സുലൈമാന്‍ ഖാലിദ് സേട്ട് അന്തരിച്ചു
കൊച്ചി: മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുസ്‌ലിം ലീഗ് മുന്‍ ദേശീയ പ്രസിഡന്റും പാര്‍ലമെന്റ് അംഗവുമായിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ മകനുമായ സുലൈമാന്‍ ഖാലിദ് സേട്ട് (71) അന്തരിച്ചു. ശ്വാസതടസത്തെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലായിരുന്നു.
ബുധനാഴ്ച വീട്ടിലേക്ക് തിരിച്ചുപോകണമെന്ന അദ്ദേഹത്തിന്റെ ആവശ്യത്തെ തുടര്‍ന്ന് കടവന്ത്രയിലെ മകളുടെ വസതിയായ ടോപാസിലേക്ക് കൊണ്ടുപോയിരുന്നു. ഇവിടെ വിശ്രമത്തിലിരിക്കെ ഇന്നലെ രാത്രി എട്ടോടെയായിരുന്നു അന്ത്യം. മൃതദേഹം രാത്രി ഒമ്പതിന് കൊച്ചി പനയപ്പിള്ളിയിലെ മറിയം മസ്ജിദിന് സമീപമുള്ള ലത്തീഫ് സേട്ടിന്റെ വസതിയിലെത്തിച്ചു. ഖബറടക്കം ഇന്ന് ഉച്ചക്ക് 3.30ന് കൊച്ചി കപ്പലണ്ടി മുക്കിലെ പടിഞ്ഞാറേ പള്ളി ഖബര്‍സ്ഥാനില്‍.
മാതാവ്: പരേതയായ മറിയം ബാനു. ഭാര്യ: ഷബ്‌നം ഖാലിദ്. ഏകമകള്‍: ഫാത്തിമ നൂറൈന്‍. മരുമകന്‍: ഹിഷാം ലത്തീഫ് സേട്ട്. ലീഗ് ദേശീയ സെക്രട്ടറി സിറാജ് ഇബ്രാഹിം സേട്ട്, ഉഫ്‌റ, റഫിയ, ദസ്‌ലീന്‍ എന്നിവര്‍ സഹോദരങ്ങളാണ്.
ഒരുവേള പാര്‍ട്ടി വിട്ട് ഐ.എന്‍.എല്ലില്‍ പോയെങ്കിലും പിന്നീട് തിരിച്ചെത്തി മുസ്‌ലിം ലീഗില്‍ സജീവമായി.
മുസ്‌ലിം ലീഗ് എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ്, എം.എസ്.എഫ് ജില്ലാ പ്രസിഡന്റ്, കൊച്ചിന്‍ യൂനിവേഴ്‌സിറ്റി സെനറ്റ് അംഗം, പൊതുമേഖലാ സ്ഥാപനമായ ആഗ്രോ ഇന്‍ഡസ്ട്രീസ് മുന്‍ ഡയരക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇംഗ്ലീഷ് മാസിക ക്രസന്റിന്റെ പത്രാധിപരായിരുന്നു. കെ.എം.ഇ.എ മുന്‍ സംസ്ഥാന സെക്രട്ടറിയും എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗവുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."