HOME
DETAILS
MAL
പുതുയുഗപ്പിറവി; ജോ ബൈഡനും കമല ഹാരിസും സത്യപ്രതിജ്ഞ ചെയ്തു
backup
January 20 2021 | 20:01 PM
വാഷിങ്ടണ്‍: അമേരിക്കയുടെ 46ാം പ്രസിഡന്റായി ജോസഫ് റോബിനറ്റ് ബൈഡന്‍ ജൂനിയര്‍ എന്ന ജോ ബൈഡനും 49ാം വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വംശജയായ കമല ദേവി ഹാരിസ് എന്ന കമല ഹാരിസും അധികാരമേറ്റു. ഇന്നലെ ഉച്ചയ്ക്ക് 12ന് (ഇന്ത്യന്‍ സമയം രാത്രി 10.30ന്) യു.എസ് കാപിറ്റോളിന്റെ കിഴക്കേ മുറ്റത്ത് ഒരുക്കിയ പ്രൗഢമനോഹരമായ വേദിയിലായിരുന്നു സത്യപ്രതിജ്ഞ. ആദ്യം കമല ഹാരിസാണ് സത്യപ്രതിജ്ഞ ചെയ്തത്. സുപ്രിം കോടതി ജഡ്ജി സോണിയ സോട്ടോമെയര്‍ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
ബൈഡന്‍ ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്‌സ് മുമ്പാകെയാണ് നൂറിലേറെ വര്‍ഷം പഴക്കമുള്ള കുടുംബ ബൈബിളില്‍ കൈവച്ച് പ്രതിജ്ഞാവാചകം ചൊല്ലിയത്. പ്രശസ്ത ഗായിക ലേഡി ഗാഗയുടെ ദേശീയ ഗാനാലാപനത്തോടെയാണ് ചടങ്ങ് തുടങ്ങിയത്.
സത്യപ്രതിജ്ഞയ്ക്ക് മൂന്നു മണിക്കൂര്‍ മുമ്പേ ഡൊണാള്‍ഡ് ട്രംപ് പത്‌നി മെലാനിയയുമൊത്ത് വൈറ്റ്ഹൗസ് ഓഫിസ് വിട്ടിരുന്നു. ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് നേരത്തേ വ്യക്തമാക്കിയ ട്രംപ് യു.എസ് പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനമായ മറൈന്‍ വണ്‍ ഹെലികോപ്റ്ററിലാണ് ഫ്‌ളോറിഡയിലെ തന്റെ എസ്‌റ്റേറ്റിലേക്കു പോയത്. ഇനി അദ്ദേഹം അവിടെയാണ് താമസിക്കുക. ഇത് നീണ്ട കാലത്തേക്കുള്ള യാത്രപറച്ചിലല്ലെന്നും നമുക്ക് വീണ്ടും കാണാമെന്നും പറഞ്ഞാണ് ട്രംപ് വൈറ്റ്ഹൗസ് വിട്ടത്. അതേസമയം ട്രംപ് ഓഫിസ് വിട്ടയുടന്‍ ഇത് അമേരിക്കക്ക് ഒരു നല്ല ദിവസമാണെന്ന് ബൈഡന്‍ ട്വീറ്റ് ചെയ്തു. പുതിയ ഒരു അധ്യായം ഇന്ന് ആരംഭിക്കുകയാണെന്ന് കമലയും ട്വീറ്റി.
78കാരനായ ബൈഡന്‍ ഏറ്റവും ഉയര്‍ന്ന പ്രായത്തില്‍ യു.എസ് പ്രസിഡന്റ് പദവിയേല്‍ക്കുന്ന ആദ്യ വ്യക്തിയാണ്. വൈസ് പ്രസിഡന്റ് കമല ഹാരിസ് ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ്. ഇതിനു മുമ്പ് ഒരു കറുത്ത വംശക്കാരി ഈ പദവിയിലെത്തിയിട്ടില്ല. ചെന്നൈ സ്വദേശിനിയായ ശ്യാമള ഗോപാലനാണ് കമലയുടെ അമ്മ. അച്ഛന്‍ ഡൊണാള്‍ഡ് ഹാരിസ് ജമൈക്കക്കാരനാണ്.
രണ്ടു ദിവസം മുമ്പ് കമല കാലിഫോര്‍ണിയ സെനറ്റ് അംഗത്വം രാജിവച്ചിരുന്നു. 2017ല്‍ സെനറ്ററായ അവര്‍ 2011 മുതല്‍ ഏഴുവര്‍ഷം കാലിഫോര്‍ണിയ അറ്റോര്‍ണി ജനറലായിരുന്നു. ബരാക് ഒബാമ ഭരണകാലത്ത് വൈസ് പ്രസിഡന്റായിരുന്ന ജോ ബൈഡന്‍ എട്ടു വര്‍ഷം ആ പദവിയിലും 36 വര്‍ഷം സെനറ്റ് അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കമല ഹാരിസ് യു.എസ് വൈസ് പ്രസിഡന്റായതിനാല്‍ അമ്മയുടെ നാടായ തമിഴ്‌നാട് ആഘോഷത്തിലാണ്. ബന്ധുക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനായി തമിഴ്‌നാട്ടിലെ തിരുവരൂര്‍ ജില്ലയിലെ തുളസേന്ദ്രപുരം ഗ്രാമത്തില്‍ നിന്നും എത്തിയിരുന്നു. നാട്ടിലുള്ളവര്‍ക്ക് സത്യപ്രതിജ്ഞ നേരില്‍ കാണാനായി ഗ്രാമത്തില്‍ കൂറ്റന്‍ സ്‌ക്രീന്‍ ഒരുക്കിയിരുന്നു.
സത്യപ്രതിജ്ഞയ്ക്കു മുന്നോടിയായി ബൈഡനും കമലയും ജീവിതപങ്കാളികളോടൊപ്പം വാഷിങ്ടണിലെ ശ്മശാനത്തിലെത്തി കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്കായി പ്രാര്‍ഥിച്ചു. കൊവിഡ് മൂലം മരിച്ച നാലുലക്ഷം അമേരിക്കക്കാരോടുള്ള ആദരമായി ലിങ്കണ്‍ സ്മാരകത്തില്‍ 400 ചിരാതുകള്‍ കത്തിച്ചുവച്ചു.
ട്രംപ് അനുകൂലികള്‍ കലാപത്തിന് ശ്രമിച്ചേക്കാമെന്ന എഫ്.ബി.ഐ മുന്നറിയിപ്പുണ്ടായിരുന്നതിനാല്‍ കാപിറ്റോളിനു മുന്നില്‍ 25,000 നാഷനല്‍ ഗാര്‍ഡിനെ വിന്യസിച്ച് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. അതിനിടെ ബോംബ് ഭീഷണിയെ തുടര്‍ന്ന് സുപ്രിം കോടതി കെട്ടിടം ഒഴിപ്പിച്ചു. അതേസമയം വൈറ്റ്ഹൗസ് വിടുമ്പോള്‍ ബൈഡനെ ഫോണില്‍ വിളിക്കാതിരുന്ന ട്രംപ് ബൈഡനു വേണ്ടി ഒരു കുറിപ്പ് ഓഫിസില്‍ വച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്. അതിലെ ഉള്ളടക്കം വ്യക്തമല്ല.
കൊവിഡും സുരക്ഷാ ഭീഷണിയും മൂലം ആയിരത്തോളം പേരെ മാത്രമാണ് ചടങ്ങില്‍ പങ്കെടുപ്പിച്ചത്. മുന്‍ പ്രസിഡന്റ് ബരാക് ഒബാമ, പത്‌നി മിഷേല്‍, ജോര്‍ജ് ഡബ്ല്യു ബുഷ്, പത്‌നി ലോറ, ബില്‍ ക്ലിന്റണ്‍, പത്‌നിയും മുന്‍ വിദേശകാര്യ സെക്രട്ടറിയുമായ ഹിലരി ക്ലിന്റണ്‍ എന്നിവര്‍ ബൈഡന്റെയും കമല ഹാരിസിന്റെയും സത്യപ്രതിജ്ഞാ ചടങ്ങിനെത്തി. അതോടൊപ്പം സെനറ്റിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് മിച്ച് മക്കോണിക്കും ഭാര്യയോടൊപ്പം എത്തി. ഇന്ത്യയെ പ്രതിനിധീകരിച്ച് അംബാസഡര്‍ തരന്‍ജിത് സിങ് സന്ധു പങ്കെടുത്തു.ജനാധിപത്യം അതിജീവിച്ചതായി ബൈഡന്‍ പ്രസിഡന്റായ ശേഷമുള്ള കന്നി പ്രസംഗത്തില്‍ പറഞ്ഞു. നാമിവിടെ നില്‍ക്കുന്നത് ഒരു ആള്‍ക്കൂട്ട കലാപത്തിനു ശേഷമാണ്. ജനങ്ങളുടെ ഇച്ഛാശക്തിയെ നിശബ്ദമാക്കാമെന്നാണ് അവര്‍ കരുതിയത്. എന്നാലത് നടക്കില്ല. ഇന്നും നാളെയും ഒരിക്കലും നടക്കില്ല- ബൈഡന്‍ പറഞ്ഞു. അധികാരമേറ്റ ബൈഡനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."