അനധികൃത ഇടപാടുകൾ ശിവശങ്കർ അറിഞ്ഞ്: സ്വപ്ന സുരേഷ് തന്റെ പഴ്‌സണൽ കംപാനിയൻ, സമ്മാനങ്ങൾ ഒരുപാട് നൽകി
തിരുവനന്തപുരം
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരേ സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ്. തന്റെ വ്യക്തിത്വം ചോദ്യം ചെയ്യുന്ന തരത്തിൽ ആത്മകഥയിൽ എഴുതിയെങ്കിൽ മോശമാണെന്ന് സ്വപ്‌ന പറഞ്ഞു. ശിവശങ്കർ തന്റെ ജീവിതത്തിന്റെ സുപ്രധാന ഭാഗമായ ആളാണ്. സുപ്രധാന തീരുമാനമെടുത്തത് ശിവശങ്കറിന്റെ നിർദേശ പ്രകാരമാണ്. അനധികൃത ഇടപാടുകൾ ശിവശങ്കർ അറിഞ്ഞുകൊണ്ടായിരുന്നു.
യു.എ.ഇ കോൺസുലേറ്റിലെ അനധികൃത ഇടപാടുകൾ ശിവശങ്കറിന് അറിയാം. അതിനാൽ ജോലി മാറാൻ അദ്ദേഹം നിർദേശിച്ചിരുന്നു. സ്‌പെയ്‌സ് പാർക്കിൽ ജോലി നേടിയതും ശിവശങ്കറിന്റെ നിർദേശ പ്രകാരമാണ്. ഐ ഫോൺ കൊടുത്ത് ശിവശങ്കറിനെ ചതിച്ചെന്ന വാദം തെറ്റാണ്.
അദ്ദേഹത്തെ പോലെ മുതിർന്നൊരു ഐ.എ.എസ് ഉദ്യോഗസ്ഥന് ഐഫോൺ കൊടുത്ത് ചതിക്കാൻ മാത്രം താൻ വളർന്നിട്ടില്ല. ഐ ഫോൺ മാത്രമല്ല, ശിവശങ്കറിന് ഒരുപാട് സമ്മാനം താൻ നൽകിയിട്ടുണ്ട്. പഴ്‌സണൽ കംപാനിയൻ എന്ന നിലയിലായിരുന്നു അദ്ദേഹം തന്റെ ജീവിതത്തിൽ.
കിട്ടിയ സമ്മാനങ്ങളിൽ ഐ ഫോണിന്റെ കാര്യം മാത്രം പറഞ്ഞത് ശരിയായില്ല. താൻ ചതിച്ചെന്ന് ശിവശങ്കർ പറയുമെന്നു കരുതിയില്ലെന്നും തന്റെ വ്യക്തിത്വം ചോദ്യം ചെയ്ത് ആരും ക്ലീൻ ചീറ്റ് നേടേണ്ടെന്നും സ്വപ്ന പറഞ്ഞു. തന്നെ ചൂഷണം ചെയ്തു. താൻ ഇരയാണ്.
ശിവശങ്കർ തന്റെ കുടുബത്തിന്റെ എല്ലാ കാര്യങ്ങളിലും ഭാഗമായിരുന്നു. ശിവശങ്കർ പറഞ്ഞതിനപ്പുറം താനൊന്നും ചെയ്തിട്ടില്ല. അദ്ദേഹം പറയുന്നത് കണ്ണടച്ച് അതേപോലെ ചെയ്യുമായിരുന്നു. ആ കാലത്ത് തന്റെ ജീവിതത്തിൽ നടന്നിട്ടുള്ള കാര്യങ്ങളെല്ലാം അദ്ദേഹത്തിനറിയാം. പൊതുജനത്തെ വിശ്വസിപ്പിക്കാൻ എന്തെങ്കിലും പറയാനാണെങ്കിൽ താനും പുസ്തകം എഴുതുമെന്നും സ്വപ്ന പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."