പെരുവിരല്‍ മുദ്രകള്‍
പെരുവിരല്‍ സമാനതകളില്ലാത്ത ഒരു മുദ്രയാണ്. മിനിക്കഥകള്‍ക്കും കുറുങ്കഥകള്‍ക്കുപ്പുറം പെരുവിരല്‍ക്കഥകള്‍ പാറക്കടവിന്റെ ഹൃദയത്തിന്റെ അടയാളപ്പെടുത്തലാണ്. പാറക്കടവിന് കഥ പറയാന്‍ ഒറ്റ വരി മതി. കാറ്റ് നിറച്ചാല്‍ ബലൂണ്‍ വീര്‍പ്പിക്കാം. വാക്കുകള്‍ കുത്തി നിറച്ചാല്‍ കഥയെ വലുതാക്കാന്‍ പറ്റില്ല. 'വലിയ കഥയുടെ ചെറിയ രൂപമേ അല്ല അത്. കഥയും കവിതയുമല്ലാത്ത മറ്റെന്തോ ഒന്ന്. ഒരു വേള ജീവിതത്തോട് ഏറ്റവും അടുത്ത് നില്‍ക്കുന്നത്.'
'എന്നോട് സുഹൃത്ത് ചോദിച്ചു:
ഈ ഇത്തിരി വരിയില്‍ എന്ത് കഥയാണുള്ളത്.
ഞാന്‍ പറഞ്ഞു പൊട്ടിച്ചു നോക്കൂ.
അവന്‍ പൊട്ടിച്ചു നോക്കി.
അതില്‍ നിന്ന് തെറിച്ചു വീണത് ജീവിതം.'
ജീവിതം നിറച്ച ഒറ്റ വരിയാണ് പെരുവിരല്‍ കഥകള്‍. പെരുവിരല്‍ കഥയാണെങ്കിലും വര്‍ത്തമാന കാലത്തിനു നേരെയുള്ള ചൂണ്ടുവിരലാണ്. അസ്ത്രത്തേക്കാള്‍ മൂര്‍ച്ചയുണ്ട്. വായിക്കാന്‍ അര നിമിഷം മാത്രം. കാലങ്ങളോളം മനസില്‍ കിടന്ന് കലഹിക്കും. വാക്കുകള്‍ കൊണ്ടല്ല മൗനം കൊണ്ടെഴുതുന്നതാണ് കഥ. മൗനം നില വിളിക്കുകയും വാചാലമാവുകയും ചെയ്യുന്നു.
യാത്ര എന്ന ഒന്നാം കഥ, ജീവിത യാത്രയുടെ തുടക്കവും ഒടുക്കവും പെരുവിരല്‍ കൊണ്ട് ചൂണ്ടിക്കാട്ടുന്നു. 'ഒരു ചെറിയ പെട്ടിയുമായി പടിയിറങ്ങിയ ആള്‍ ഒരു വലിയ പെട്ടിയായി മാറി വീട്ടില്‍ തിരിച്ചെത്തുന്നതാണ് ജീവിതമെന്ന മാജിക്കല്‍ റിയലിസം.'
മനുഷ്യഹൃദയത്തിന്റെ കാപട്യമാണ് 'വാക്കുകള്‍.'
'ചുമരില്‍ കൈവച്ച് അത്തറു പുരട്ടിയ വാക്കുകള്‍കൊണ്ട് അവനെന്നെ തലോടി. നോക്കുമ്പോള്‍ എന്റെ ചുമലില്‍ ചോരക്കറ.'
'പശു പാല്‍ തരുന്നു'- മാഷ് ബോര്‍ഡില്‍ എഴുതി.
പശു വാള്‍ തരുന്നു. കുട്ടി തിരുത്തി. പൗരാണിക ഭാരതകഥ മഹാ ഭാരതമായിരുന്നെങ്കില്‍, വര്‍ത്തമാന ഇന്ത്യയുടെ കഥ പറയാന്‍ ഇതിനപ്പുറം വാക്കുകള്‍ നിറച്ചു കഥകള്‍ വീര്‍പ്പിക്കേണ്ട കാര്യമില്ല.
ആധാരം തിന്നു തീര്‍ക്കുന്ന എലിയോട് പാറ്റ പറഞ്ഞു: 'ആധാരം മാത്രമല്ല, ആധാറും തിന്നു തീര്‍ക്കുക. അവന്റെയൊക്കെ ഭൂമിയുടെ തെളിവുകള്‍..!'
'ഇറച്ചിക്കടയില്‍ തൂക്കിയിട്ടിരിക്കുന്നത് ചോരയിറ്റുന്ന ഒരു മനുഷ്യന്റെ തല' മൃഗബലി പോലെ തന്നെ മനുഷ്യബലി നടക്കുന്ന കേരളത്തിന്റെ ചിത്രമാണ് ഇറച്ചിക്കടയില്‍.
രംഗബോധമില്ലാത്തവരുടെ സെല്‍ഫി ഭ്രമത്തെ ചൂണ്ടിക്കാട്ടാന്‍, ദൈവത്തിന്റെ സെല്‍ഫിയെ കുറിച്ചൊരു കഥയുണ്ടിതില്‍. മിന്നല്‍. ദൈവം സെല്‍ഫിയെടുക്കുന്നതാണ് മിന്നലെന്നാണ് കഥാകൃത്തിന്റെ ഭാവന.
ഉത്തരാധുനിക കഥയെന്നാല്‍ ഈസോപ്പ് കഥകള്‍ പോലെ ഗുണപാഠ കഥകളോ, അല്ലെങ്കില്‍ സൂഫി, സെന്‍ കഥകളെ പോലെ പ്രചോദനാത്മകമോ അല്ല. വര്‍ത്തമാനവും അനുഭവവും വിചിത്ര ഭാവനകളും കഥകളായി എഴുതുന്നിടത്ത് അത്തരം സാരോപദേശങ്ങള്‍ക്ക് സ്ഥാനമില്ല. എന്നാല്‍, ഏക/ദ്വിവരികളില്‍ എഴുതപ്പെട്ട ഇതിലെ കഥകള്‍ ഏതെങ്കിലും ഒരു വിശേഷണത്തില്‍ ഒതുക്കാനാവില്ല. വര്‍ത്തമാനവും, അനുഭവവും വിചിത്ര ഭാവനകളും അതിരുകള്‍ക്കും കാലങ്ങള്‍ക്കുമപ്പുറമുള്ള സഞ്ചാരങ്ങളും രാഷ്ട്രീയവും പ്രതിഷേധങ്ങളും നര്‍മങ്ങളും സമ്മേളിക്കുന്നുണ്ടിവിടെ. ചിലതൊക്കെ കവിതയും സൂഫി മൊഴികളുമാണ്.
ആത്മസംതൃപ്തവും അര്‍ഥപൂര്‍ണവുമായ ഒരു വായനയാണ് പെരുവിരല്‍ കഥകള്‍ നല്‍കുന്നത്. ഡോ. അബൂബക്കര്‍ കാപ്പാടിന്റെ ഇംഗ്ലീഷ് പരിഭാഷയും ഒപ്പം ആസ്വദിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."