സുഷുമ്‌ന നാഡി തകർന്നയാൾ നടന്നു ലോകത്തെ ആദ്യത്തെ പരീക്ഷണ വിജയം സ്വിറ്റ്‌സർലൻഡിൽ
ബേൺ
ലോകത്ത് ആദ്യമായി സുഷുമ്ന നാഡി പൂർണമായി മുറിഞ്ഞയാൾ ഉപകരണങ്ങളുടെ സഹായത്തോടെ വീണ്ടും എഴുന്നേറ്റു നടന്നു. സ്വിസ് ഗവേഷകർ വികസിപ്പിച്ച സ്പൈനൽ ഇംപ്ലാൻ്റിൻ്റെ സഹായത്തോടെയാണ് മൈക്കൽ റൊക്കാറ്റി എന്ന യുവാവ് സ്വതന്ത്രമായി നടന്നത്.
ഇതേ സാങ്കേതികവിദ്യ ശരീരം തളർന്ന മറ്റൊരാളിൽ പരീക്ഷിച്ചപ്പോഴും പുരോഗതി കണ്ടെന്നും അയാൾക്ക് ഒരു പിതാവാകാൻ സാധിച്ചെന്നും നാച്വർ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
അഞ്ചുവർഷം മുമ്പ് ബൈക്കപകടത്തിലാണ് ഇറ്റലിക്കാരനായ മൈക്കൽ റൊക്കാറ്റിക്ക് പരുക്കേറ്റത്. തുടർന്ന് ഒരിക്കലും നടക്കാനാകില്ലെന്നു കരുതിയ യുവാവിന് ശസ്ത്രക്രിയയിലൂടെ ഒരു വൈദ്യുത ഉപകരണം സുഷുമ്നയിൽ ഘടിപ്പിച്ച് ആറു മാസത്തിനു ശേഷം നടക്കാനായി. ഇപ്പോൾ തനിക്ക് ഇഷ്ടമുള്ളിടത്തെല്ലാം നടന്നു പോകാനാകുന്നുണ്ടെന്ന് മൈക്കൽ റൊക്കാറ്റി പ്രതികരിച്ചു. അതേസമയം, ഇത് സുഷുമ്ന നാഡിയുടെ തകരാറ് പരിഹരിക്കുന്നതല്ലാത്തതിനാൽ പൊതുജനങ്ങളിൽ പ്രാവർത്തികമാക്കുക എളുപ്പമല്ലെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.
സുഷുമ്ന നാഡിയിലെ ഞരമ്പുകളാണ് മസ്തിഷ്കത്തിൽനിന്ന് കാലിലേക്ക് നടക്കാനുള്ള സന്ദേശം നൽകുന്നത്. എന്നാൽ, ഒരാളുടെ സുഷുമ്ന നാഡി തകർന്നാൽ ഈ സിഗ്നലുകൾ ശരിയായി കാലിലെത്തില്ല. അതിനാൽ നടക്കാനാവുകയുമില്ല.
പുതിയ സാങ്കേതികവിദ്യയിലൂടെ സ്ഥാപിക്കുന്ന ഉപകരണം മസ്തിഷ്കം അയക്കുന്ന സിഗ്നലുകൾക്ക് കരുത്ത് നൽകുന്നു. ഇതോടെ തളർന്നുകിടക്കുന്നയാളിന് നടക്കാനാകുന്നു. സുഷുമ്ന നാഡി തകർന്ന് കിടപ്പിലായ ലക്ഷക്കണക്കിനു പേർക്ക് പ്രതീക്ഷ നൽകുന്നതാണ് പുതിയ കണ്ടുപിടിത്തം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."