ഹിജാബ്, ഷാരൂഖ് വിഷയങ്ങളിൽ വർഗീയ ശക്തികൾക്കെതിരേ മുഖ്യമന്ത്രി വരാനിരിക്കുന്ന വലിയ ആപത്തിന്റെ ദൃഷ്ടാന്തം
തിരുവനന്തപുരം
വർഗീയത നമ്മുടെ നാട്ടിൽ എന്തെല്ലാം ആപത്തുണ്ടാക്കും എന്നതിന്റെ ദൃഷ്ടാന്തമാണ് ഷാരൂഖ് ഖാനെതിരായ ആക്രമണവും സ്‌കൂളുകളിലെ ഹിജാബ് നിരോധനവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘടിതമായ നീക്കമാണ് ഷാരൂഖിനെതിരേ ഉണ്ടായതെന്നും അതു വലിയ ആപത്ത് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
മതനിരപേക്ഷതയുടെ വിളനിലമാകേണ്ട വിദ്യാലയങ്ങളിൽ കുട്ടികളുടെ മനസിൽ വർഗീയ വിഷം കയറ്റുന്നത് വലിയ ആപത്താണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരം സാഹചര്യത്തിൽ മതനിരപേക്ഷ ശക്തികൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും വർഗീയ ശക്തികളോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയുമില്ലാത്ത സമീപനം സ്വീകരിക്കാൻ സാധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സാധാരണ വിദ്യാർഥികൾക്ക് അവരുടെ വിദ്യാഭ്യാസ കാലം ഏതെങ്കിലും തരത്തിലുള്ള ഭിന്നതയുടേതായ കാലമല്ലല്ലോ. ഒരേ ക്ലാസ് മുറിയിൽ എല്ലാ വിഭാഗക്കാരുമുണ്ടാകും. ഏറ്റവും വലിയ മതനിരപേക്ഷതയുടെ വിളനിലമായിട്ടല്ലേ നമ്മുടെ വിദ്യാലയങ്ങൾ മാറേണ്ടത്. അതിനയല്ലേ ഇപ്പോൾ അങ്ങേയറ്റത്തെ വർഗീയതയുടെ വിഷം ചീറ്റുന്ന മാനസികാവസ്ഥയുള്ള കുട്ടികളാക്കി മാറ്റാൻ ശ്രമിക്കുന്നത്.
ചെറിയ കുട്ടികളുടെ മനസിൽ വർഗീയ വിഷം കുത്തിക്കേറ്റിയാൽ അതെത്ര വലിയ ആപത്തായിരിക്കും. പക്ഷേ, അത്തരം ആപത്തൊന്നും വർഗീയ ശക്തികൾക്ക് പ്രശ്‌നമല്ല. അവർക്ക് അതാണ് വേണ്ടതെന്നും നമ്മൾ കാണണം. അതിലൂടെ എത്ര കണ്ട് ഭിന്നത സൃഷ്ടിക്കാൻ സാധിക്കും എന്നാണ് അവർ നോക്കുന്നത്. ഇവിടെയാണ് മതനിരപേക്ഷ ശക്തികൾ ആകെ ജാഗ്രത പാലിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."