അഞ്ചു വർഷങ്ങൾക്കു ശേഷം ജാർഖണ്ഡ് സ്വദേശി നാടണഞ്ഞു, മലയാളി സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെ
യാമ്പു: അഞ്ചു വർഷങ്ങൾക്കു ശേഷം ജാർഖണ്ഡ് സ്വദേശി മലയാളി സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെ ഒടുവിൽ ദുരിതക്കയത്തിൽ നിന്നും രക്ഷപ്പെട്ട് നാട്ടിലെത്തി. ജാർഖണ്ഡ് പലാമു സ്വദേശി ബാജുദ്ധീൻ മിയയാണ് ഒടുവിൽ വർഷങ്ങൾ നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിൽ നാടണഞ്ഞത്. ഹൗസ് ഡ്രൈവർ വിസയിൽ വന്ന് കഫീലിൻ്റെ കീഴിൽ ജോലി ചെയ്യുകയും ധാരണാ പ്രകാരമുള്ള രണ്ടു വർഷത്തിന്നു ശേഷമുള്ള ലീവിന് നാട്ടിൽ പോവാനനുവദിക്കാതെ അടുത്ത വർഷം പോവാമെന്ന കഫീലിൻ്റെ വാക്കിൽ വീണ്ടും ഒരുവർഷം കൂടി ജോലി തുടരുകയും ചെയ്‌തുവെങ്കിലും പല വിധ വിലക്കുകൾ പറഞ്ഞ് നാട്ടിലേക്കുള്ള യാത്രാ വിലക്കുകൾ നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ലീവ് നൽകാതെയും എക്സിറ്റ് അടിക്കാതെയും മാസങ്ങൾ വീണ്ടും പിന്നിട്ടപ്പോൾ സാമൂഹിക പ്രവർത്തകരുമായി ബന്ധപ്പെട്ടതോടെയാണ് ഒടുവിൽ പ്രശ്‌ന പരിഹാരം കാണാനായത്.
സാമൂഹ്യ പ്രവർത്തകരുടെ അഭ്യർത്ഥന മാനിച്ച് യാമ്പു ലേബർ കോർട്ടിൽ പരാതി നൽകി. ഇത് തുടർന്ന് ആറു മാസക്കാലത്തെ ലേബർ കോടതി നിയമ നടപടിക്രമങ്ങൾക്കു ശേഷം കൊടുക്കാനുള്ള ശമ്പളവും ടിക്കറ്റും എക്സിറ്റ് അടിച്ച പാസ്‌പോർട്ടും സ്‌പോൺസർ നൽകണമെന്ന വിധിയും വന്നു. ഇതേ തുടർന്ന് വീണ്ടും മാസങ്ങൾ പിന്നിട്ട ശേഷം സ്‌പോൺസർ ലേബർ കോർട്ടിൽ ഹാജരായി പണവും ടിക്കറ്റും നൽകുകയും പാസ്പോർട്ട് രണ്ടു ദിവസത്തിനുള്ളിൽ എത്തിക്കാമെന്ന് പറഞ്ഞ് പോവുകയും ചെയ്തു. എന്നാൽ, പിന്നീട് മാസങ്ങൾ പലതും കഴിഞ്ഞിട്ടും കഫീലിൻ്റെ മൊബൈൽ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ല.
ഇതേ തുടർന്ന് വീണ്ടും പൊലീസ് സ്റ്റേഷനിലും ലേബർ കോർട്ടിലും ഗവർണറേറ്റിലും ജവാസാത്തിലും വീണ്ടും ഒന്നര വർഷത്തിലധികം ബാജുദ്ധീന് നിയമ പോരാട്ടം നടത്താൻ കേറിയിറങ്ങേണ്ടി വന്നു. നഷ്ടപ്പെട്ട പാസ്‌പോർട്ടിന് പകരം ഇന്ത്യൻ കോൺസുലേറ്റ് വെൽഫെയർ അംഗങ്ങളായ മുസ്തഫ മൊറയൂരും കെപിഎ കരീം താമരശ്ശേരിയും കോൺസുലേറ്റ് മുഖേന ബന്ധപ്പെട്ട് ഇസി പാസ്‌പോർട്ട് എടുത്ത് നൽകുകയും ചെയ്‌തു. ഗവർണറേറ്റിൽനിന്നും പോലീസ് വിഭാഗത്തിൽ നിന്നും നിരന്തരമുണ്ടായ ശക്തമായ ഇടപെടലുകളിൽ സ്‌പോൺസർക്ക് ഒടുവിൽ ജവാസാത്തിൽ ഹാജറാവേണ്ടി വന്നു. അവസാനം നാലുവർഷം പുതുക്കാതെ കിടന്നിരുന്ന ഇഖാമ പുതുക്കുകയും ഡ്രൈവിംഗ് ലൈസൻസോ ഇഖാമയോ കൈവശം ലഭിച്ചിട്ടില്ലാത്തതിനാൽ അദ്ദേഹത്തിന്നു വന്ന പിഴ സംഖ്യ അടക്കാനും കഫീൽ നിർബന്ധിതനായി .
സംഗതിയുടെ ഗൗരവം മനസിലായതോടെ കഫീൽ എക്സിറ്റടിക്കാനുള്ള പ്രതിബന്ധങ്ങളെ ഒഴിവാക്കി നൽകുകയായിരുന്നു. ഇതിനിടെ മുമ്പ് കഫീൽ നൽകിയിരുന്ന യാത്രാ ടിക്കറ്റ് കാലാവധി കഴിഞ്ഞു അസാധുവായിരുന്നു. ടിക്കറ്റിൻ്റെ കാര്യം ജിദ്ദ കോൺസുലേറ്റ് വെൽഫെയർ വിഭാഗത്തെ ബോധ്യപ്പെടുത്തിയതിൻ്റെ അടിസ്ഥാനത്തിൻ പെട്ടെന്നു തന്നെ ടിക്കറ്റ് ശരിപ്പെടുത്തി യാത്രാ സൗകര്യമൊരുക്കുകയും ചെയ്തു. നിയമയുദ്ധങ്ങളുടെ നീണ്ട രണ്ടര വർഷക്കാലം മനസ്സും ശരീരവും മരവിച്ചു പോയ ബാജുദ്ധീന് നിയമങ്ങളും ചെക്കിംഗുകളും കർശനമുള്ള യാമ്പുയിൽ ജോലിയെടുക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. അതിന്നിടയിയിൽ വന്നു പെട്ട കൊവിഡ് മഹാമാരിയുടെ ലോക് ഡൗൺ സന്ദർഭങ്ങളിൽ ഭക്ഷണത്തിന്നു പോലും വകയില്ലാത്ത അവസ്ഥയിൽ കെഎംസിസി യുടെ ഭക്ഷണ കിറ്റുകളും സഹായകരമായി. നാസർ നടുവിലിൻ്റെയും,നിയാസ് പുത്തൂരിൻ്റെയും ,
റിൻഷാദ് കൂട്ടിലങ്ങാടി യുടെയും നേതൃത്വത്തിലായിരുന്നു ഇത് എത്തിച്ച് നൽകിയിരുന്നത്.
വിവിധ സന്ദർഭങ്ങളിലായി കെഎംസിസി നേതാക്കളായ അയ്യൂബ് തൂമ്പത്ത് എടരിക്കോട്, ബഷീർ അൽഅസ്ക്കർ താമരശ്ശേരി, റഫീഖ് വള്ളിയത്ത് തുടങ്ങിയവർ സഹായത്തിനായുണ്ടായിരുന്നു. ഒടുവിൽ വർഷങ്ങളോളം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന
ജാർഖണ്ഡ് പലാമു സ്വദേശി ബാജുദ്ധീൻ മിയ ബന്ധപ്പെട്ട എല്ലാവരോടും ഒരിക്കലും മറക്കാത്ത നന്ദിയും കടപ്പാടും രേഖപ്പെടുത്തി നാട്ടിലേക്ക് പറന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."