സേഫ് കേരള പദ്ധതി റോഡ് സുരക്ഷ കർശനമാക്കും; നിയന്ത്രണം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒമാരിലേക്ക്
ജില്ലാ റോഡ് സേഫ്റ്റി കൗൺസിൽ കൺവീനറുടെ ചുമതലയും ഇനി എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒമാർ വഹിക്കും
ബാസിത് ഹസൻ
തൊടുപുഴ
സംസ്ഥാനത്ത് റോഡപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ റോഡ് സുരക്ഷ കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ്. ആദ്യപടിയായി റീജ്യനൽ ട്രാൻസ്‌പോർട്ട് ഓഫിസർമാരെ (എൻഫോഴ്‌സ്‌മെന്റ്) ജില്ലാ റോഡ് സേഫ്റ്റി കൗൺസിൽ കൺവീനർമാരാക്കി.
ജനറൽ ആർ.ടി.ഒ മാരുടെ ജോലിഭാരം റോഡ് സുരക്ഷാ ജോലികൾക്ക് തടസം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ട്രാൻസ്‌പോർട്ട് കമ്മിഷണർ എം.ആർ അജിത്കുമാർ ഇന്നലെ ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.
നിലവിൽ ജനറൽ ആർ.ടി.ഒ മാരായിരുന്നു ഈ ചുമതല വഹിച്ചിരുന്നത്. ഇനിമുതൽ അപകടത്തിൽപ്പെടുന്ന വാഹനങ്ങളുടെ പരിശോധനയടക്കമുള്ള പൂർണ ചുമതല എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ മാർക്കാണ്.
ഓരോ പൊലിസ് സ്റ്റേഷൻ പരിധിയിലും അപകടത്തിൽപ്പെടുന്ന വാഹനങ്ങൾ പരിശോധന നടത്താൻ ചുമതലപ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥന്റെ അഭാവത്തിൽ വാഹന ഉടമകളെ ബുദ്ധിമുട്ടിക്കാത്ത തരത്തിൽ കാലതാമസം കൂടാതെ പകരം സംവിധാനം ഒരുക്കണം.
റോഡപകടങ്ങളുമായി ബന്ധപ്പെട്ട് പൊലിസുമായുള്ള എല്ലാത്തരം ലെയ്‌സൺ ജോലികളുടെയും ചുമതല നിർവഹിക്കേണ്ടത് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ മാരാണ്. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ഗുരുതര കുറ്റകൃത്യങ്ങളിൽ പെടുന്നവരുടെ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്യാനുള്ള അതോറിറ്റിയും ഇനി എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ യായിരിക്കും.
എന്നാൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യാനുള്ള ഭരണപരമായ കാര്യങ്ങൾ നിർവഹിക്കേണ്ടത് നിലവിലുള്ളതു പോലെ തന്നെ ആർ.ടി. ഓഫിസുകളാണ്.
സീനിയർ ആർ.ടി.ഒ മാർ ജനറലിലും ജൂനിയർ ആർ.ടി.ഒ മാർ എൻഫോഴ്‌സ്‌മെന്റിലുമാണ് നിലവിൽ പ്രവർത്തിക്കുന്നത്. സർക്കാരിന്റെ സേഫ് കേരള പദ്ധതിയുടെ ഭാഗമായാണ് പുതിയ പരിഷ്‌ക്കാരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."