കാര്‍ഷിക നിയമങ്ങള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു; പഠിക്കാന്‍ നാലംഗസമിതി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മൂന്നു വിവാദ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് സുപ്രിം കോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തു. വിഷയം പഠിക്കുന്നതിന് കോടതി നാലംഗ സമിതി രൂപീകരിച്ചു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിയമം നടപ്പിലാക്കരുതെന്നും കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ, ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യം എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഇടക്കാല ഉത്തരവിറക്കിയിരിക്കുന്നത്.
സ്വതന്ത്ര കമ്മിറ്റി രൂപവത്കരിക്കുന്നതില്‍നിന്ന് തങ്ങളെ ആര്‍ക്കും കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. കര്‍ഷക സമരങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.
പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ സമിതി മുമ്പാകെ വരാം. ആരെയും ശിക്ഷിക്കാനുള്ളതല്ല സമിതി. സമിതി റിപ്പോര്‍ട്ട് നല്‍കുന്നത് കോടതിക്ക് ആയിരിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
അഗ്രികള്‍ച്ചറല്‍ ഇക്കണോമിസ്റ്റ് അശോക് ഗുലാത്തി, ഭൂപീന്ദര്‍ സിങ് മാന്‍, പ്രമോദ് ജോഷി, അനില്‍ ഖാന്‍വത് തുടങ്ങിയവരടങ്ങിയ സമിതിയാണ് വിഷയം പരിഗണിക്കുക.
കാര്‍ഷിക നിയമങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സുപ്രിം കോടതി നിയമിക്കുന്ന വിദഗ്ധസമിതിയുമായി സഹകരിക്കില്ലെന്ന് കര്‍ഷക സംഘടനകള്‍ അഭിഭാഷകര്‍ മുഖേന വ്യക്തമാക്കി. അനിശ്ചിത കാലത്തേക്ക് സമരം തുടരാനാണ് കര്‍ഷകര്‍ ആഗ്രഹിക്കുന്നതെങ്കില്‍ അത് ചെയ്യാമെന്നും ഇതിനോട് കോടതി പ്രതികരിച്ചു.
നിയമം താല്‍കാലികമായി റദ്ദാക്കാനുള്ള ഭരണഘടനാപരമായ അധികാരം തങ്ങള്‍ക്കുണ്ട്. എന്നാല്‍ അതുകൊണ്ട് പ്രത്യേകിച്ച് കാര്യമില്ല. അതുകൊണ്ടാണ് വിദഗ്ധ സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചത്. വിദഗ്ധ സമിതിയുടെ തീരുമാനം അറിഞ്ഞ ശേഷം മറ്റു കാര്യങ്ങള്‍ തീരുമാനിക്കാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
നിയമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കുന്നതിന് വിരമിച്ച ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയില്‍ വിദഗ്ധസമിതി രൂപികരിക്കുമെന്ന് സുപ്രീം കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചില്ല എങ്കില്‍ സ്റ്റേ ചെയ്യുമെന്നും ഇന്നലെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞിരുന്നു.
നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം ന്യായവും സ്വീകാര്യവുമല്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ് മൂലം ഫയല്‍ ചെയ്തിരുന്നു. കാര്‍ഷിക നിയമങ്ങള്‍ പെട്ടെന്ന് കൊണ്ടുവന്നതല്ല. അതിനാല്‍ കാര്‍ഷിക മേഖലയിലെ പരിഷ്‌കരണങ്ങളില്‍നിന്ന് പിന്മാറാന്‍ കഴിയില്ല. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന കര്‍ഷകര്‍ക്ക് നിയമങ്ങള്‍ സ്വീകാര്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ് മൂലത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."