിലാഷമനുസരിച്ചാണ് ചിതാഭസ്മം ഉപ്പുതോട്ടിലെത്തിച്ചത്.
തുടർന്ന് സെന്റ് ജോസഫ് പള്ളിയിലെ മാതാവിന്റെ കല്ലറയിൽ ചിതാഭസ്മം അടക്കം ചെയ്തു. കത്തോലിക്കാ സഭയുടെ ചരിത്രത്തിൽആദ്യം എന്നു വിശേഷിപ്പിക്കാവുന്ന സംഭവത്തിനു സാക്ഷ്യം വഹിക്കാൻ ആയിരങ്ങൾ ഒഴുകിയെത്തി. ചിതാഭസ്മം അടക്കം ചെയ്ത പേടകം വൈകിട്ട് 5.15 ന് കല്ലറയിലേക്ക് എടുത്തപ്പോൾ ഭാര്യ ഉമയും മക്കളായ വിഷ്ണുവും വിവേകും വിങ്ങിപ്പൊട്ടി. പി.ടി തോമസിന്റെ സഹോദരൻ പി.ടി ജോർജ്, സഹോദരിമാരായ റോസക്കുട്ടി, ചിന്നമ്മ എന്നിവരും ഒപ്പുണ്ടായിരുന്നു.
ചിതാഭസ്മം അടക്കം ചെയ്യാനുള്ള മാർഗനിർദേശം ഇടുക്കി രൂപത പുറപ്പെടുവിച്ചിരുന്നു. ദേവാലയത്തിന്റെയും കല്ലറയുടെയും പരിപാവനത കാത്തുസൂക്ഷിക്കണം. ചടങ്ങിൽ പ്രാർഥനാപൂർവമായ നിശബ്ദത ഉണ്ടായിരിക്കണം. പാർട്ടി പ്രവർത്തകരടക്കമെത്തുന്ന ചടങ്ങ് ആയതിനാൽ മുദ്രാവാക്യം വിളികളടക്കം ഒഴിവാക്കണം.
ക്രൈസ്തവ വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്താത്ത രീതിയിലുള്ള സമീപനം പ്രവർത്തകരുടെയും ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നവരുടെയും ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും ഇടുക്കി രൂപത മുഖ്യവികാരി ജനറൽ നിർദേശിച്ചിരുന്നു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, വി.എം സുധീരൻ, എം.എം ഹസ്സൻ, പ്രൊഫ. കെ.വി തോമസ്, എ.ഐ.സി.സി സെക്രട്ടറി ഐവാൻ ഡിസൂസ, എം.പിമാരായ ഹൈബി ഈഡൻ, ബെന്നി ബഹനാൻ, ഡീൻ കുര്യാക്കോസ് , എം.എൽ.എ മാരായ മാത്യു കുഴൽനാടൻ, കെ. ബാബു തുടങ്ങി നിരവധി പേർ സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."