യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരായ അക്രമം ; വധശ്രമക്കേസ് ഒഴിവാക്കി പൊലിസ് റിപ്പോർട്ട്
കണ്ണൂർ
സർക്കാർ സംഘടിപ്പിച്ച കെ റെയിൽ വിശദീകരണ യോഗത്തിൽ പ്രതിഷേധവുമായെത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി അടക്കമുള്ളവരെ ആക്രമിച്ച സംഭവത്തിൽ വധശ്രമക്കേസ് ഒഴിവാക്കി പൊലിസ്. മന്ത്രി എം.വി ഗോവിന്ദന്റെ പേഴ്‌സണൽ സ്റ്റാഫ് പ്രശോഭ് മൊറാഴ അടക്കം ആറ് സി.പി.എം പ്രവർത്തകർക്കെതിരേയാണ് കേസെടുത്തിരുന്നത്. വധശ്രമക്കേസ് ഒഴിവാക്കി കൂട്ടംചേർന്ന് കൈകൊണ്ട് മർദിച്ചതിനുള്ള വകുപ്പുകളാണ് പൊലിസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുള്ളത്.
കഴിഞ്ഞ 20ന് കണ്ണൂരിൽ നടന്ന കെ റെയിൽ വിശദീകരണ യോഗത്തിലേക്കാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്. യോഗസ്ഥലത്തെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സി.പി.എമ്മുകാർ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. സംഘർഷത്തിനു പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലിസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. യൂത്ത് കോൺഗ്രസ് നേതാക്കളെ അക്രമിച്ച സി.പി.എമ്മുകാരെ അറസ്റ്റ് ചെയ്യാത്ത പൊലിസ് നടപടിയിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പിന്നീട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോടതിയെ സമീപിച്ചതോടെയാണ് പൊലിസ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."