ഒരു വലിയ സമൂഹത്തിന്റെ പ്രതീക്ഷകളും ചുമലിലേന്തി ആകാശം മുട്ടെ കിനാക്കള്‍ കണ്ടു തുടങ്ങുക., ആ കിനാക്കള്‍ പുലരുന്നൊരു നാളിനായി അഹോരാത്രം പണിയെടുക്കുക. തന്നെപ്പോലുള്ളവര്‍ക്കായി മാത്രമുള്ള സ്ഥാപനത്തിലെ വിരലിലെണ്ണാവുന്നവരില്‍ ഒന്നാമതെത്തുക. ഒടുവില്‍ തനിക്ക് പിന്‍ഗാമികളായൊരായിരം പേരെ വാര്‍ത്തെടുക്കാന്‍ അവിടെ തന്നെ അധ്യാപികയാവുക. മിഥു എന്ന ട്രൈബല്‍ പെണ്‍കുട്ടിയുടെ ജീവിതത്തില്‍ നിന്നുള്ള ചി ഏടുകളാണിത്. ഐ.ടി.എസ്.ആര്‍ (Institute of Tribal Studies and Research, Chethalayam Wayanad) ല്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആയി ചുമതലയേറ്റെടുത്തിരിക്കുകയാണ് മിഥു. താന്‍ പഠിച്ച സ്ഥാപനത്തില്‍ തന്നെ അധ്യാപികയായി അവള്‍. തന്റെ സമൂഹത്തില്‍ നിന്ന് ഈ പദവിയിലെത്തുന്ന ആദ്യത്തെയാള്‍ എന്ന ഒരു പോരിശയും സ്വന്തമാക്കിയിരിക്കുന്നു ഈ കൊച്ചു മിടുക്കി.
മിഥുവിന്റെ അധ്യാപകനായ മുജീബ് റഹ്മാന്‍ വാഴക്കുന്നനാണ് ഈ സന്തോഷ വര്‍ത്തമാനം ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. നേരത്തെ പിജിക്ക് മൂന്നാം റാങ്കും നേടിയിട്ടുണ്ട് മിഥു.
മിഥുവിന്റെ പ്രിയങ്കരനായ അധ്യാപകന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.
അധ്യാപകൻ എന്ന നിലയിൽ ഒരു സ്വപ്നസാക്ഷത്കാരത്തിന്റെ ദിനമാണ് ഇന്ന്. പ്രിയ വിദ്യാർത്ഥികളിൽ ഒരാളായിരുന്ന മിഥു ഇനി വിദ്യാർത്ഥി മാത്രമല്ല... സഹപ്രവർത്തക കൂടിയായി മാറുന്ന സന്തോഷ ദിവസം. ITSR (Institute of Tribal Studies and Research, Chethalayam Wayanad) ൽ അസിസ്റ്റന്റ് പ്രൊഫസർ ആയി ഇനി മിഥു മോളും ഞങ്ങളുടെ കൂടെയുണ്ടാവും. ITSR ലെ ആദ്യ ഡിഗ്രി-പിജി ബാച്ചിലെ വിദ്യാർത്ഥിയാണ് മിഥു.
ഏകദേശം ആറു വർഷം മുമ്പ്, കൃത്യമായി പറഞ്ഞാൽ 2015 സെപ്റ്റംബർ 7 ന്, ചെതലയത്തേക്ക് വണ്ടി കയറുമ്പോൾ ഇഷ്ടപ്പെട്ട ഒരു ജോലി എന്നതിനപ്പുറം വേറൊരു പ്രത്യേകതയും ITSR ലെ അധ്യാപകജോലിക്കും കണ്ടിരുന്നില്ല. പോരാത്തതിന് നാല് വർഷങ്ങളിലായി വേറെ രണ്ടു കോളേജിൽ അദ്ധ്യാപനം പയറ്റിയതിന്റെ ആത്മവിശ്വാസവും. ജീവിതം അപ്പൂപ്പൻ താടി പോലെ പറന്നു നടക്കാൻ ഉള്ളതാണെന്ന തത്വവുമായി നടന്ന എനിക്ക് ITSR ൽ എത്തുന്നത് വരെയും ഒന്നിനും ഒരു അടുക്കും ചിട്ടയും ഉണ്ടായിരുന്നില്ല. തോന്നുമ്പോ എണീക്കുക.. തോന്നുമ്പോ കിടന്നുറങ്ങുക...നമ്മുടെ സമയത്തിന് കോളേജിൽ പോയി ക്ലാസ്സ് എടുക്കുക... കിട്ടുന്ന ശമ്പളം കൊണ്ടു ആവുന്നയത്രയും യാത്രകൾ.. ഫിലിം ഫെസ്റ്റിവലുകൾ.... കിട്ടാവുന്ന എല്ലാ തരം ഫുഡ്‌കളുടെയും രുചിയറിയാനുള്ള മത്സരയോട്ടം.. പിന്നെ നാട്ടിൽ യുവജന സംഘടന ഭാരവാഹിത്വം...പാർട്ടി ഏല്പിച്ച ഉത്തരവാദിത്തം....സർഗ്ഗ-കലോത്സങ്ങൾ....നിലാവും മഴയും പുഴയും ഗസലും.....എല്ലാത്തിനും കട്ടക്ക് കൂട്ടായി ഒരുകൂട്ടം സുഹൃത്തുക്കളും ...എല്ലാം കൊണ്ടും സംഭവബഹുലവും ഒച്ചകളും ബഹളങ്ങളും ഒക്കയായിരുന്നു അതുവരെയുള്ള ജീവിതം.
മുമ്പ് പഠിപ്പിച്ച കോളേജ് പോലെയല്ല ITSR എന്ന് ഇവിടെ എത്തുന്നതിനു മുമ്പേ യൂണിവേഴ്സിറ്റിയിൽ വെച്ചു നടന്ന ഇന്റർവ്യൂൽ അവിടുത്തെ Board അംഗങ്ങൾ സൂചിപ്പിച്ചിരുന്നു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള ആദിവാസി വിഭാഗത്തിൽ പെട്ട കുട്ടികൾ മാത്രം പഠിക്കാൻ വരുന്ന ഒരു സ്ഥാപനം ആണ് ITSR എന്നൊക്കെ പറഞ്ഞു. കേരളത്തിൽ ആദ്യമായാണ് ഡിഗ്രി തലം മുതൽ ആദിവാസി വിഭാഗത്തിന് വേണ്ടി മാത്രമായി ഇങ്ങനെ താമസിച്ചു പഠിക്കാൻ ഉള്ള ഒരു സ്ഥാപനം തുടങ്ങുന്നത്. അവിടെ appointment എടുക്കുന്ന ആദ്യ അധ്യാപകൻ എന്ന നിലക്ക് എല്ലാ ഉത്തരവാദിത്തങ്ങളും തലയിൽ വെച്ചു തന്നു യൂണിവേഴ്സിറ്റി. ഡിപ്പാർട്മെന്റ് വകുപ്പ് തലവൻ... സ്ഥാപനത്തിന്റെ പ്രിൻസിപ്പാൾ... ബോയ്സ് ഹോസ്‌റ്റലിന്റെയും ഗേൾസ് ഹോസ്റ്റലിന്റെയും വാർഡൻ ചുമതലകൾ... ചീഫ് superintendent... Chief examiner..അങ്ങിനെ എല്ലാം.
സിനിമകളും വായനകളും നിറച്ചുതന്ന ആദിവാസി ജീവിതങ്ങളുടെ വാർപ്പുമാതൃകകളിൽ തണുത്തുറഞ്ഞ മനസ്സും ചിന്തകളുമായി കയറി ചെന്ന എന്നെ ശരിക്കും പിടിച്ചു ഉലയ്ക്കാൻ പോന്നതായിരുന്നു പിന്നീടങ്ങോട്ടുള്ള എന്റെ ITSR ജീവിതാനുഭവങ്ങൾ. ആദ്യമായി ക്ലാസ്സിൽ ഞാനും സഹഅധ്യാപകൻ ഉബൈദ് വാഫിയും കയറി കുട്ടികളെ പരിചയപ്പെടാൻ തുടങ്ങിയപ്പോ തന്നെ തലയിൽ ശരിക്കും കിളി പോയ മട്ടായിരുന്നു. അഡ്മിഷൻ എടുത്ത മക്കളിൽ അധികപേരും പ്ലസ്ടു കഴിഞ്ഞു മറ്റു പല കോളേജിലും പോയി drop-out ആയി വന്നവർ. ചിലരൊക്കെ പ്രായം കൊണ്ടു പിജിയും ബി എഡ് ഒക്കെ എടുത്തു കഴിഞ്ഞു പോവേണ്ടവർ. അവരുടേതല്ലാത്ത പല കാരണം കൊണ്ടും പഠനം പാതിവഴിയിൽ പലപ്പോഴും ഉപേക്ഷിക്കേണ്ടി വന്ന കുറെ കുട്ടികൾ. പക്ഷെ ആരും തോറ്റു കൊടുക്കാൻ തയ്യാറല്ലായിരുന്നു. ഞാനും ഉബൈദ് വാഫിയും ഒരു ഡിമാൻഡും ചില സ്വപ്നങ്ങളും അവരുടെ മുമ്പിൽ വെച്ചു... ആരും ഡിഗ്രി ഫിനിഷ് ചെയ്യാതെ പാതിവഴിയിൽ ഇട്ടു പോവരുത് എന്നതായിരുന്നു നിർബന്ധമായും പാലിക്കേണ്ട ഡിമാൻഡ് . നിങ്ങളിൽ നിന്നുള്ള ഒരാളെങ്കിലും ഭാവിയിൽ ഇവിടെ അധ്യാപകൻ ആയി വരണമെന്ന് ഉള്ളതാണ് ഒരു സ്വപ്നം. ഇവിടുത്തെ പല ഉദ്യോഗങ്ങളിലും നിങ്ങളുടെ മുഖം കാണണം എന്നതും.
പിന്നീട് ഒരു തുടക്കമായിരുന്നു. ഞങ്ങൾ അദ്ധ്യാപകരും കുട്ടികളുമെല്ലാം ഒരുമിച്ചു... എല്ലാ വേർതിരിവുകളും അതിർവരമ്പുകളും മാറ്റിവെച്ചു..ഞാനും ഉബൈദ് വാഫിയും ഊണും ഉറക്കവും താമസവും എല്ലാം കുട്ടികളുടെ കൂടെയാക്കി....ഔദ്യോഗിക സമയക്രമങ്ങൾ ഒന്നും നോക്കാതെയുള്ള രാത്രിയിലും പകലും ഒഴിവുദിവസങ്ങളും തീയതികളും ഒന്നും നോക്കാതെയുള്ള പഠിപ്പിക്കലും പഠിക്കലും...ഓണം, ക്രിസ്മസ്, സമ്മർ വെക്കേഷൻ എല്ലാം കുട്ടികൾക്ക് വേണ്ടി ഒഴിവാക്കി. ശരിക്കും പറഞ്ഞാൽ 24x7 ഗുരുകുല ക്യാമ്പസ് .
പരാധീനതകളുടെ ശൈശവദശ പിന്നിടുമ്പോൾ ITSR ഇന്ന് ഉയർച്ചയുടെ പല കടമ്പകളും കടന്നു. നാല് ബാച്ച് ഡിഗ്രി പുറത്തു വന്നപ്പോൾ ഏകദേശം നൂറു ശതമാനത്തിന് അടുത്തുള്ള വിജയം. രണ്ടു ബാച്ച് പിജി ക്കും 100%. പലരും യൂണിവേഴ്സിറ്റിതല റാങ്കിൽ ഇടം നേടി. കേരളത്തിനകത്തും പുറത്തുമുള്ള പല കോളേജിലും യൂണിവേഴ്സിറ്റികളിലും പലരും ഉപരിപഠനത്തിനായി വണ്ടി കയറി. കേരള ഗവണ്മെന്റ് സർവീസിൽ കുറച്ചു പേർ സ്ഥാനമുറപ്പിച്ചു. കൂട്ടത്തിൽ UNESCO Chair on Indigenous Cultural Heritage and Sustainable Development പദവി.
യൂണിവേഴ്സിറ്റി ഏല്പിച്ച ഔദ്യോഗികചുമതലകൾക്കുപ്പുറം വിദ്യാർത്ഥി-അധ്യാപക ബന്ധം പുനനിർമിക്കേണ്ടതുണ്ട് എന്നതായിരുന്നു ITSR തന്ന പ്രധാനപാഠം. അതിനു സഹായമായി കൂട്ടിനു സഹഅധ്യാപകൻ ഉബൈദ് വാഫിയും ഓഫിസ് അസിസ്റ്റന്റ് തോമസ് സാറും അന്നത്തെ ഡയറക്ടർ പുഷ്പലത ടീച്ചറും. അന്നത്തെ യൂണിവേഴ്സിറ്റി വി സി ബഷീർ സാറും രജിസ്ട്രാർ മജീദ് സാറും പി വി സി മോഹനൻ സാറും എല്ലാ പിന്തുണയും തന്നു. ഇപ്പോഴത്തെ വി സി ജയരാജ് സാറും പി വി സി നാസർ സാറും പുതിയ ഡയറക്ടർ വസുമതി മാഡവും തരുന്ന പിന്തുണയും പരിഗണനയും എടുത്തു പറയേണ്ടതാണ്. പിന്നീട് ITSR കുടുംബത്തിലേക്ക് കടന്നു വന്ന ചിത്ര, സബീഷ്, സിറാജ്, ഷഫീക്, ഷംനാസ്, ജമാൽ, ശിഹാബ് എല്ലാവരും സ്വന്തം കാര്യങ്ങൾ എല്ലാം മാറ്റിവെച്ചു മെയ്യും മേനിയും മറന്നു കുട്ടികൾക്ക് വേണ്ടി മാത്രമായി ജീവിച്ചു.
2015 ൽ ആദിവാസി വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്ക് വേണ്ടി മാത്രമായി കാലിക്കറ്റ് യൂണിവേഴ്സിറ്റി ചെതലയത്തു തുടങ്ങിയ ITSR ന്റെ ലക്ഷ്യവും ദർശനങ്ങളും 2022 ആദ്യം തന്നെ വിജയസൂചിതമാവുന്നതിന്റെ സന്തോഷമാണ് മിഥുവിന്റെ അസിസ്റ്റന്റ് പ്രൊഫസർ ആയിട്ടുള്ള അപ്പോയ്ന്റ്മെന്റ്. മിഥുവിലൂടെ ITSR ന്റെ സ്വപ്നസഫലീകരത്തിന്റെ ആത്മ നിർവിധിയുടെ ദിവസമാണ് ഇന്ന്.
മിഥുവിനു അധ്യാപക ജീവിതത്തിൽ എല്ലാവിധ ഭാവുകങ്ങളും നേരുന്നു. അവഗണന മാത്രം നേരിട്ടു മാറ്റിനിർത്തിപ്പെട്ട ആദിവാസി വിഭാഗത്തിന്റെ ആവേശവും ഊർജ്ജവും ആയി മിഥു മാറട്ടെ എന്നാശംസിക്കുന്നു