സമ്പൂര്‍ണ വൈദ്യുതീകരണം: നിലമ്പൂരില്‍ യോഗം ചേര്‍ന്നു
നിലമ്പൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ വൈദ്യുതീകരണം പദ്ധതി മൂന്നാംഘട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി മോണിറ്ററിംഗ് കമ്മിറ്റി യോഗം നിലമ്പൂരില്‍ ചേര്‍ന്നു. പി.വി.അന്‍വര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ മണ്ഡലത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും ആണു യോഗത്തില്‍ പങ്കെടുത്തത്. വൈദ്യുതി ലഭിക്കാത്തവര്‍ക്ക് അതാത് വാര്‍ഡംഗം മുഖേനയോ നേരിട്ടോ നിശ്ചിത അപേക്ഷ ഇതിനായി നല്‍കാവുന്നതാണ്.
അടുത്തമാസം എട്ടുവരെ അപേക്ഷ സ്വീകരിക്കും. ഒന്‍പതിനു കരടു പട്ടികയും 20 ന് അന്തിമ പട്ടികയും തയ്യാറാക്കി അടുത്ത മാര്‍ച്ചോടെ പദ്ധതി പൂര്‍ത്തീകരിക്കുന്നതിനാണു ശ്രമം. പഞ്ചായത്തുകളും നഗരസഭയും ഇതു സംബന്ധിച്ചു യോഗം ചേര്‍ന്നു പട്ടിക തയ്യാറാക്കി ബോര്‍ഡിനു നല്‍കാന്‍ യോഗത്തില്‍ തീരുമാനമായി. ഇതുമായി ബന്ധപ്പെട്ടു വരുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ഇടപെടലിലൂടെ തീര്‍ക്കാനാവുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദാരിദ്ര്യ രേഖക്കു താഴെയുള്ളവര്‍ക്കു മുഴുവന്‍ ചെലവും സൗജന്യമായിരിക്കും. വീടു വയറിംഗ് ചെയ്യാത്തവര്‍ക്കായി മറ്റു സ്വകാര്യ പങ്കാളിത്തമടക്കമുള്ള രീതികള്‍ കണ്ടെത്തണം. ജില്ലാതല മോണിറ്ററിംഗ് സമിതി കൂടി നടപടികള്‍ വേഗത്തിലാക്കാനാണ് ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്.
യോഗത്തില്‍ എംഎല്‍എക്കു പുറമേ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. സുഗതന്‍, നിലമ്പൂര്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ പത്മിനി ഗോപിനാഥ് വിവിധ പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവരും കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ശോശാമ്മ കുരുവിള, പ്രസരണ വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മധു, അജിത് കുമാര്‍ മറ്റു ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."