ദേശീയപാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു
പള്ളിക്കല്‍: ദേശീയ പാത 66ല്‍ കാലിക്കറ്റ് സര്‍വകലാശാലക്കടുത്തെ സ്ഥിരം അപകടമേഖലയായ തേഞ്ഞിപ്പലം പൊലിസ് സ്റ്റേഷന്‍ വളവില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് കാര്‍ യാത്രക്കാരായ നാലു പേര്‍ക്ക് പരുക്കേറ്റു.
ദേശീയപാത കാക്കഞ്ചേരി ഭാഗത്ത് നിന്നു ചേളാരി ഭാഗത്തേക്ക് ഒരേ ദിശയില്‍ പോകുന്ന കാറുകളാണ് കൂട്ടിയിടിച്ചത്. മുന്നില്‍ പോകുന്ന കാര്‍ വളവില്‍ വച്ച് പെട്ടൊന്ന് തിരിക്കാന്‍ ശ്രമിച്ചപ്പോള്‍ പിന്നില്‍ വേഗതയില്‍ വന്ന കാര്‍ മുന്നിലെ കാറിലിടിച്ചു റോഡരികിലെ പത്തടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു.
ഇന്നലെ ഉച്ചക്ക് രണ്ടോടെയാണ് സംഭവം. തൊട്ടടുത്ത പൊലിസ് സ്റ്റേഷനില്‍ നിന്നു സംഭവം നടന്നയുടനെയെത്തിയ എ.എസ്.ഐ വത്സന്‍, സി.പി.ഒമാരായ അനില്‍ കുമാര്‍, പ്രതാപന്‍ എന്നിവരും നാട്ടുകാരും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം നടത്തി. പരുക്കേറ്റ കാര്‍ ഡ്രൈവര്‍ കുറ്റ്യാടി സ്വദേശി ഹമീദ് (46)നെ പൊലിസ് വാഹനത്തില്‍ ചുങ്കത്തെ സ്വകാര്യ ആശുപത്രിയിലും യാത്രക്കാരായ പേരാമ്പ്ര സ്വദേശി കുഞ്ഞബ്ദുള്ള (56), കുഞ്ഞഹമ്മദ് (56), റാബിയ കുഞ്ഞഹമ്മദ് (47) എന്നിവരെ കോഴിക്കോട്ടെ സ്വകാര്യആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്ഥിരം അപകടങ്ങള്‍ സംഭവിക്കുന്ന ഇവിടെ വിവിധ അപകടങ്ങളിലായി നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ഒരു വര്‍ഷത്തിനുള്ളില്‍ പൊലിസുകാരനുള്‍പ്പെടെ നാലു പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.
അപകടങ്ങള്‍ ഇല്ലാതാക്കുന്നതിനായി പ്രദേശത്തെ നിരവധി സംഘടനകള്‍ ഈ ഭാഗത്ത് നേര്‍പാത നിര്‍മിക്കണമെന്നാവശ്യമുന്നയിക്കുന്നു. ഇരു സൈഡിലും സര്‍വകലാശാലയുടെ സ്ഥലമായിരുന്നിട്ട് പോലും അധികാരികള്‍ ഇക്കാര്യം മുഖവിലക്കെടുത്തിട്ടില്ല. വളവില്‍ റോഡ് വീതി കൂട്ടിയതോടെ ദിവസവും അപകടങ്ങള്‍ പതിവായിരിക്കുന്നു. വളവില്‍ നേര്‍ക്കു നേരെയുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി വീതി കൂട്ടിയ ഭാഗങ്ങളില്‍ ഡിവൈഡര്‍ സ്ഥാപിക്കണമെന്ന ജനങ്ങളുടെ ആവശ്യവും അധികൃതര്‍ അവഗണിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."