കൊച്ചി -മംഗളൂരു പ്രകൃതിവാതക പൈപ്പ് ലൈന്‍ രാഷ്ട്രത്തിനു സമര്‍പ്പിച്ചു
കൊച്ചി : കൊച്ചി-മംഗളൂരു ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിനു സമര്‍പ്പിച്ചു. 450 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പൈപ്പ് ലൈന്‍ അനവധി പ്രതിബന്ധങ്ങളെയും പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ചാണ് സാക്ഷാല്‍കരിക്കുന്നത്. ഇരു സംസ്ഥാനങ്ങളുടെയും സാമ്പത്തിക വളര്‍ച്ചക്ക് ഒരു നാഴികക്കല്ലാണ് പ്രകൃതി വാതക പൈപ്പ് ലൈനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഒന്നിച്ചുനിന്നാല്‍ ഒന്നും അസാധ്യമല്ലെന്നും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ വികസനം വേഗത്തില്‍ യാഥാര്‍ഥ്യമാകും എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. ഒരു രാജ്യം ഒരു ഗ്യാസ് ഗ്രിഡ് സൃഷ്ടിക്കുന്നതിനുള്ള സുപ്രധാന നാഴികക്കല്ലാണിതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഗെയില്‍ പദ്ധതി 12 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. പ്രകൃതി സൗഹൃദപരമായ ഇന്ധനം സാധാരണക്കാരന് കുറഞ്ഞ വിലയ്ക്ക് ലഭ്യമാകും. രണ്ടു സംസ്ഥാനങ്ങളിലെയും ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് വീടുകളില്‍ പൈപ്പ് ചെയ്ത പ്രകൃതിവാതകം വിതരണം ചെയ്യാന്‍ പദ്ധതി സഹായിക്കും. അതേസമയം ഗതാഗത മേഖലയ്ക്ക് കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് ലഭിക്കുന്നതിനും വഴി ഒരുക്കും. മണ്ണെണ്ണയുടെ ഉപയോഗം പൂര്‍ണമായും ഇല്ലാതാക്കും. ടാങ്കര്‍ അപകടങ്ങള്‍ കുറയും. പ്രധാനമന്ത്രി പറഞ്ഞു.
വ്യവസായ ശാലകള്‍ക്ക് ചെലവ് കുറഞ്ഞ ഇന്ധനം ലഭ്യമാക്കുന്നത് വഴി വ്യാവസായിക കുതിപ്പും സാധ്യമാകും. വാതകവുമായി ബന്ധപ്പെട്ടുള്ള വ്യവസായങ്ങള്‍ പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അന്തരീക്ഷ മലിനീകരണം കുറക്കുന്നതിന് സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഗെയില്‍ പൈപ്പ് ലൈന്‍ യാഥാര്‍ഥ്യമാക്കുന്നതിന് കേരള മുഖ്യമന്ത്രി നല്‍കിയ പിന്തുണയ്ക്ക് പെട്രോളിയം പ്രകൃതിവാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ നന്ദി പറഞ്ഞു. സഹകരണാത്മക ഫെഡറലിസത്തിന്റെ ഉത്തമ മാതൃകയാണ് ഗെയില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ യോജിച്ച് നടത്തിയ പ്രവര്‍ത്തനമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഉദ്ഘാടനച്ചടങ്ങില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല, മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ, കേന്ദ്ര മന്ത്രിമാരായ പ്രഹ്ലാദ് ജോഷി, വി. മുരളീധരന്‍, ഹൈബി ഈഡന്‍ എം.പി, ജില്ലാ കലക്ടര്‍ എസ്. സുഹാസ്, കൊച്ചി സിറ്റി പൊലിസ് കമ്മിഷണര്‍ സി. എച്ച് നാഗരാജു തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."