ലഹരിവലയിൽ ആദിവാസി ഊരുകൾ; ജീവനൊടുക്കി പെൺകുട്ടികൾ
തിരുവനന്തപുരം
ആദിവാസി ഊരുകളിലെ പെൺകുട്ടികൾ ലഹരിസംഘങ്ങളുടെ വലയിൽ കുരുങ്ങി ആത്മഹത്യയിലേക്ക് നീങ്ങുന്നത് തുടർക്കഥയാകുന്നു. ഊരുകളിൽ പിടിമുറുക്കുന്ന കഞ്ചാവ് സംഘങ്ങൾ പെൺകുട്ടികളെ പ്രണയക്കുരുക്കിലാക്കി ആത്മഹത്യയിലേക്ക് തള്ളിവിടുന്നുവെന്നാണ് രക്ഷിതാക്കളുടെ പരാതി.
കഴിഞ്ഞ അഞ്ചു മാസത്തിനിടെ തിരുവനന്തപുരം പെരിങ്ങമല, വിതുര ആദിവാസി ഊരുകളിൽ ആത്മഹത്യ ചെയ്തത് അഞ്ചു പെൺകുട്ടികളാണ്. അതും പഠനത്തിലും കലാപ്രവർത്തനങ്ങളിലും മിടുക്കരായവർ.
അച്ഛൻ ഏറെ കഷ്ടപ്പെട്ട് പഠിപ്പിച്ച വെട്ടിയൂർ ആദിവാസി ഊരിലെ മിടുക്കിയായ പെൺകുട്ടിക്ക് കോളജിൽ ഡിഗ്രിക്ക് പ്രവേശനം കിട്ടി. നവംബർ ഒന്നിന് കോളജിലേക്ക് പോകേണ്ട ദിവസം ചേതനയറ്റ മകളുടെ ശരീരമാണ് അച്ഛൻ കണ്ടത്. പോസ്റ്റ് മോർട്ടത്തിൽ പെൺകുട്ടി ലൈംഗിക ചൂഷണത്തിനും ഇരയായെന്ന് കണ്ടെത്തി. പ്രതികളെ ചൂണ്ടിക്കാട്ടിയിട്ടും അനങ്ങാതിരുന്ന പൊലിസും അധികൃതരും ഏറെ സമ്മർദങ്ങൾക്കൊടുവിലാണ് മരിച്ച പെൺകുട്ടിയുടെ സുഹൃത്തായ അലൻ പീറ്ററെന്നയാളെ അറസ്റ്റ് ചെയ്തത്.നവംബറിൽ തന്നെയാണ് ഒരുപറ ഊരിലെ പെൺകുട്ടി മൊബൈൽ ഫോൺ വഴിയുള്ള സൗഹൃദത്തിനൊടുവിൽ ആത്മഹത്യ ചെയ്തത്. 21ന് പുലർച്ചെ ആത്മഹത്യ ചെയ്ത ഈ പെൺകുട്ടിയുമായി ബന്ധമുള്ള ശ്യാമെന്ന യുവാവിനെ അറസ്റ്റ് ചെയ്തത് ഒരുമാസത്തിനുശേഷം.
ഒരുപറ ഊരിൽ തന്നെയുള്ള 19 കാരി അഞ്ജലിയും കഴിഞ്ഞ നവംബറിൽ ജീവനൊടുക്കിയിരുന്നു. അഗ്രിഫാമിൽനിന്നു കിട്ടുന്ന തുച്ഛമായ വരുമാനം ഉപയോഗിച്ചാണ് മകളെ അമ്മ അംബിക ഡി.എൽ.എഡ് പഠിപ്പിച്ചത്. മകൾക്കൊരു പ്രണയമുണ്ടായിരുന്നുവെന്നുമാത്രം ഈ അമ്മയ്ക്കറിയാം. മകളുടെ മരണത്തിനുപിന്നിലുള്ള ആരെയും പൊലിസ് ഇതുവരെ പിടികൂടിയിട്ടില്ല. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് വിതുര ചെമ്പികുന്ന് ഊരിലെ രണ്ടു പെൺകുട്ടികൾ ആത്മഹത്യ ചെയ്തത്. രേഷ്മയെന്ന പെൺകുട്ടി ശ്രീകാര്യത്തെ ഹോസ്റ്റലിൽ തൂങ്ങിമരിച്ചപ്പോൾ കാമുകന് മറ്റു ബന്ധങ്ങളുണ്ടെന്നറിഞ്ഞാണ് കൃഷേന്ദുവെന്ന പെൺകുട്ടി ആത്മഹത്യ ചെയ്തത്. പഠനത്തിൽ ഏറെ മിടുക്കരായ കുട്ടികളാണ് ചതിയിൽപ്പെട്ട് ജീവനൊടുക്കിയവരെല്ലാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."