ബി.ജെ.പി വിരുദ്ധ ബദലിലെ കോൺഗ്രസ് പങ്ക് സി.പി.എം-സി.പി.ഐ പോര്
തിരുവനന്തപുരം
ദേശീയതലത്തിൽ ബി.ജെ.പിക്കെതിരായ രാഷ്ട്രീയബദലിലെ കോൺഗ്രസിൻ്റെ പങ്കിനെച്ചൊല്ലി സി.പി.എം- സി.പി.ഐ പോര്. കോൺഗ്രസിന്റെ ദേശീയരാഷ്ട്രീയത്തിലെ പ്രസക്തി സംബന്ധിച്ച് മുതിർന്ന സി.പി.ഐ നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വമാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്.
കോൺഗ്രസ് തകർന്നാൽ ആ ശൂന്യത നികത്താൻ ഇടതുപക്ഷത്തിന് കഴിയില്ലെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രസ്താവന. ബിനോയിയെ പിന്തുണച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പാർട്ടി മുഖപത്രമായ ജനയുഗവും കൂടി രംഗത്തുവരികയും അതിന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മറുപടി നൽകുകയും ചെയ്തതോടെയാണ് വിഷയം ചൂടുപിടിച്ചത്. ദേശാഭിമാനിയിലൂടെയായിരുന്നു കോടിയേരിയുടെ വിമർശനം.
കോൺഗ്രസിനെ ബദലായി കാണുന്നത് പ്രായോഗികമല്ല: കോടിയേരി
ദേശീയതലത്തിൽ ബി.ജെ.പിക്ക് ബദലായി കോൺഗ്രസിനെ കാണുന്നത് പ്രായോഗികമല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലൂടെയാണ് കോടിയേരി ഇക്കാര്യം വ്യക്തമാക്കിയത്. 11 സംസ്ഥാനങ്ങളിൽ ബി.ജെ.പിയിതര സർക്കാരുണ്ട്. അതിൽ മൂന്നിടത്തേ കോൺഗ്രസുള്ളൂ. ബാക്കിയെല്ലാം പ്രാദേശിക കക്ഷികളാണ്.
സംഘ്പരിവാറിന്റെ വർഗീയ രാഷ്ട്രീയത്തിനെതിരേ രാഷ്ട്രീയമായോ പ്രത്യയശാസ്ത്രപരമായോ സംഘടനാപരമായോ പ്രതിരോധം തീർക്കാൻ തയാറാകാത്ത പാർട്ടിയാണ് കോൺഗ്രസ്. മറ്റുസംസ്ഥാനങ്ങളിലെ സ്ഥിതിവച്ച് കേരളത്തെ അളക്കരുത്. കേരളത്തിൽ വന്ന് കോൺഗ്രസിന് അനുകൂലമായ നിലപാടുകൾ പ്രസംഗിക്കുന്നത് ഇടതുപക്ഷ മുന്നേറ്റത്തിന് സഹായകരമല്ലെന്നും ലേഖനത്തിലുണ്ട്.
കോൺഗ്രസിനെ
മാറ്റിനിർത്താനാവില്ല: കാനം
ബി.ജെ.പിയെ നേരിടാൻ മതേതര പാർട്ടികളുടെ വിപുലമായ കൂട്ടായ്മ വേണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
അതിൽനിന്ന് കോൺഗ്രസിനെ മാറ്റിനിർത്താനാവില്ല. കോൺഗ്രസ് ദുർബലമാകുമ്പോൾ ആ സ്ഥാനത്തേക്ക് മറ്റ് പാർട്ടികൾ വരും.
ആ സ്ഥാനത്തേക്ക് എല്ലാ സ്ഥലത്തും ഇടതുപക്ഷത്തിന് വരാനാവില്ല. അതാണ് സി.പി.ഐയുടെ നിലപാട്. സി.പി.എമ്മിന് വ്യത്യസ്ത സമീപനം കാണും.
അതുകൊണ്ടാണല്ലോ ഞങ്ങൾ രണ്ടുപാർട്ടിയായി നിൽക്കുന്നത്. രാഹുൽ ഗാന്ധിയല്ലാതെ നയിക്കാൻ മറ്റൊരു നേതാവിനെ ചൂണ്ടിക്കാണിക്കാമോ?
ബിനോയ് വിശ്വം പറഞ്ഞത് ദേശീയ രാഷ്ട്രീയ സാഹചര്യത്തിലാണ്.
എന്നാൽ, ബി.ജെ.പി ദുർബലമായ കേരളത്തിലേത് വ്യത്യസ്ത സാഹചര്യമാണെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."