ആദിവാസി ഇൻഷുറൻസ് പദ്ധതി ചുവപ്പുനാടയിൽ ; വന്യമൃഗ ആക്രമണങ്ങളിലടക്കം നഷ്ടപരിഹാരം ഉറപ്പാക്കുന്ന പദ്ധതിയുടെ കാലാവധി അവസാനിച്ചിട്ട് മൂന്നു മാസം പുതുക്കാൻ ഉത്തരവിറക്കിയെങ്കിലും ഫയൽ വഴിയിൽ കുടുങ്ങി
സ്വന്തം ലേഖകൻ
കൊച്ചി
സംസ്ഥാനത്തെ ആദിവാസികൾക്കായുള്ള ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി ചുവപ്പു നാടയിൽ. കാലവധി അവസാനിച്ച് മൂന്നു മാസമായിട്ടും ഇതുവരെ പുതുക്കിയിട്ടില്ല. അപകടങ്ങൾ മൂലമോ വന്യമൃഗങ്ങളുടെ ആക്രമണത്താലോ മരണപ്പെടുകയോ സ്ഥിരമായ അംഗവൈകല്യം സംഭവിക്കുകയോ ചെയ്താൽ അംഗങ്ങൾക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ഉറപ്പാക്കുന്നതാണ് പദ്ധതി. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പരുക്കേൽക്കുന്നവരുടെ ആശുപത്രി ചെലവിനായി പ്രതിവർഷം 5,000 രൂപ വരെയും കുടിലുകൾക്ക് നാശനഷ്ടം വരുത്തിയാൽ 5,000 രൂപ വരെയും ലഭിക്കും. മാത്രമല്ല രോഗം ബാധിച്ച വ്യക്തിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് പ്രതിവർഷം 1,000 രൂപയും നൽകിയിരുന്നു. സാമ്പത്തിക പരാധീനതകൾ മൂലം ആശുപത്രികളിൽ പോകാൻ ഭയക്കുന്ന അവശത അനുഭവിക്കുന്ന ആദിവാസികൾക്ക് വലിയ ആശ്വാസമായിരുന്നു പദ്ധതി.
ഇൻഷുറൻസ് പദ്ധതിയുടെ കാലാവധി കഴിഞ്ഞ സെപ്റ്റംബർ 25നാണ് അവസാനിച്ചത്. യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ച് 2020 സെപ്റ്റംബർ 26ന് വനംവകുപ്പാണ് പദ്ധതി നടപ്പിലാക്കിയത്. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആയിരുന്നു ഇൻഷുറർ. 15 ലക്ഷം രൂപയായിരുന്നു പ്രീമിയം. പദ്ധതി പുതുക്കുന്നതിന് കഴിഞ്ഞ സെപ്റ്റംബർ ആറിന് വനം വകുപ്പ് സർക്കാരിന് കത്തെഴുതിയിരുന്നു. സെപ്റ്റംബർ 25ന് കാലവധി അവസാനിക്കുമെന്നും പുതുക്കാൻ വേണ്ട അനുമതി നൽകണമെന്നും ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്. വിളനഷ്ടം കൂടി ഉൾപ്പെടുത്തി പദ്ധതിയുടെ കവറേജ് വിപുലീകരിക്കാൻ നവംബർ രണ്ടിന് സർക്കാർ വനം വകുപ്പിൽ നിന്ന് വ്യക്തതയും തേടിയിരുന്നു. നവംബർ 18ന് വകുപ്പ് വിശദീകരണം സമർപ്പിക്കുകയും പദ്ധതി പുതുക്കാൻ സർക്കാർ ഉത്തരവിടുകയും ചെയ്തു. എന്നാൽ ഫയൽ വഴിയിൽ കുടുങ്ങി. ഉത്തരവിറങ്ങിയെങ്കിലും വനം വകുപ്പിൽ നിന്ന് ധന വകുപ്പിൽ ഫയൽ എത്താത്തതിനാൽ പ്രീമിയം അടയ്ക്കാൻ പണം അനുവദിച്ചില്ല. പദ്ധതി പുതുക്കുന്നതുവരെ വന്യമൃഗ ആക്രമങ്ങളിൽ എന്തെങ്കിലും സംഭവിച്ചാൽ ഇൻഷുറൻസ് കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കില്ല. അടിയന്തിരമായി പ്രീമിയം അടച്ച് ഇൻഷുറൻസ് പുതുക്കാനുള്ള നടപടി സ്വീകരിക്കുമെന്നാണ് വനം വകുപ്പിന്റെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."