നിയമക്കുരുക്കുകൾ അഴിച്ചു ഒരു മാസത്തിന് ശേഷം സന്തോഷ് കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ചു
ദമാം: അൽഹസ്സയിൽ വെച്ച് രോഗബാധിതനായി മരണമടഞ്ഞ സന്തോഷ് കുമാറിന്റെ മൃതദേഹം, നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് അയച്ചു. നവയുഗം സാംസ്ക്കാരികവേദി അൽഹസ്സ കൊളാബിയ യൂണീറ്റ് പ്രസിഡന്റായിരുന്ന സന്തോഷ് കുമാർ (46), ജനുവരി ആറിനാണ് കരൾരോഗം മൂർച്ഛിച്ചു മുബാറസ് ബഞ്ചലവി ആശുപ്രത്രിയിൽ വെച്ച് മരണമടഞ്ഞത്. സന്തോഷിന്റെ വീട്ടുകാർ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമനടപടികൾ നടത്താനുള്ള അനുമതിപത്രം നവയുഗം അൽഹസ്സ മേഖല പ്രസിഡന്റ് ഉണ്ണി മാധവത്തിന്റെ പേരിൽ അയച്ചിരുന്നു. എന്നാൽ സന്തോഷിന്റെ പേരിൽ ചില പോലീസ് കേസുകൾ ഉണ്ടായിരുന്നതിനാൽ മൃതദേഹം നാട്ടിലേയ്ക്ക് അയക്കുന്നതിനു തടസ്സമാകുകയായിരുന്നു.
തുടർന്ന് നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം, ഉണ്ണി മാധവം, അൽഹസ്സ ജീവകാരുണ്യവിഭാഗം കൺവീനർ ലത്തീഫ് മൈനാഗപ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ ജീവകാരുണ്യവിഭാഗം നടത്തിയ നിരന്തര പരിശ്രമങ്ങൾക്ക് ഒടുവിലാണ് നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേയ്ക്ക് അയക്കാൻ കഴിഞ്ഞത്. നവയുഗം നേതാക്കളായ സുശീൽ കുമാർ, സിയാദ് പള്ളിമുക്ക്, അൻസാരി, ഷാജി, നൗഷാദ്, സന്തോഷിന്റെ നാട്ടുകാരൻ ഉദയൻ, രമണൻ നെല്ലിക്കോട് എന്നിവർ സഹായിച്ചു. അൽഹസ്സ ജാഫർ പോലീസ്റ്റേഷനിലെ ഓഫീസർ അബ്ദുൾ റഹ്മാൻ നൽകിയ നിയമസഹായങ്ങളും ഏറെ വിലമതിക്കാനാകാത്തതാണ്.
18 വർഷമായി സഊദിയിൽ ജോലി ചെയ്തു വന്നിരുന്ന തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ സന്തോഷ് കുമാർ, അൽഹസ്സയിലെ നവയുഗം പ്രവർത്തങ്ങളിലൂടെ സാമൂഹ്യപ്രവർത്തനരംഗങ്ങളിൽ സജീവമായി ഇടപെട്ടിരുന്നു. കവിതയാണ് ഭാര്യ. സ്ക്കൂൾ വിദ്യാർത്ഥികളായ ഒരു മകനും, മകളും ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."