ഉമ്മന്‍ചാണ്ടി ഏതു സ്ഥാനത്തു വന്നാലും പ്രയോജനം: ചെന്നിത്തല
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പാര്‍ട്ടിയുടെ ഏത് ചുമതലയിലേക്കു വന്നാലും അത് പ്രയോജനം മാത്രമേ ചെയ്യുകയുള്ളൂവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരു വേണമെന്നത് ഹൈക്കമാന്‍ഡിന്റെ തീരുമാനമാണ്. ഇതിനായി ആരെ ഹൈക്കമാന്‍ഡ് തെരഞ്ഞെടുത്താലും അത് താന്‍ അംഗീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്നുണ്ടെങ്കില്‍ അത് ഹരിപ്പാടുനിന്നു തന്നെയായിരിക്കും. മറ്റിടങ്ങളില്‍ നിന്ന് ജനവിധി തേടുമെന്ന പ്രചാരണം സത്യവിരുദ്ധമാണെന്നും ചെന്നിത്തല പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഗ്രാമപഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലുമൊക്കെ ഇടതുമുന്നണിയേക്കാള്‍ കൂടുതല്‍ വോട്ട് യു.ഡി.എഫിന് ലഭിച്ചു എന്നാണ് കെ.പി.സി.സിയുടെ റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്മെന്റ് വിഭാഗം കണ്ടെത്തിയിട്ടുള്ളത്. ഗ്രാമ പഞ്ചായത്ത്, മുനസിപ്പാലിറ്റി, നഗരസഭ എന്നിവിടങ്ങളിലായി 2,12,73,413 പേരാണ് ഇത്തവണ വോട്ട് ചെയ്തത്. അതില്‍ യു.ഡി.എഫിന് 35.06 ശതമാനം വോട്ട് കിട്ടിയപ്പോള്‍ ഇടതു മുന്നണിക്ക് 34.96 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. എന്നാല്‍ കോര്‍പ്പറേഷനുകളിലും ജില്ലാ പഞ്ചായത്തുകളിലും കണക്കുകൂട്ടലുകള്‍ തെറ്റി. ഇതിന്റെ കാരണങ്ങള്‍ പാര്‍ട്ടി പരിശോധിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. കൂടുതല്‍ പ്രാതിനിധ്യം വേണമെന്ന യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം ഗൗരവമായി പരിഗണിക്കും. മുന്നണി മാറ്റം സംബന്ധിച്ച് എന്‍.സി.പിയുമായി ഇതുവരെ ഔദ്യോഗിക ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."