എരിയുന്ന വയറിലെ തീയല്ല പ്രശ്‌നം
കലികാലക്കാഴ്ച
വി. അബ്ദുൽ മജീദ്
9846159481
യുദ്ധത്തിൽ വിജയിക്കാൻ എന്തും സാധുവാണെന്നത് നൂറ്റാണ്ടുകൾ പഴക്കമുള്ളൊരു അധികാര രാഷ്ട്രീയ പ്രമാണമാണ്. മഹാഭാരത യുദ്ധത്തിൽ ദ്രോണാചാര്യരെ കൊല്ലാൻ വേണ്ടി അശ്വത്ഥാമാവ് മരിച്ചെന്ന് വ്യാജ പ്രചരണം നടത്താൻ കൃഷ്ണൻ പാണ്ഡവർക്ക് ഉപദേശം നൽകിയത് ആ പ്രമാണമനുസരിച്ചാണ്. അധികാര രാഷ്ട്രീയം തന്നെ ഒരുതരം യുദ്ധമാണല്ലോ. വിജയത്തിൽ കുറഞ്ഞൊരു ലക്ഷ്യം അതിലില്ല. അതുകൊണ്ട് ശത്രുക്കളെ ദുർബലമാക്കാൻ ഏതുതരം തന്ത്രങ്ങളും പ്രയോഗിച്ചേക്കാം.
ശത്രുചേരിയെ ശിഥിലമാക്കാൻ ഏറ്റവും എളുപ്പം എടുത്തു പ്രയോഗിക്കാവുന്ന ആയുധങ്ങളാണ് മതവും വംശവും ജാതിയുമൊക്കെ. ലോകത്തെങ്ങും ഭരണവർഗ രാഷ്ട്രീയക്കാർ അതു നന്നായി പ്രയോഗിച്ചുവരുന്നുമുണ്ട്. പല മതങ്ങളും ആയിരക്കണക്കിന് ജാതികളുമുള്ള ഇന്ത്യയിൽ ആ രാഷ്ട്രീയപ്രയോഗത്തിന് അനന്തസാധ്യതകളുണ്ട്. അതു വിദഗ്ധമായി എടുത്തുപ്രയോഗിച്ചാണ് ബ്രിട്ടീഷുകാർ ഏറെക്കാലം ഇന്ത്യക്കാരെ ഭിന്നിപ്പിച്ചുനിർത്തി അടക്കിഭരിച്ചത്. സ്വാതന്ത്ര്യത്തിനു ശേഷം അധികാരത്തിൽ വന്ന കോൺഗ്രസും ആ തന്ത്രം പലയിടങ്ങളിലും പ്രയോഗിച്ചിട്ടുണ്ട്. ബി.ജെ.പി വളരാനും അധികാരത്തിലെത്താനും പ്രയോഗിച്ച തന്ത്രങ്ങളിൽ ഏറ്റവും പ്രധാനം അതുതന്നെയാണ്.
ഇതൊന്നും ആരുടെയും കുത്തകയല്ലല്ലോ. ആർക്കു വേണമെങ്കിലും പ്രയോഗിക്കാം. ആ തന്ത്രമാണ് ഇപ്പോൾ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എടുത്ത് പ്രയോഗിക്കുന്നത്. തുടർതോൽവിയിൽ തളർന്നുപോയ കോൺഗ്രസ് എഴുന്നേറ്റുനിൽക്കാനുള്ള തീവ്രശ്രമത്തിലാണ്. അതിന് അവർക്കു കിട്ടിയ പിടിവള്ളികളിൽ ഏറെ പ്രധാനമാണ് കെ റെയിൽ. അതിനെക്കുറിച്ചുള്ള ആശങ്ക കേരളത്തിൽ അങ്ങോളമിങ്ങോളം നിലനിൽക്കുന്നതിനാൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് നടത്തുന്ന സമരത്തിന് തരക്കേടില്ലാത്ത ജനപിന്തുണ കിട്ടുന്നുണ്ട്. അതു പൊളിക്കണമെങ്കിൽ കോൺഗ്രസിനെ തളർത്തണം. അതിന് ഏറ്റവും മികച്ച ആയുധങ്ങൾ മതവും ജാതിയുമാണെന്ന് കോടിയേരിക്കു മാത്രമല്ല ഏതു രാഷ്ട്രീയ നേതാവിനും അറിയാം. അധികാരമടക്കം ഏതു കാര്യത്തെയും മത, സാമുദായികാടിസ്ഥാനത്തിൽ കണ്ടു ശീലിച്ച കോൺഗ്രസുകാരിൽ അതു പെട്ടെന്ന് ഏശും. കോൺഗ്രസ് ഒന്നു കലങ്ങിക്കിട്ടാൻ അതു മതിയാകുമെന്ന് കോടിയേരിക്കു തോന്നിപ്പോയത് സ്വാഭാവികം.
കേരളത്തിൽ കോൺഗ്രസിന്റെ നേതൃനിരയിൽ ന്യൂനപക്ഷ മതവിഭാഗക്കാർ ആരുമില്ലെന്ന കോടിയേരിയുടെ ആരോപണം കോൺഗ്രസിലും പുറത്തും വലിയ ചർച്ചയാണിപ്പോൾ. അതിനെ പ്രതിരോധിക്കാൻ കോൺഗ്രസ് നേതാക്കളുടെ കൈയിൽ ഒരുപാട് ന്യായങ്ങളുണ്ടെങ്കിലും കോടിയേരിയുടെ അടുത്ത് അത് വിലപ്പോകില്ല.
ഒരു സംസ്ഥാനത്ത് പ്രധാന രാഷ്ട്രീയ മുന്നണികളെ നയിക്കുന്ന പാർട്ടികൾക്ക് സംസ്ഥാന നേതൃനിരയിൽ പ്രധാനമായി മൂന്ന് നേതാക്കളാണുണ്ടാകുക. പാർട്ടിയെ നയിക്കുന്ന പ്രസിഡന്റ് അല്ലെങ്കിൽ സെക്രട്ടറി അതുമല്ലെങ്കിൽ ചെയർമാൻ, നിയമസഭാകക്ഷി നേതാവ് (ഇതിൽ ഭരണപക്ഷത്തുള്ളയാൾ മുഖ്യമന്ത്രിയും പ്രതിപക്ഷത്തുള്ളയാൾ പ്രതിപക്ഷനേതാവും), മുന്നണി കൺവീനർ എന്നിങ്ങനെ. കോൺഗ്രസിൽ ഇത് യഥാക്രമം കെ. സുധാകരൻ, വി.ഡി സതീശൻ, എം.എം ഹസൻ എന്നിവരാണ്. നാട്ടുകാരുടെ കണ്ണിൽ ഹസൻ ന്യൂനപക്ഷക്കാരനാണെങ്കിലും കോടിയേരിയുടെ പാർട്ടി അതംഗീകരിക്കുന്നുണ്ടാവില്ല. സി.പി.എമ്മിൽ സമാന പദവികൾ വഹിക്കുന്നത് കോടിയേരി ബാലകൃഷ്ണൻ, പിണറായി വിജയൻ, എ. വിജയരാഘവൻ എന്നിവരാണ്. ഇവരെല്ലാം ഭൂരിപക്ഷ സമുദായക്കാരാണെന്ന് നാട്ടുകാർ പറഞ്ഞേക്കും. എന്നാൽ സി.പി.എമ്മിന്റെ കണ്ണിൽ ഇവരിൽ രണ്ടുപേരെങ്കിലും ന്യൂനപക്ഷ വിഭാഗക്കാരായിരിക്കാം. അതുപോലെ ഇതുവരെയുള്ള കെ.പി.സി.സി പ്രസിഡന്റുമാരുടെ ലിസ്റ്റ് പരിശോധിച്ചാൽ മുഹമ്മദ് അബ്ദുറഹ് മാൻ സാഹിബ് മുതൽ എം.എം ഹസൻ വരെ നാലു മുസ്‌ലിംകളെയും കെ.എം ചാണ്ടിയും എ.കെ ആന്റണിയുമടക്കം അഞ്ചു ക്രിസ്ത്യാനികളെയും കാണാം. അതും നാട്ടുകാരുടെ കാഴ്ചയാണ്. മാർക്‌സിയൻ കാഴ്ച അങ്ങനെയാവണമെന്നില്ല. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെയും സി.പി.എമ്മിന്റെയും സംസ്ഥാന സെക്രട്ടറിമാരിൽ എല്ലാവരും ഭൂരിപക്ഷ സമുദായക്കാരാണെന്ന് മറ്റുള്ളവർക്ക് തോന്നിയേക്കാം. എന്നാൽ അവരിൽ ചിലർ ന്യൂനപക്ഷ വിഭാഗക്കാരാണെന്ന് സി.പി.എമ്മിന് തോന്നുന്നുണ്ടാവണം. അതൊരു കുറ്റമല്ല. ബൂർഷ്വാ കാഴ്ചപ്പാടുകളിൽനിന്ന് വ്യത്യസ്തമാണല്ലോ മാർക്‌സിയൻ കാഴ്ചപ്പാടുകൾ.
കോടിയേരിയുടെ പ്രസ്താവന സാമുദായിക ഭിന്നിപ്പുണ്ടാക്കുമെന്നൊക്കെ ചിലർ പറയുന്നുണ്ട്. അതൊന്നും കാര്യമാക്കേണ്ടതില്ല. യുദ്ധത്തിൽ വിജയമാണല്ലോ പ്രധാനം. പിന്നെ പണ്ടെന്നോ മതം മയക്കുമരുന്നാണെന്ന് മാർക്‌സ് പറഞ്ഞതൊന്നും കാര്യമാക്കേണ്ടതില്ല. അങ്ങനെ പലരും പലതും പറയും. അതെല്ലാം കാലാകാലം പേറിക്കൊണ്ടുനടക്കണമെന്ന് മാർക്‌സ് പോലും പറഞ്ഞിട്ടില്ല. അതിന്റെ ആവേശത്തിൽ മതമല്ല, മതമല്ല, മതമല്ല പ്രശ്‌നം, എരിയുന്ന വയറിലെ തീയാണ് പ്രശ്‌നം. എന്നൊക്കെ പഴയകാല സഖാക്കൾ മുദ്രാവാക്യം വിളിച്ചിരുന്നു എന്നത് നേരാണ്. എന്നാൽ കാലം മാറിയില്ലേ. ഇക്കാലത്ത് വയറ്റിൽ തീയെരിയുന്ന ഒരു സഖാവും പാർട്ടിയിലില്ല. അപ്പോൾ മുദ്രാവാക്യവും മാറിവരാമല്ലോ. വേണമെങ്കിൽ അതു മാറ്റി മതമാണ്, മതമാണ്, മതമാണ് പ്രശ്‌നം എന്ന് മുദ്രാവാക്യമുണ്ടാക്കാം. എല്ലാം മാറ്റത്തിന് വിധേയമല്ലേ.
വീണ്ടുമൊരു ഹിമാലയൻ മണ്ടത്തരം
കേരള മുഖ്യമന്ത്രി പിണറായി വിജയൻ അത്ര ചെറിയ ആളൊന്നുമല്ല. ദേശീയ രാഷ്ട്രീയത്തിൽ പ്രതിപക്ഷനിരയിൽ ഏറ്റവും ശ്രദ്ധേയനായ നേതാവാണ് അദ്ദേഹം. പിണറായിയുടെ തിളക്കത്തിന്റെ പ്രഭയിൽ അദ്ദേഹത്തിന്റെ പാർട്ടിയും ദേശീയ രാഷ്ട്രീയത്തിൽ ചന്ദ്രനെപ്പോലെ വിളങ്ങിനിൽക്കുകയാണ്. നരേന്ദ്രമോദിയെ താഴെയിറക്കി പകരം പ്രധാനമന്ത്രിയാക്കാൻ മിക്ക പ്രതിപക്ഷ കക്ഷികളും കണ്ടുവച്ചിരിക്കുന്നത് പിണറായിയെയാണെന്നു പറഞ്ഞാൽ പിന്നെ കൂടുതലൊന്നും പറയേണ്ടതില്ലല്ലോ.
അതിനുള്ള നീക്കം ദേശീയ രാഷ്ട്രീയത്തിൽ തുടങ്ങിക്കഴിഞ്ഞിട്ടുമുണ്ട്. അതിന്റെ ഭാഗമായാണ് ഏതാനും ദിവസങ്ങൾക്കു മുമ്പ് അദ്ദേഹം തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവുമായി കൂടിക്കാഴ്ച നടത്തിയത്. പിണറായി അവിടെയെത്തിയ വിവരമറിഞ്ഞ തേജസ്വി യാദവ് തൊട്ടുപിറകെ റാവുവിനെ കാണാൻ പറന്നെത്തി. മറ്റു പല നേതാക്കളും ഉടൻ തന്നെ ഈ കൂട്ടുകെട്ടിലേക്ക് വരുമെന്നാണ് കേൾക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ പ്രധാനമന്ത്രിയാകാനുള്ള രാഹുൽ ഗാന്ധിയുടെയും മമതാ ബാനർജിയുടെയും മോഹം പൂവണിയാൻപോകുന്നില്ല. ഗത്യന്തരമില്ലാതെ ഒടുവിൽ അവരും പിണറായിക്കു പിന്നിൽ അണിനിരക്കുമെന്നാണ് അദ്ദേഹത്തിന്റെ പാർട്ടിയിലെ പല നേതാക്കളും പറയുന്നത്. പാർട്ടി രഹസ്യങ്ങൾ പുറത്തുവിടാതിരിക്കുകയെന്ന മാർക്‌സിസ്റ്റ് ലെനിനിസ്റ്റ് സംഘടനാ തത്ത്വങ്ങൾ മാനിച്ചാണ് അവരത് പരസ്യമായി പറയാതിരിക്കുന്നത്. മറച്ചുവയ്‌ക്കേണ്ടത് മറച്ചുവയ്ക്കുക തന്നെ വേണമെന്ന് എംഗൽസും പറഞ്ഞിട്ടുണ്ടല്ലോ.
എന്നാൽ ഇപ്പോൾ പാർട്ടിക്കാരനാണെങ്കിലും പാർട്ടി അംഗമല്ലാത്തതുകൊണ്ടായിരിക്കാം മന്ത്രി വി. അബ്ദുറഹ് മാൻ ആ രഹസ്യം തുറന്നുപറഞ്ഞത്. മാർക്‌സിസ്റ്റ് ലെനിനിസ്റ്റ് സംഘടനാ തത്ത്വങ്ങൾ പാർട്ടി അനുഭാവികൾക്ക് ബാധകമല്ല. എന്തായാലും ആ തുറന്നുപറച്ചിൽ ഈ നീക്കത്തിന് പാരയായിരിക്കുകയാണ്. കേന്ദ്ര കമ്മിറ്റി അറിയാതെ സംസ്ഥാന കമ്മിറ്റിയാണ് ഈ നീക്കത്തിനു ചുക്കാൻ പിടിച്ചിരുന്നത്. ആ സീതാറാം യെച്ചൂരിയോ പ്രകാശ് കാരാട്ടോ അറിഞ്ഞാൽ ഉടക്കിടുമെന്ന് കരുതിയായിരുന്നു അത്. പ്രത്യേകിച്ച് എന്തെങ്കിലും പണിയോ അധികാരമോ ഇല്ലാത്ത അവർക്ക് പാർട്ടിയിലെ മറ്റു നേതാക്കൾ നന്നാവരുതെന്ന് തോന്നിപ്പോകുന്നത് സ്വാഭാവികമാണല്ലോ. അബ്ദുറഹ് മാന്റെ വെളിപ്പെടുത്തലോടെ അതുതന്നെ സംഭവിച്ചു. പാർട്ടി അങ്ങനെയൊന്നും ആലോചിച്ചിട്ടില്ലെന്നും അതിനു പറ്റിയ അവസ്ഥയിലല്ലെന്നുമൊക്കെയാണ് യെച്ചൂരി പറയുന്നത്. ഇതു രണ്ടാംതവണയാണിപ്പോൾ പാർട്ടിക്കു കിട്ടേണ്ട പ്രധാനമന്ത്രി പദവി കേന്ദ്ര കമ്മിറ്റി ഉടക്കിട്ടു തടയുന്നത്. പണ്ടൊരിക്കൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കാൻ അന്നത്തെ മൂന്നാം മുന്നണി ആലോചിച്ചപ്പോഴും കേന്ദ്ര കമ്മിറ്റി തന്നെയാണ് ഉടക്കുവച്ചത്. അന്ന് ജ്യോതിബസു അതിനെ വിശേഷിപ്പിച്ചത് ചരിത്രപരമായ മണ്ടത്തരമെന്നാണ്.
എന്നാൽ ജ്യോതിബസുവിനെപ്പോലെ അങ്ങനെ വിട്ടുകൊടുത്ത് ശപിച്ച് ഒതുങ്ങിക്കൂടുന്നയാളൊന്നുമല്ല പിണറായി. അദ്ദേഹം വിചാരിച്ചാൽ പാർട്ടിയെ വരച്ചവരയിൽ നിർത്താൻ സാധിക്കുമെന്നാണ് പാർട്ടിയിലെ ആരാധകവൃന്ദം പറയുന്നത്. അത് ഏറെക്കുറെ ശരിയുമാണ്. പാർട്ടിയിലിപ്പോൾ കേന്ദ്ര കമ്മിറ്റി, പി.ബി എന്നൊക്കെ പറയുന്നത് ഒരു അലങ്കാര സംവിധാനങ്ങൾ മാത്രമാണ്. നേതാക്കളുടെ ജീവിതച്ചെലവടക്കം കേന്ദ്ര കമ്മിറ്റിയുടെ ദൈനംദിന കാര്യങ്ങൾ നടത്തിക്കൊണ്ടുപോകാനുള്ള കാശ് കേരള ഘടകം തന്നെ കൊടുക്കണം. ദേശീയ തലത്തിൽ പോലും പാർട്ടിയെ തീറ്റിപ്പോറ്റുന്ന കേരള ഘടകം പറയുന്നതാണ് കേന്ദ്ര കമ്മിറ്റിയിൽ അവസാന വാക്ക്. കേരള ഘടകത്തിൽ അവസാന വാക്ക് പിണറായിയുമാണ്. അതുകൊണ്ട് കാരാട്ടിനും യെച്ചൂരിക്കുമൊക്കെ എന്നെങ്കിലും ചരിത്രപരമായ മണ്ടത്തരം തിരുത്തി ബുദ്ധിമാൻമാരാകേണ്ടിവരും. അങ്ങനെ സംഭവിച്ചാൽ അടുത്ത പ്രധാനമന്ത്രി കേരളത്തിൽനിന്നായിരിക്കും. പ്രധാനമന്ത്രി സ്ഥാനാർഥി കേരളത്തിൽനിന്നായാൽ ചിലപ്പോൾ സംസ്ഥാനത്തെ 20 ലോക്‌സഭാ സീറ്റുകളിലും ഇടതുമുന്നണി ജയിച്ചേക്കും. അക്കാര്യത്തിൽ ഉറപ്പുള്ളതുകൊണ്ടാണ് 20 സീറ്റുകളും മുന്നണിക്ക് കിട്ടിയാൽ മോദിയെ പുറത്താക്കുമെന്ന് കോടിയേരി ഇത്ര ധൈര്യത്തോടെ പറയുന്നത്. അതു കാണാൻ നമുക്ക് കാത്തിരിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."