വാര്‍ത്താ ചാനലിന് ഓരോ തവണയും സുരക്ഷാ അനുമതി ആവശ്യമില്ലെന്ന വാദം പരിഗണിച്ചില്ലെന്ന് അപ്പീല്‍ ഹരജിയില്‍ മീഡിയാ വണ്‍
കൊച്ചി: ഒരു വാര്‍ത്താചാനലിന് അപ്‌ലിങ്കിംഗിന് അനുമതി നല്‍കാനുള്ള നയ പ്രകാരം ലൈസന്‍സ് പുതുക്കുമ്പോള്‍ ഓരോ തവണയും പുതിയ സുരക്ഷാ അനുമതി ആവശ്യമില്ലെന്ന തങ്ങളുടെ വാദം ഹൈക്കോടതി സിംഗിള്‍ ബഞ്ച് പരിഗണിച്ചില്ലെന്ന് അപ്പീല്‍ ഹരജിയില്‍ മീഡിയാ വണ്‍. മീഡിയ വണ്‍ വാര്‍ത്താചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവച്ച ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡാണ് ഇന്ന് ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കിയത. മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ്, കേരള പത്രപ്രവര്‍ത്തക യൂണിയന്‍, മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ എന്നിവരാണ് സംയുക്തമായി അപ്പീല്‍ ഹര്‍ജി നല്‍കിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് നാളെ അപ്പീല്‍ ഹരജികള്‍ പരിഗണിക്കും.
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ട് തന്നെ സംശയാസ്പദമാണെന്നും, ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചാനലിനെ കേള്‍ക്കാതെ ലൈസന്‍സ് റദ്ദാക്കിയ നടപടി ഭരണഘടനാവിരുദ്ധമാണെന്നും അപ്പീല്‍ ഹരജിയില്‍ പറയുന്നു.ഒരു വാര്‍ത്താചാനലിന് ഭരണകൂടത്തെ തൃപ്തിപ്പെടുത്തി എന്നും വാര്‍ത്തകള്‍ നല്‍കാനാകില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.പുരാണവാക്യങ്ങള്‍ ഉള്‍പ്പെടുത്തിയല്ല ഭരണഘടനാ തത്വങ്ങള്‍ അനുസരിച്ചാണ് കേസ് പരിഗണിക്കേണ്ടിയിരുന്നതെന്നും അപ്പീലില്‍ ഹര്‍ജിക്കാര്‍ പറയുന്നു.
അതേസമയം, മീഡിയ വണ്‍ ചാനല്‍ വിലക്കിയതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം പ്രസ് ക്ലബിന്റെ നേതൃത്വത്തില്‍ ഇന്നലെ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. എല്‍.ഡി.എഫ് കണ്‍വീനര്‍ എ .വിജയരാഘവന്‍, കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി .എം സുധീരന്‍, സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ എന്നിവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. അഭിപ്രായവൈവിദ്ധ്യം ഒരു സമൂഹത്തിന്റെ കരുത്താണെന്ന് നേതാക്കള്‍ പറഞ്ഞു. മാധ്യമങ്ങള്‍ അടിച്ചമര്‍ത്തപ്പെടുമ്പോള്‍ അഭിപ്രായസ്വാതന്ത്ര്യമാണ് ഇല്ലാതാകുന്നതെന്നും നേതാക്കള്‍ പറഞ്ഞു. തുടര്‍ന്ന് രാജ്ഭവന്റെ മുന്നില്‍ വച്ച് പ്രതിഷേധജ്വാല തെളിയിച്ചു.
കേന്ദ്രസര്‍ക്കാര്‍ ഹാജരാക്കിയ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളിലെ പരാമര്‍ശങ്ങള്‍ ഗൗരവതരമാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ജസ്റ്റിസ് എന്‍ നഗരേഷിന്റെ സിംഗിള്‍ ബഞ്ച് മീഡിയ വണ്‍ ചാനലിന്റെ ഹര്‍ജി തള്ളിയത്. അപ്പീല്‍ നല്‍കുന്നതിനായി സംപ്രേഷണവിലക്ക് സ്റ്റേ ചെയ്യണമെന്ന ആവശ്യവും കോടതി നിരസിച്ചു. ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ഇടപെടുന്നതിന് പരിമിതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഈ ആവശ്യം നിരസിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."