HOME
DETAILS

റജബിന്റെ വിശേഷങ്ങൾ

  
backup
February 10 2022 | 21:02 PM

87645234532-2

വെള്ളിപ്രഭാതം
ടി.എച്ച് ദാരിമി

ഹിജ്‌റ കലണ്ടറിലെ ഏഴാമത് മാസമായ റജബ് നാല് വിശുദ്ധ മാസങ്ങളിൽ ഒന്നും കൂട്ടത്തിൽ ഒറ്റപ്പെട്ടുനിൽക്കുന്നതുമാണ്. ഇസ്‌ലാമിക സംസ്‌കൃതിയിൽ മാനസികവും സാമൂഹ്യവുമായ വലിയ അർഥങ്ങൾ ഉൾക്കൊള്ളുന്നതാണ് വിശുദ്ധ മാസങ്ങൾ എന്ന ആശയം. മനുഷ്യർക്കിടയിൽ ഉണ്ടാകുന്ന കാലുഷ്യങ്ങൾക്കും തദ്വാരാ ഉണ്ടാകുന്ന സംഘർഷങ്ങൾക്കും ഒരു നിർബന്ധിതമായ ഇടവേള ലഭിക്കുവാൻ വേണ്ടി ഈ മാസങ്ങളിൽ യുദ്ധം നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. വിശ്വാസികൾ യുദ്ധം തുടങ്ങുന്നതിനാണ് വിലക്കുള്ളത്. എന്നാൽ ഇങ്ങോട്ടുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിന് വിലക്കില്ല. ഇത് വിശുദ്ധ ഖുർആൻ വ്യക്തമാക്കുന്നുണ്ട്. യുദ്ധം ചെയ്യാതിരിക്കുക എന്നതിൽ മാത്രം ഈ ആശയം ഒതുങ്ങുന്നില്ല. സമാധാനത്തോടും ശാന്തിയോടും കൂടി മാനുഷികവും ധാർമികവുമായ മൂല്യങ്ങൾ വളർത്തിയെടുക്കുന്ന പ്രവർത്തനങ്ങളിൽ വ്യാപൃതമാകുക കൂടി ഇതിന്റെ അർഥത്തിൽ വരുന്നുണ്ട്. അതിനാൽ ഈ മാസം ബഹുമാനത്തിന്റെയും ആദരവിന്റെയും മാസമാണ്. റജബ് എന്ന അറബി ശബ്ദത്തിന്റെ അർഥവും അങ്ങനെയാണ്.


ഇസ്‌ലാമിക സംസ്‌കാരത്തിൽ ഏറെ അടയാളപ്പെടുത്തപ്പെട്ട മാസമാണിത്. ഇവയിൽ ഒന്ന് ഇസ്‌റാഅ്, മിഅ്‌റാജ് സംഭവങ്ങൾ ഈ മാസത്തിന്റെ 27നായിരുന്നു ഉണ്ടായത് എന്നതാണ്. നബി(സ്വ)യെ മക്കയിലെ തന്റെ വീട്ടിൽനിന്ന് ഈ രാത്രിയിൽ ജറൂസലമിലെ മസ്ജിദുൽ അഖ്‌സ്വയിലേക്ക് രാപ്രയാണം ചെയ്യിച്ച സംഭവമാണ് ഇസ്‌റാഅ്. അവിടെ നിന്ന് ഏഴ് ആകാശങ്ങളിലൂടെ അല്ലാഹു ഉദ്ദേശിച്ച സ്ഥലങ്ങളിലേക്കും സ്ഥാനങ്ങളിലേക്കും കൊണ്ടുപോയ സംഭവമാണ് മിഅ്‌റാജ് എന്ന ആകാശാരോഹണം. നബി(സ്വ)യുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവമാണ് ഇവ. ഈ രാത്രിയിലാണ് അഞ്ചു നേരത്തെ നിസ്‌കാരം നിർബന്ധമാക്കപ്പെട്ടത്. ഇതുണ്ടായ രാവിനെക്കുറിച്ച് പണ്ഡിതർക്കിടയിൽ പക്ഷാന്തരമുണ്ട്. മദീന ഹിജ്റയുടെ തൊട്ടു മുമ്പുള്ള വർഷത്തിലെ റജബ് 27നായിരുന്നു ഇത് എന്ന് ഇമാം സുഹിരി, ഇമാം നവവീ തുടങ്ങിയ പണ്ഡിതരുടെ അഭിപ്രായങ്ങൾ ചേർത്തുവച്ചാൽ മനസിലാക്കാം.


അബ്‌സീനിയായിലേക്കുള്ള ആദ്യ പലായനം നടന്നത് റജബിലായിരുന്നു. മക്കയിലെ പീഡനങ്ങൾ താങ്ങാൻ കഴിയാതെ വന്നപ്പോൾ നബി(സ്വ) അനുയായികളോട് അബ്‌സീനിയായിലേക്ക് പലായനം ചെയ്യുവാൻ പറയുകയായിരുന്നു. പ്രവാചകത്വത്തിന്റെ അഞ്ചാം വർഷത്തിലായിരുന്നു ഇത്. റാശിദീ ഖലീഫമാരുടെ കാലത്തുണ്ടായ പ്രധാന സംഭവങ്ങളിൽ റജബ് വേദിയായ രണ്ട് സംഭവങ്ങളാണ് ഡമസ്‌കസ് വിജയവും യർമൂക്ക് യുദ്ധവും. അക്കാലത്തെ ഏറ്റവും വലിയ സാമ്രാജ്യശക്തിയായിരുന്ന റോമൻ ബൈസൽടൈൻ സേനക്കുമേൽ െഎതിഹാസികമായ വിജയം നേടുകയും ശാം നാടുകളിലെ ഇസ്‌ലാമിക മുന്നേറ്റത്തെ ത്വരിതപ്പെടുത്തുകയും ചെയ്ത സംഭവങ്ങളായിരുന്നു ഇവ രണ്ടും. ഡമസ്‌കസ് വിജയം ഹിജ്‌റ 13 ൽ ഉമർ(റ) വിന്റെ കാലത്തായിരുന്നു. ജമാദുൽ ആഖിർ 17ന് ആരംഭിച്ച നീക്കം റജബ് 20 ൽ വിജയത്തിലെത്തി. ഇവിടെ തുടങ്ങിയ മുന്നേറ്റത്തിന്റെ അന്തിമ വിജയമായിരുന്നു ഹി. 15ൽ നടന്ന യർമൂക്ക് യുദ്ധം. 6 ദിവസം നീണ്ടുനിന്ന ഈ യുദ്ധത്തിൽ വെറും 36,000 പേരുള്ള മുസ്‌ലിം സൈന്യത്തിന് രണ്ടര ലക്ഷത്തോളം റോമൻ പടയാളികളെയാണ് നേരിടാനുണ്ടായിരുന്നത്.


റജബിന്റെ സങ്കടങ്ങളിൽ പ്രധാനപ്പെട്ട ഏതാനും വിയോഗങ്ങളുണ്ട്. ഒന്നാമത്തേത് നജാശി രാജാവിന്റെ വിയോഗമാണ്. അബ്‌സീനിയായിലെ രാജാവായിരുന്നു അസ്ഹമ എന്ന നജാശി. റോമാ സാമ്രാജ്യത്തിന്റെ കീഴിൽ ഈ രാജ്യം ഭരിക്കുന്ന ഭരണാധികാരിയുടെസ്ഥാനപ്പേരാണ് നജാശി എന്നത്. അബ്‌സീനിയായിലെത്തിയ അഭയാർഥി സ്വഹാബിമാരെ സ്വീകരിക്കുകയും വേണ്ട സഹായങ്ങൾ ചെയ്യുകയും ചെയ്ത ഒരു നല്ല ഭരണാധികാരിയായിരുന്നു അസ്ഹമ. അബ്‌സീനിയയിലെ മുഹാജിറുകളിൽ നിന്ന് ഇസ്‌ലാമിനെയും നബി തിരുമേനിയെയും മനസ്സിലാക്കിയ നജാശി ആദ്യ നാൾ മുതലേ ഇസ്‌ലാമിൽ എത്തി. പിന്നീട് നബിയും അദ്ദേഹവും തമ്മിൽ സമ്മാനങ്ങളും സന്ദേശങ്ങളും കൈമാറുമായിരുന്നു. നബി(സ്വ) ഉമ്മുഹബീബ(റ)യെ വിവാഹം കഴിക്കുമ്പോൾ മഹർ നൽകിയത് നജാശി രാജാവായിരുന്നു. ഹിജ്‌റയിൽ അവിടെ ഭർതൃസമേതം എത്തി ജീവിക്കുന്നതിനിടെ ഭർത്താവ് ഉബൈദുല്ലാഹി ബിൻ ജഹ്ശ് മതം ഉപേക്ഷിക്കുകയും ക്രിസ്തുമതം സ്വീകരിക്കുകയും അധികം വൈകും മുമ്പ് മരണപ്പെടുകയും ചെയ്തതായിരുന്നു. ഇതിനെ തുടർന്ന് ഹിജ്‌റ ഏഴിൽ നബി(സ്വ) അവരെ വിവാഹം ചെയ്തു. അത് നജാശിയുടെ കാർമികത്വത്തിലായിരുന്നു. ഹിജ്‌റ 9 റജബിലായിരുന്നു നജാശിയുടെ മരണം. വിവരമറിഞ്ഞ നബി ഏറെ ദുഃഖിക്കുകയും അദ്ദേഹത്തിന്റെ പേരിൽ മയ്യിത്ത് നിസ്‌കാരം നിർവഹിക്കുകയും ചെയ്തു.


രണ്ടാമത്തേത് അമവീ ഖലീഫ ഉമർ ബിൻ അബ്ദുൽ അസീസ്(റ)യുടെ വഫാത്താണ്. ഇസ്‌ലാമിക ചരിത്രത്തിൽ റാശിദീ ഭരണാധികാരികൾക്ക് സമാനനായി പരിഗണിക്കപ്പെടുന്ന നീതിമാനായ ഭരണാധികാരിയായിരുന്നു ഉമർ ബിൻ അബ്ദുൽ അസീസ്. അമവീ ഖിലാഫത്തിലെ എട്ടാം ഖലീഫയായിരുന്നു അദ്ദേഹം. ഏഴാം ഖലീഫ സുലൈമാനുബ്‌നു അബ്ദിൽ മലിക് നടത്തിയ ധീരമായ നീക്കം വഴിയായിരുന്നു അന്നുവരെ അമവികൾ പിന്തുടർന്ന ദായക്രമം തെറ്റിച്ച് മക്കളെയും സഹോദരങ്ങളെയും അവഗണിച്ച് നീതി ബോധത്തിന്റെ മാനദണ്ഡത്തിൽ ഉമറിനെ ഖലീഫയാക്കിയത്. ഹിജ്‌റ 61ൽ ഈജിപ്തിലെ ഹുൽവാനിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ഹിജ്‌റ 101ൽ റജബ് 25ന് വെള്ളിയാഴ്ചയായിരുന്നു ആ വിയോഗം. മറ്റൊരു വിയോഗം മഹാനായ ഇമാം ശാഫി(റ)യുടേതാണ്. ഭൂലോകം മുഴുവൻ ജ്ഞാനം നിറക്കുന്ന ഒരു പണ്ഡിതൻ ഖുറൈശികളിൽ നിന്ന് ഉത്ഭവിക്കും എന്ന നബി(സ)യുടെ മുൻകൂട്ടിയുള്ള പ്രവചനം ശാഫി ഇമാമിനെയാണ് സൂചിപ്പിക്കുന്നത് എന്ന് പണ്ഡിതർ പറയുന്നു. പണ്ഡിത കുലപതിയായ ഇമാം അബൂഹനീഫ(റ)വിന്റെ വിയോഗ വർഷം തന്നെയാണ് മറ്റൊരു പണ്ഡിതജ്യോതിസായി ശാഫി ഇമാമിനെ ഇസ്‌ലാമിക ലോകത്തിനു കനിഞ്ഞുകിട്ടിയത്. ആഴമേറിയ ജ്ഞാന സമ്പന്നത കൊണ്ട് കാലത്തെ വഴി നടത്തിയ മഹാപാണ്ഡിത്യത്തിനുടമയായ ഇമാം മുഹമ്മദ് ബ്‌നു ഇദ്രീസുശ്ശാഫിഈ (റ) ഹിജ്‌റ 150ൽ ഫലസ്തീനിലെ ഗസ്സയിൽ ജനിച്ചു. ഹിജ്‌റ 204 റജബ് 29 ന് മഹാൻ ഈജിപ്തിൽ വഫാത്തായി. അവിടെ തന്നെയാണ് ഖബറും.


മറ്റൊരു വിയോഗം ഇമാം മുസ്‌ലിം(റ)വിന്റേതാണ്. സ്വഹീഹു മുസ്‌ലിം എന്ന ഹദീസ് സമാഹാരത്തിന്റെ കർത്താവ് ഇമാം മുസ്‌ലിം എന്ന പേരിൽ വിശ്രുതനായ ഹുജ്ജത്തുൽ ഇസ്‌ലാം അബുൽ ഹുസൈൻ മുസ്‌ലിമുബ്‌നു ഹജ്ജാജ് ഇബ്‌നി മുസ്‌ലിം ആണ്. ഹിജ്‌റ 202 ക്രിസ്താബ്ദം 817ലാണ് ഇമാം അവർകളുടെ ജനനം. ഇസ്‌ലാമിക ചരിത്രത്തിൽ ഇമാം മുസ്‌ലിമിനെ അനശ്വരനാക്കിയത് അദ്ദേഹത്തിന്റെ ജാമിഉസ്സ്വഹീഹ് എന്ന ഹദീസ് സമാഹാരമാണ്. ഹിജ്‌റ 261 (ക്രി. 874) റജബ് അഞ്ചിന് ലോകത്തോട് വിടപറഞ്ഞ അദ്ദേഹത്തിന്റെ അന്ത്യവിശ്രമം നൈസാപൂരിൽ തന്നെയാണ്.


ഇന്ത്യയുടെ ആത്മീയ സുൽത്താൻ എന്നറിയപ്പെട്ട ഖാജാ മുഈനുദ്ദീൻ ചിശ്തി അൽ അജ്മീരിയുടെ ജനനവും മരണവും റജബിലായിരുന്നു. ആത്മീയതയും വഹിച്ച് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സൂഫീ വര്യന്മാരിൽ ഉന്നതനാണ് മഹാനവർകൾ. മുസ്‌ലിംകൾക്ക് മാത്രമല്ല, സർവ മതക്കാർക്കും അനുഗ്രഹമായി മാറിയ അപൂർവ വ്യക്തിത്വമായിരുന്നു മഹാനവർകൾ. ഹിജ്‌റ 547, റജബ് 14 നായിരുന്നു ഇറാനിലെ സിജിസ്ഥാൻ പ്രവിശ്യയിലെ സഞ്ചർ എന്ന സ്ഥലത്ത് അദ്ദേഹം ജനിച്ചത്. നബി പുത്രി ഫാത്വിമ ബീവിയുടെ പതിനൊന്നാമത്തെ തലമുറയിലാണ് പിതാവ് ജനിച്ചത്. മൗലാനാ ഹിസാമുദ്ദീൻ ബുഖാരി, ഉസ്മാൻ ഹാറൂനി എന്നിവരായിരുന്നു പ്രധാന ഉസ്താദുമാർ. ഹിജ്‌റ 588ൽ 40 ശിഷ്യരോടൊപ്പം മഹാനവർകൾ ഇന്ത്യയിലെത്തി തന്റെ ആത്മീയദൗത്യങ്ങൾ ആരംഭിച്ചു. ലക്ഷങ്ങൾ അദ്ദേഹത്തിലൂടെ ഇസ്‌ലാമിന്റെ തണലിൽ എത്തിച്ചേർന്നു. ഹിജ്‌റ 633 റജബ് 6, തിങ്കളാഴ്ച തന്റെ തൊണ്ണൂറ്റി ആറാം വയസിൽ മഹാനവർകൾ നമ്മെ വിട്ടുപിരിഞ്ഞു.


കേരളത്തിന്റെ റജബ് നഷ്ടങ്ങൾ നിരവധിയാണ്. അവയിലൊന്നാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ പ്രസിഡൻ്റായിരുന്ന ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാരുടെ വഫാത്ത്. 1934ൽ ജനിച്ച മഹാനവർകൾ 1988 മുതൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ മുശാവറ അംഗമായിരുന്നു. 2001 മുതൽ വൈസ് പ്രസിഡന്റായും 2012 മുതൽ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരുടെ കാലശേഷം പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു.
റജബ് മാസം ഓർമിപ്പിക്കുന്ന മറ്റൊരു വിയോഗം കണ്യാല അബ്ദുല്ല ഹാജി മൗലാ(റ) അവർകളുടേതാണ്. റജബിൽ തന്നെയായിരുന്നു അവരുടെ ജനനവും. ഹിജ്‌റ 1356 റജബ് 27 ന് പട്ടിക്കാടിന് അടുത്ത കണ്ണ്യാലയിലാണ് അബ്ദുള്ള ഹാജി മൗലയുടെ ജനനം. പതിനായിരങ്ങളെ ആത്മീയമായി സമുദ്ധരിച്ച കണ്യാല മൗല ഹിജ്‌റ 1425 റജബ് 10 ( 2004 ഓഗസ്റ്റ് 26) ന് വെള്ളിയാഴ്ച ബർസഖിയ്യായ ലോകത്തേക്ക് യാത്രയായി.
ജീവിതവും മരണവും സമസ്തക്ക് വേണ്ടി മാറ്റിവെച്ച നേതാവും പ്രഭാഷകനും എഴുത്തുകാരനുമായിരുന്നു നാട്ടിക വി. മൂസ മുസ്‌ലിയാരുടെ വഫാത്തും റജബിലായിരുന്നു. മലപ്പുറം ജില്ലയിലെ മേലാറ്റൂർ പഞ്ചായത്തിലെ എടയാറ്റൂരിൽ 1952 ഏപ്രിൽ 2ന് വെമ്പുള്ളി മുഹമ്മദ് എന്ന കുഞ്ഞാപ്പ ഹാജിയുടെയും ഖദീജ ഹജ്ജുമ്മയുടെയും മകനായിട്ടാണ് ജനനം. ദേശമംഗലം എം.ഐ.സി, ജാമിഅ ഇസ്‌ലാമിയ മഞ്ചേരി, ദാറുൽ ഹികം മേലാറ്റൂർ എന്നീ സ്ഥാപനങ്ങളുടെ സ്ഥാപക ശിൽപ്പിയും അദ്ദേഹമാണ്. മേലാറ്റൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ്, പ്രസിഡൻ്റ് എന്നീ പദവികളും വഹിച്ച നാട്ടിക ഉസ്താദ് തന്റെ 49ാം വയസിൽ 2001 ഒക്‌ടോബർ 4ന് (റജബ് 17) വഫാത്തായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-8-11-2024

PSC/UPSC
  •  a month ago
No Image

ആദ്യ ട്രയൽ റൺ പൂർത്തിയാക്കി വന്ദേ മെട്രോ

latest
  •  a month ago
No Image

തമിഴ്‌നാട്; പാമ്പുകടിയേറ്റാല്‍ വിവരം സര്‍ക്കാരിനെ അറിയിക്കണം

National
  •  a month ago
No Image

ശക്തമായ കാറ്റിന് സാധ്യത; കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്ക്

Kerala
  •  a month ago
No Image

കോട്ടയത്ത് ബസുകൾ കൂട്ടിയിടിച്ചു അപകടം; ബൈക്ക് യാത്രക്കാരന് പരിക്ക്

Kerala
  •  a month ago
No Image

ഡര്‍ബനില്‍ റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കി സഞ്ജു

Cricket
  •  a month ago
No Image

കോഴിക്കോട്; ആറ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റ് പരിക്ക്

Kerala
  •  a month ago
No Image

സിഡ്‌നിയില്‍ നിന്ന് ബ്രിസ്ബനിലേക്ക് പറന്ന വിമാനത്തിന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം എമര്‍ജന്‍സി ലാന്‍ഡിങ്ങ്  

International
  •  a month ago
No Image

അടുക്കളയില്‍ സൂക്ഷിച്ചിരുന്ന പ്രഷര്‍ കുക്കറിനുള്ളിൽ മൂര്‍ഖന്‍ പാമ്പ്; പാമ്പ് കടിയേല്‍ക്കാതെ വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  a month ago
No Image

ഭൂമിക്കടിയില്‍ നിന്ന് വീണ്ടും ഉഗ്രശബ്ദം; മലപ്പുറം പോത്തുകല്ലില്‍ ജനങ്ങളെ മാറ്റിപാര്‍പ്പിച്ചു

Kerala
  •  a month ago