ഹിജാബ് നിരോധനത്തിനെതിരേ ആഞ്ഞടിച്ച് കേരള എം.പിമാർ
ന്യൂഡൽഹി
ഹിജാബ് നിരോധനത്തിനെതിരേ പാർലമെന്റിൽ ആഞ്ഞടിച്ച് കേരള എം.പിമാർ. ഹിജാബ് നിരോധിക്കാനും അതിന്റെ മറവിൽ വിദ്യാർഥിനികളുടെ വിദ്യാഭ്യാസം വിലക്കാനുമുള്ള നീക്കം കേന്ദ്രസർക്കാർ ഇടപെട്ട് തടയണമെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി ലോക്സഭയിൽ ആവശ്യപ്പെട്ടു. ഹിജാബ് അനിവാര്യമായ മതകീയ അനുഷ്ഠാനങ്ങളിൽപ്പെട്ടതാണ്. ഭരണഘടന ഇത്തരം അവകാശങ്ങൾ ഉറപ്പുവരുത്തുന്നുണ്ടെന്നും സമദാനി പറഞ്ഞു.
വിഷയം സഭാനടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷും ഹൈബി ഈഡനും ലോക്സഭാ സ്പീക്കർക്ക് നോട്ടിസ് നൽകി. മതപരമായ ആചാരങ്ങൾക്കുള്ള സ്വാതന്ത്ര്യം എല്ലാ വിഭാഗങ്ങൾക്കും അവകാശപ്പെട്ടതാണ്. അടിയന്തരമായി കേന്ദ്ര സർക്കാർ ഈ വിഷയത്തിൽ ഇടപെടണമെന്ന് കൊടിക്കുന്നിൽ ആവശ്യപ്പെട്ടു. കർണാടകയിൽ മുസ് ലിം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നേടാനും ഹിജാബ് ധരിച്ച് ക്ലാസുകളിൽ ഇരിക്കാനുമുള്ള അവകാശം സംരക്ഷിക്കാനും അടിയന്തരമായി ഇടപെടണമെന്ന് എളമരം കരീം എം.പി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."