ഇത് ഭീകരമായി പോയി, കൂട്ടു പ്രതിയല്ല, ജയിലില്‍ പോയത് സഹോദരന്: അലന്
കോഴിക്കോട്: ത്വാഹ തന്റെ കൂട്ടുപ്രതിയല്ല, സഹോദരനാണ്. ഈ താല്ക്കാലികമായ വേര്‍പിരിയല്‍ വളരെ വേദനിപ്പിക്കുന്നതാണ്, ഹൈക്കോടതി വിധി ഭീകരമാണ്. പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ ത്വാഹ ഫസലിന്റെ ജാമ്യം റദ്ദാക്കിയ നടപടിയോട് ഇന്‍സ്റ്റഗ്രാമിലൂടെ കേസിലെ മറ്റൊരു പ്രതിയായ അലന് ഷുഹൈബ് പ്രതികരിച്ചു. ജയിലിലെന്നപോലെ ഇവിടെയും തന്നെ ചേര്‍ത്ത് നിര്‍ത്തിയത് ത്വാഹയായിരുന്നുവെന്നും അലന് പറഞ്ഞു. ഇരുവരും ഒന്നിച്ചുനില്‍ക്കുന്ന ചിത്രവും അലന് പങ്കുവെച്ചു. തനിക്കിതില്‍ സന്തോഷിക്കാന്‍ ഒന്നുമില്ല. അക്ഷരാര്‍ഥത്തില്‍ എങ്ങനെ ജീവിതം മുന്നോട്ടു കൊണ്ടുപോവണം എന്നറിയില്ലെന്നും അലന് കുറിച്ചു.
നേരത്തെ ത്വാഹയ്ക്കെതിരേ മൊഴി നല്കിയാല് മാപ്പു സാക്ഷിയാക്കി രക്ഷപ്പെടുത്താം എന്ന് എന്‍.ഐ.എ പറഞ്ഞതായും അതിന് നിര്‍ബന്ധിക്കുന്നതായും അലന് വ്യക്തമാക്കിയിരുന്നു. ത്വാഹയുടെ ജാമ്യം റദ്ദാക്കിയിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം ഹൈക്കോടതി അലന്റെ ജാമ്യം റദ്ദാക്കിയിരുന്നില്ല.
ത്വാഹയാണ് ഈ ദുരന്തം വിളിച്ചറിയിച്ചത്. അവന് പണി സ്ഥലത്തും ഞാന്‍ കോളജിലുമായിരുന്നു. കഴിഞ്ഞദിവസം ത്വാഹയുടെ ഇക്കാക്കയുടെ പിറന്നാളായിരുന്നു. കഴിഞ്ഞയാഴ്ച സ്റ്റേഷനില്‍ ഒപ്പിടാന്‍ വേണ്ടി നാട്ടില്‍ വന്നപ്പോള്‍ ഞങ്ങള്‍ കണ്ടു. കുറേ കാലത്തിന് ശേഷം പുറത്തുപോയി ഒരു മില്‍ക്കവിലും ഉന്നക്കായയും കഴിച്ചു.
പതിവ് പോലെ പൈസ അവന് തന്നെയാണ് കൊടുത്തത്. ജയിലില്‍ നിന്നും ഇറങ്ങിയാലുള്ള ഒരു തരം സാമൂഹിക ഒറ്റപ്പെടുത്തല്‍ ഞങ്ങള്‍ പ്രതീക്ഷിച്ചതാണ്. എന്നാല്‍ പലരും മിണ്ടാതാകുമ്പോള്‍ എനിക്കതു താങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ജയിലിലെന്നപോലെ ഇവിടെയും എന്നെ ചേര്‍ത്ത് നിര്‍ത്തിയത് ത്വാഹയായിരുന്നു. എനിക്ക് എന്തും തുറന്നു പറയാന്‍ കഴിയുന്നത് അവനോട് മാത്രമായിരുന്നുവെന്നും അലന്റെ പോസ്റ്റില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."