മതവിശ്വാസിക്ക് അംഗത്വം; പ്രത്യയശാസ്ത്ര ചർച്ചയ്ക്ക് തുടക്കമിട്ട് കോടിയേരി
ഇ.പി മുഹമ്മദ്
കോഴിക്കോട്
പാർട്ടി അംഗങ്ങൾക്ക് മതവിശ്വാസമാകാമെന്നും വിശ്വാസികൾക്ക് പാർട്ടി അംഗത്വം നൽകാമെന്നുമുള്ള സി.പി.എം പോളിറ്റ്ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ പരാമർശത്തെ ചൊല്ലി പാർട്ടിക്കുള്ളിലും പുറത്തും പ്രത്യയശാസ്ത്ര ചർച്ച സജീവം.
സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളനോദ്ഘാടന പ്രസംഗത്തിലാണ് ലെനിനെ ഉദ്ധരിച്ച് കോടിയേരി വിശ്വാസം സംബന്ധിച്ച് പാർട്ടി ലൈനിൽ വ്യാഖ്യാനം നടത്തിയത്. കമ്മ്യൂണിസത്തിലേക്ക് പോകുന്നവർ മതനിരാസത്തിലേക്ക് എത്തിപ്പെടുന്നുവെന്ന ചർച്ച സജീവമായ സാഹചര്യത്തിലാണ് കോടിയേരിയുടെ പ്രസംഗം. അതേസമയം, കോടിയേരിയുടെ നിലപാടിനെതിരേ പാർട്ടി സൈദ്ധാന്തികരുൾപ്പെടെ കടുത്ത അതൃപ്തിയിലാണ്.
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന മാർക്‌സിയൻ സിദ്ധാന്തത്തിന് തടയിട്ട് മതവിശ്വാസികളെ ആകർഷിക്കാൻ സംസ്ഥാന സെക്രട്ടറി നടത്തുന്ന ശ്രമം താൽക്കാലിക നേട്ടം ഉണ്ടാക്കുമെങ്കിലും അടിസ്ഥാനപരമായി പാർട്ടി നയത്തെ വെല്ലുവിളിക്കുന്നതാണെന്നതാണ് പ്രധാന വിമർശനം. പാതിരിമാർക്കും പാർട്ടിയിൽ ചേരാമെന്ന ലെനിന്റെ വാചകം ഓർമിപ്പിച്ചായിരുന്നു കോടിയേരിയുടെ പ്രതികരണം. യഥാർഥത്തിൽ ലെനിൻ പറഞ്ഞത് കമ്മ്യൂണിസ്റ്റ് പാർട്ടിയെക്കുറിച്ചാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, മതവിശ്വാസികളെ പാർട്ടിയിലേക്ക് കൂടുതൽ ആകർഷിക്കുന്നതാണ് സംസ്ഥാന സെക്രട്ടറിയുടെ പരാമർശമെന്നും ഇതു പാർട്ടിക്ക് ഗുണം ചെയ്യുമെന്നും ഒരുവിഭാഗം വാദിക്കുന്നു. പുതിയ സാഹചര്യത്തിൽ ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നടക്കം ധാരാളംപേർ പാർട്ടിയിലേക്ക് വരാൻ തയാറായി നിൽക്കുന്നുണ്ട്. എന്നാൽ മതവിശ്വാസം സംബന്ധിച്ച് പാർട്ടി പുലർത്തിപ്പോരുന്ന നയമാണ് പലരെയും അകറ്റുന്നത്. ഈ സാഹചര്യത്തിൽ വിശ്വാസികൾക്ക് പാർട്ടി അംഗത്വം നൽകാമെന്നത് പാർട്ടിയുടെ മാറ്റത്തെ സൂചിപ്പിക്കുന്നതാണെന്നും വാദമുയർന്നിട്ടുണ്ട്.
വർഷങ്ങൾക്ക് മുമ്പ് കാടാമ്പുഴ ക്ഷേത്രത്തിൽ കോടിയേരിക്കു വേണ്ടി പൂമൂടൽ വഴിപാട് നടത്തിയ വാർത്ത ഏറെ വിവാദമായിരുന്നു. ക്ഷേത്രദർശനത്തിന്റെ പേരിൽ സി.പി.എം നേതാക്കൾ കടുത്ത വിമർശനവും താക്കീതും നേരിട്ടിട്ടുമുണ്ട്.
ദൈവനാമത്തിൽ സത്യപ്രതിഞ്ജ ചെയ്ത എം.എൽ.എമാരോട് പാർട്ടി വിശദീകരണം ചോദിച്ചിരുന്നു. ഇ.കെ നായനാർ അന്തരിച്ചപ്പോൾ അദ്ദേഹത്തിന്റെ ചിതാഭസ്മം നിമജ്ജനം ചെയ്തതും പാർട്ടി സൈദ്ധാന്തികരിൽ നിന്നുള്ള വിമർശനത്തിന് ഇടയാക്കിയതാണ്. അതേസമയം, ഇപ്പോഴത്തേത് താൽക്കാലിക നേട്ടത്തിന് വേണ്ടിയുള്ളതാണെന്നും മതനിരാസം സി.പി.എമ്മിന്റെ പ്രഖ്യാപിതരീതി തന്നെയാണെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.
'മതവിശ്വാസികൾക്കും
സി.പി.എമ്മിൽ അംഗങ്ങളാകാം'
കോഴിക്കോട്
മതവിശ്വാസികൾക്കും പാർട്ടിയിൽ അംഗങ്ങളാകാമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാതിരിമാർക്കും പാർട്ടിയിൽ ചേരാമെന്ന് ലെനിൻ പറഞ്ഞിട്ടുണ്ട്. മറിച്ച് പ്രചരിപ്പിക്കുന്നവർ വിശ്വാസികളെ പാർട്ടിയിൽനിന്ന് അകറ്റാനാണ് ശ്രമിക്കുന്നത്. സി.പി.എം ഒരു മതത്തിനും എതിരല്ല. വഖ്ഫ് വിഷയമുയർത്തി രണ്ടാം വിമോചനസമരത്തിനുള്ള മുസ്‌ലിം ലീഗ് ശ്രമം വിജയിക്കില്ല. കെ. റെയിലിനെതിരായ സമരം രാഷ്ട്രീയമാണെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."