ചില കഥാപാത്രങ്ങളെ കണ്ടുമുട്ടുമ്പോള്‍
2015 ല്‍ നടന്ന ഒരു സംഭവമാണ്.
പെട്ടെന്നു നാട്ടില്‍പ്പോകേണ്ട ഒരു കാര്യംവന്നപ്പോഴാണ് വിസ ഇല്ലല്ലോ എന്നോര്‍ത്തത്. ഐറിഷ് പാസ്‌പോര്‍ട്ടുള്ള ഇന്ത്യക്കാര്‍ സാധാരണ കൈവശംവയ്ക്കാറുള്ള 'ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ' എന്ന വിസയ്ക്കു പകരംവയ്‌ക്കേണ്ട കാര്‍ഡ്, അന്നു ഞാന്‍ സ്വന്തമാക്കിയിട്ടില്ലായിരുന്നു. മടിപിടിച്ചും മറ്റ് ഓരോരോ കാരണങ്ങള്‍കൊണ്ടും ഉന്തിത്തള്ളിമാറ്റിവച്ചതായിരുന്നു. ഇതിപ്പോ ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടില്‍ പോകേണ്ട അവസ്ഥയാണ് വന്നിരിക്കുന്നത്. എത്രയും അടുത്തദിവസം വിസയ്ക്ക് അപേക്ഷിച്ചേ മതിയാകൂ എന്നുള്ളതുകൊണ്ട് ഒരു നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് തിങ്കളാഴ്ച രാവിലെ ആശുപത്രിയില്‍നിന്ന് നേരിട്ട് ടാക്‌സിപിടിച്ച് ഇന്ത്യനെംബസിയിലേക്കു പോകാന്‍ തീരുമാനിച്ചു.
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ ക്ഷീണം ഉണ്ട്. സിറ്റിയിലെത്തി ഒ'കോണല്‍സ്ട്രീറ്റില്‍ ടാക്‌സി നോക്കിനില്‍ക്കുന്നു.
അടുത്തുവന്നുനിര്‍ത്തിയ ടാക്‌സിയുടെ ഫ്രണ്ട് ഡോര്‍ തുറന്ന് പുറത്തെ തണുപ്പില്‍നിന്നു രക്ഷനേടാന്‍ ചാടിക്കയറി സീറ്റിലിരുന്നശേഷം ഡോര്‍ അടച്ചു. മുന്‍സീറ്റില്‍ക്കയറി സീറ്റ്‌ബെല്‍റ്റ് ഇട്ടപ്പോഴേക്കും ഒരു സ്ത്രീശബ്ദം:
'ഗുഡ് മോര്‍ണിങ്. യൂ ലുക്ക് വെരി ടയേര്‍ഡ്.'
അപ്പോഴാണ് ഡ്രൈവര്‍ ഒരു സ്ത്രീയാന്നെന്നു മനസിലായത്.
'മോര്‍ണിങ്' തിരിച്ച് വിഷ് ചെയ്തതിനുശേഷം, ജോലി കഴിഞ്ഞ് ഇറങ്ങിയതാണെന്നും എംബസിയിലേക്കാണ് പോകേണ്ടതെന്നും പറഞ്ഞു.
രാവിലെ സിറ്റിയിലെ തിരക്കും മറ്റുമായി ഏകദേശം പതിനഞ്ചു മിനിട്ടെടുക്കും എത്താന്‍. ഒരു ചായ കുടിച്ചിട്ട് ഇറങ്ങിയാല്‍ മതിയായിരുന്നു. തണുപ്പും ഉറക്കക്ഷീണവും മാറാന്‍ നല്ലതായിരുന്നു എന്നോര്‍ത്തിക്കുമ്പോള്‍ അവര്‍ പറഞ്ഞു:
'നീ ആ കോഫി കഴിച്ചോളൂ. ഞാന്‍ എനിക്കായി വാങ്ങിയതാണ്. ഇതെന്റെ മൂന്നാമത്തെ കോഫിയാണ്. ഇതു നിനക്കിരിക്കട്ടെ.'
നന്ദിപൂര്‍വ്വം അതു നിരസിച്ചുകൊണ്ട് ചെറിയ വര്‍ത്തമാനമാകാം എന്ന ധാരണയില്‍ ഞാന്‍ അവളുടെ രൂപം ശ്രദ്ധിച്ചുകൊണ്ടു സംസാരിക്കാന്‍ തുടങ്ങി.
മുപ്പത്തിയഞ്ചു വയസു തോന്നിക്കുന്ന വളരെ ഉന്മേഷവതിയായ ഒരു സ്ത്രീയായിരുന്നു അവര്‍. ഭംഗിയുള്ള അവരുടെ ചായംപിടിപ്പിച്ച കൈവിരലുകള്‍ സ്റ്റിയറിങ്ങ്‌വീലില്‍ താളംപിടിക്കുന്നു. നഖം പറ്റെ വെട്ടി ചായംപിടിപ്പിക്കാത്ത കൈവിരലുകളുടെ ഉടമയായ ഒരു ശരാശരി നഴ്‌സിന്റെ അസൂയ എന്റെ ആ നോട്ടത്തിലുണ്ടായിരുന്നു. കാതില്‍ നിറച്ചും, എന്നുവച്ചാല്‍ ഒരു കാതില്‍ പത്ത് കമ്മലെങ്കിലും ഉണ്ട്.
ഞാന്‍ കമ്മല്‍ ഇട്ടിട്ടുണ്ടോ എന്നറിയാന്‍ ചെവി ഒന്നു തപ്പിനോക്കി. ഭാഗ്യം ഒരു കുഞ്ഞന്‍കമ്മലുണ്ട്. അവളുടെ പ്രായത്തിനു യോജിക്കുന്നവിധം അധികം ഓവറാക്കാത്ത മേയ്ക്കപ്പും ശ്രദ്ധിക്കാതിരിക്കാനായില്ല. വളരെ പോസിറ്റീവെനര്‍ജി തോന്നിപ്പിക്കുന്ന സംസാരവും പെരുമാറ്റവും.
'നിനക്ക് കുട്ടികളുണ്ടോ?' എന്ന ചോദ്യത്തിന് ഉവ്വ് എന്നും പറഞ്ഞുകൊണ്ട്, അവള്‍ക്കും ചെറിയ കുട്ടികളുണ്ടായിരിക്കാമെന്നും ഞാന്‍ കണക്കു കൂട്ടി.
ഒരു സിഗ്‌നല്‍ വെയ്റ്റുചെയ്തുകിടക്കുകയായിരുന്നു അപ്പോള്‍.
'മൈ ബോയ് ഈസ് ട്വന്റി വണ്‍.'
സ്റ്റിയറിങ് വീലില്‍ കൈകള്‍ അടിച്ച്, അവള്‍ പൊട്ടിച്ചിരിച്ചുകൊണ്ടു പറഞ്ഞു.
തികട്ടി വന്ന ആശ്ചര്യം പുറമെ കാണിക്കാതെ വളരെ വിഷമിച്ചാണ് ഞാനിരിക്കുന്നത്. അവള്‍ പറഞ്ഞു:
'എനിക്ക് പതിനെട്ടു വയസുള്ളപ്പോഴാണ് റോനന്‍ ജനിക്കുന്നത്. അവന് നാലു വയസുള്ളപ്പോള്‍ എന്റെ ബോയ്ഫ്രണ്ടുമായി പിരിഞ്ഞു. അന്നുമുതല്‍ ഞാന്‍, കഫേകളിലും മക്‌ഡൊണാള്‍ഡ്‌സിലും പിന്നെ, ചില സ്ഥാപനങ്ങളില്‍ ക്ലാര്‍ക്കും ഒക്കെയായി ജോലി ചെയ്തു. കഴിഞ്ഞ പത്തു വര്‍ഷമായി ടാക്‌സി ഓടിക്കുന്നു. അതിനിടയില്‍ മകന്‍ വളര്‍ന്നു. ഇപ്പോള്‍ പുതിയ സുഹൃത്തുമായി ഹാപ്പിയായി ജീവിച്ചുവരുന്നു.'
കഥ കേട്ടുകഴിഞ്ഞപ്പോഴേക്കും എംബസിയില്‍ എത്തി.
ടാക്‌സിഫെയര്‍ കൊടുത്തിറങ്ങിയപ്പോള്‍ ഡോക്യുമെന്റ്‌സ് ഒന്നും കാറില്‍വച്ചു മറന്നിട്ടില്ല എന്ന് എന്നെക്കൊണ്ട് ഉറപ്പുവരുത്തി. നല്ലൊരു ദിനം ആശംസിച്ച് ഞങ്ങള്‍ പിരിഞ്ഞു.
അയര്‍ലണ്ടില്‍ വന്നിട്ടിന്നോളം പല പ്രാവശ്യം സ്ത്രീകള്‍ ഓടിക്കുന്ന ടാക്‌സിയില്‍ കയറുകയും സംഭാഷണങ്ങളില്‍ ഏര്‍പ്പെടുകയുംചെയ്തിട്ടുണ്ട്. നാട്ടില്‍ ഓട്ടോറിക്ഷകളുടെ ഡ്രൈവര്‍ സീറ്റിലിരുന്നുകൊണ്ട് ജീവിതത്തിലെ കുണ്ടിലും കുഴികളിലും പതറാതെ, മുന്നോട്ടുതന്നെ ഓടിക്കയറിയ കഥകള്‍ പറയുമായിരുന്ന ഒരു ചേച്ചിയെ പരിചയപ്പെട്ടത് ഒരു അവധിക്കാലത്തായിരുന്നു.
ഇതെല്ലാം പറഞ്ഞത്, മുറകാമിയുടെ കഥയിലെ ഒരു സ്ത്രീകഥാപാത്രത്തെ പെട്ടെന്ന് ഓര്‍മവന്നതുകൊണ്ടാണ്. സ്ത്രീഡ്രൈവര്‍മാരെ കാണുമ്പോഴെല്ലാം എന്തുകൊണ്ടോ ഈ കഥയിലെ സ്ത്രീയും കടന്നുവരും.
സ്ത്രീകളില്ലാതെ പോയ
പുരുഷന്മാര്‍
ഇന്ന് ലോകമെമ്പാടും വായിക്കപ്പെടുന്ന ഒരു ജാപ്പനീസ് എഴുത്തുകാരനാണ് ഹാറുകി മുറകാമി. കഴിഞ്ഞ നാല്‍പ്പതു വര്‍ഷങ്ങളോളമായി നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ഏഴ് ചെറുകഥകളുടെ സമാഹാരമാണ് 'മെന്‍ വിത്തൗട്ട് വിമെന്‍' എന്ന പുസ്തകം. മുറകാമിയുടെ നോവലുകളിലെ സ്ത്രീകഥാപാത്രങ്ങള്‍ എപ്പോഴും ചര്‍ച്ചകള്‍ക്കു വിധേയമായിട്ടുണ്ട്. നോര്‍വീജിയന്‍വുഡിലെയും കാഫ്ക ഓണ്‍ ദ ഷോര്‍ലെയും മറ്റും ശ്രദ്ധയാകര്‍ഷിച്ചിട്ടുള്ള നോവലുകളിലെ, സ്ത്രീ കഥാപാത്രങ്ങളെല്ലാം പ്രധാനകഥാതന്തുവുമായി പ്രത്യേകരീതിയില്‍ ചേര്‍ന്നുനില്‍ക്കുന്നവയുമായതിനാല്‍ അവരെക്കുറിച്ചുള്ള വിശദീകരണങ്ങള്‍ മറ്റൊരു തലത്തിലുള്ളതുമാണ്.
എന്നാല്‍, മെന്‍ വിത്തൗട്ട് വിമെന്‍ എന്ന കഥകളിലെ സ്ത്രീകളെ വായിക്കുമ്പോള്‍, മുറകാമിയുടെ നോവലിലെ സ്ത്രീ കഥാപാത്രങ്ങളിലേതില്‍നിന്നും തികച്ചും വ്യത്യസ്തമായ ചില സൂചനകള്‍, നോവലിസ്റ്റ് പ്രകടിപ്പിക്കുന്നതായി തോന്നിയിട്ടുണ്ട്.
പ്രധാനമായും ഒറ്റപ്പെട്ടുപോയ പുരുഷന്മാരുടെ ജീവിതത്തിലേക്കു കടന്നുവരുന്ന ഏതാനും സ്ത്രീകളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ അഥവാ കഥകള്‍, പ്രത്യക്ഷത്തില്‍ അത്രകണ്ട് സ്ത്രീപക്ഷ ശൈലിയിലല്ല എന്ന് തോന്നിച്ചേക്കാം. സ്വാഭാവികമായും പുരുഷന്മാരെക്കുറിച്ചുള്ള കഥകളാകുമ്പോള്‍! എന്നാല്‍, എന്റെ വായനയില്‍ ശ്രദ്ധയാകര്‍ഷിച്ചത് ചില സ്ത്രീ കഥാപാത്രങ്ങള്‍ ആകുകയും ചെയ്തു.
ഇതു പറയാന്‍കാരണം, ആദ്യത്തെ കഥയിലെ സ്ത്രീഡ്രൈവറായ കഥാപാത്രത്തെക്കുറിച്ചുള്ള പരാമര്‍ശമാണ്. കാഫുകു എന്ന ഒരു മധ്യവയസ്‌കനായ, വിഭാര്യനായ ഒരു നാടകനടനാണ് പ്രധാനകഥാപാത്രം. ഈ കഥയില്‍, അയാളുമായി ബന്ധപ്പെട്ടുകിടക്കുന്ന രണ്ടു സ്ത്രീകളാണ് കടന്നുവരുന്നത്. വര്‍ഷങ്ങള്‍ക്കുമുന്‍പു മരണപ്പെട്ട ഭാര്യയും പുതുതായി കാറിന്റെ ഡ്രൈവറായി നിയമിക്കപ്പെടുന്ന ചെറുപ്പക്കാരിയായ ഒരുപക്ഷേ, മകള്‍ ജീവിച്ചിരുന്നുവെങ്കില്‍, അതേ പ്രായമുണ്ടായേനെ എന്നയാള്‍ കരുതുന്ന മിസാകി എന്നു വിളിക്കുന്ന പെണ്‍കുട്ടിയുമാണത്.
അയാളുടെ ഭാര്യ, നല്ലൊരു നാടകനടികൂടിയായിരുന്നു. ജീവിച്ചിരിക്കെ, അവള്‍ക്ക് നാലോ അഞ്ചോ പുരുഷന്മാരുമായി വിവിധകാലഘട്ടങ്ങളില്‍ അടുപ്പമുണ്ടായിരുന്നു എന്നയാള്‍ക്കറിയാം. എന്നാല്‍ ഭാര്യയെന്നനിലയില്‍ അവള്‍ പൂര്‍ണമായും അയാളോട് സ്‌നേഹവതിയായി പെരുമാറി. അയാള്‍ കണ്ടെത്തിയ രഹസ്യങ്ങള്‍, അവളോടുള്ള പ്രണയത്തില്‍ ഒരിഞ്ചുപോലും കുറയാന്‍ കാരണമായിട്ടില്ലെന്നും അയാള്‍ ഓര്‍ക്കുന്നു. അവളുടെ മരണശേഷം, അനേകം സ്ത്രീകളുമായി അടുത്തിടപഴകിയിട്ടും അതുപോലൊരു ഗാഢമായ പ്രണയം ആരോടും സംഭവിച്ചില്ല. ഇങ്ങനെ ഒരു ഏകാന്തജീവിതം നയിച്ചുവരുമ്പോളാണ് മിസാകിയുടെ വരവ്.
സ്ത്രീകളുടെതായ യാതൊരുതരത്തിലുള്ള അണിഞ്ഞൊരുങ്ങലോ, സംസാരപ്രിയതയോ മിസാകിക്ക് ഇല്ലെന്ന് പൊതുവെ അയാള്‍ക്ക് സ്ത്രീകളെക്കുറിച്ചുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ അവലോകനംചെയ്യുന്നു. സ്ത്രീഡ്രൈവര്‍മാരെക്കുറിച്ചും അയാള്‍ക്കത്ര അഭിപ്രായമില്ല. രണ്ടുതരം പെണ്‍സാരഥികളേ ഉള്ളൂ. ഒന്ന്, ഒരു ശ്രദ്ധയുമില്ലാതെ പരക്കംപായുന്നവരും രണ്ട്, ഭീരുക്കളായവരും. രണ്ടാമത്തെക്കൂട്ടരാണ് അധികവും. അവര്‍ പലപ്പോഴും റോഡില്‍ അത്ര നല്ല അഭിപ്രായം നേടിയെടുക്കാറുമില്ല. ഇതാണ് അനുഭവത്തില്‍നിന്ന് അയാള്‍ മനസിലാക്കിവച്ചിരിക്കുന്നത്.
മിസാകി, അയാളുടെ ഈ സങ്കല്‍പ്പങ്ങളെയെല്ലാം കാറ്റില്‍പ്പറത്തിക്കളഞ്ഞു. അത്യാവശ്യത്തിനുമാത്രം സംസാരിക്കുകയും അതിവിദഗ്ധമായി തിരക്കുള്ള പട്ടണത്തിലൂടെ ജി.പി.എസ് സംവിധാനങ്ങളൊന്നുമില്ലാതെതന്നെ ഏതു മുക്കിലുംമൂലയിലും വണ്ടിയോടിച്ചെത്തുവാന്‍ കഴിവുണ്ടെന്ന് ദിവസങ്ങള്‍ക്കുള്ളില്‍ അയാള്‍ മനസിലാക്കുന്നു.
പതുക്കപ്പതുക്കേ തങ്ങളുടെ ജീവിതകഥള്‍ പങ്കുവയ്ക്കാനെന്നവണ്ണം അവര്‍തമ്മില്‍ സൗഹൃദം രൂപപ്പെടുകയും അയാളുടെ ഭാര്യയുമായി ബന്ധപ്പെട്ടുകിടക്കുന്ന ചില കാര്യങ്ങള്‍ മിസാകിയുമായി പങ്കുവയ്ക്കുകയുംചെയ്തുകൊണ്ട് കഥ അവസാനത്തിലേക്കു കടക്കുകയുമാണ്.
കഥ വായിച്ചുതീര്‍ന്നപ്പോള്‍ മനസിലുടക്കിയത് കഫുകുവും ഭാര്യയും ഒന്നുമല്ല. അഞ്ചടി അഞ്ചിഞ്ച് ഉയരമുള്ള, വീതിയുള്ള ചുമലുകളും കഴുത്തിന്റെ വലത്തേ അരികില്‍ ഒരു മറുകും കവിളുകളില്‍ മുഖക്കുരുക്കളുടെ പാടും വലിയ കണ്ണുകളും വലിയ ചെവികളും ആണുങ്ങള്‍ ധരിക്കുന്ന പോലത്തെ ജാക്കറ്റും ധരിച്ചുകൊണ്ട് സിറ്റിയുടെ ഏതൊരു ഇടവഴികളും തനിക്ക് പരിചയമുണ്ടെന്നു പറഞ്ഞ് അനായാസേന ജോലി ചെയ്യാന്‍വരുന്ന ആ പെണ്‍കുട്ടിയെയാണ്. ഈ പെണ്‍കുട്ടിക്കു പറയാനുള്ള കഥയെന്തായിരിക്കും? അവളുടെ ചുറ്റുമുള്ള ജീവിതം അവളോടെങ്ങനെയായിരിക്കും പെരുമാറിയിട്ടുണ്ടാകുക എന്ന ചിന്തയാണ് വളരെ മനോഹരമായ ഭാഷയില്‍ മുറകാമി വിശദീകരിക്കുന്നിടത്തുവച്ച് ഞാന്‍ ചിന്തിച്ചുപോയത്. ഞാന്‍ പരിചയപ്പെട്ട പല സ്ത്രീ ഡ്രൈവര്‍മാരെക്കുറിച്ചും ഓര്‍ത്തു. പിന്നീട് കഥയിലെപ്പോഴോ മിസാകിയുടെ ജീവിതത്തെക്കുറിച്ചും അവള്‍ ലാഘവത്തോടെ പറഞ്ഞ കാര്യങ്ങള്‍ വീണ്ടും ചിന്തിപ്പിച്ചു.
ഏഴാം വയസില്‍ തന്നെയും അമ്മയെയും ഉപേക്ഷിച്ചു കടന്നുകളഞ്ഞ അച്ഛനെയും മകളായ തന്നെ കാണാന്‍ ഒരു ഭംഗിയുമില്ലാത്തതുകൊണ്ടാണത് സംഭവിച്ചതെന്ന് മദ്യത്തിന്റെ ലഹരിയിലായിരിക്കുമ്പോഴെല്ലാം കുറ്റപ്പെടുത്തുന്ന അമ്മയെക്കുറിച്ചും വളരെ നിസംഗതയോടെ പറഞ്ഞുതീര്‍ക്കുന്ന പെണ്‍കുട്ടി എന്നെ അത്ഭുതപ്പെടുത്തി.
'സ്ത്രീകളില്ലാതെപോയ പുരുഷന്മാരുടെ' കഥയിലെ മിസാകിയെപ്പോലുള്ള അനേകം കഥാപാത്രങ്ങളെ ഞാന്‍ വീണ്ടും പലയിടങ്ങളില്‍വച്ചു കണ്ടുമുട്ടിയിട്ടുണ്ട്; സംസാരിച്ചിട്ടുണ്ട്. ഒരുപാട് കഥകളുള്ളില്‍പ്പേറിക്കൊണ്ട്, ജീവിതത്തിന്റെ ഒരറ്റത്തുനിന്നു മറ്റേതോ അറ്റത്തേക്കു വണ്ടിയോടിക്കുന്നവര്‍!
എത്രയെത്ര കുണ്ടും കുഴിയും നിറഞ്ഞ റോഡാണെങ്കിലും, ഒരു നിമിഷം പോലും പതറാതെ സംശയിക്കാതെ, വളയം പിടിക്കുന്നവര്‍. അവര്‍ ഒരിക്കലും ഭീരുക്കളായിരുന്നില്ല, ആരോടും മത്സരിക്കുന്നുമില്ല. പിന്നെയോ, സ്വയം ഒരു പോരാളിയാണെന്ന് ഉറച്ച് വിശ്വസിക്കുന്നവര്‍ മാത്രമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."