സെലിബ്രിറ്റികളെ ബി.ജെ.പി സമ്മര്‍ദത്തിലാക്കിയെന്ന സംശയം ബലപ്പെടുന്നതിനിടെ അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍
മഹാരാഷ്ട്ര: എന്ത് കൊണ്ട് നമ്മള്‍ കര്‍ഷക സമരത്തെ പിന്തുണക്കുന്നില്ലെന്ന ഗായിക റിഹാനയുടെ ചോദ്യത്തിന് പിന്നാലെ ഇന്ത്യയിലെ സെലിബ്രിറ്റികള്‍ നടത്തിയ പ്രതികരണം സംബന്ധിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷിക്കും. ഒരേ സമയത്ത് ഒരേ ആശയമടങ്ങിയ സമാനമായ ഹാഷ് ടാഗുള്ള ട്വീറ്റുകള്‍ വന്നതോടെയാണ് അന്വേഷണം. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യം ഉന്നയിച്ചതിന് പിന്നാലെയാണ് ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് അന്വേഷണം നടത്താമെന്ന് അറിയിച്ചത്.
സമാനതകളുള്ള ഒരേ ട്വീറ്റുകളായിരുന്നു സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൈന നേവാള്‍, അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി എന്നിവരുടേത്. ബിജെപി സെലിബ്രിറ്റികളെ സമ്മര്‍ദത്തിലാക്കി കേന്ദ്ര സര്‍ക്കാരിന് അനുകൂലമായി ട്വീറ്റ് ചെയ്യിച്ചതാണോ എന്നാണ് ഇനി അറിയാനുള്ളത്. അങ്ങനെയെങ്കില്‍ സെലിബ്രിറ്റികള്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കണം.
ഒരേ സ്വഭാവത്തിലുള്ള ട്വീറ്റുകള്‍ ആസൂത്രണം ചെയ്തതാണോ എന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുമെന്നാണ് ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് വ്യക്തമാക്കിയത്. സുനില്‍ ഷെട്ടി പോസ്റ്റില്‍ ഒരു ബിജെപി നേതാവിനെ ടാഗ് ചെയ്തിരുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ സാവന്ത് ചൂണ്ടിക്കാട്ടി.
ഫെബ്രുവരി 3നാണ് ഇന്ത്യ എഗെയിന്‍സ്റ്റ് പ്രൊപഗണ്ട, ഇന്ത്യ ടുഗെദര്‍ എന്നീ ഹാഷ് ടാഗുകള്‍ക്കൊപ്പം കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ട്വീറ്റ് ചെയ്തത് 'ഇന്ത്യയുടെ പരമാധികാരത്തില്‍ വിട്ടുവീഴ്ച ചെയ്യരുത്. പുറത്തുനിന്നുള്ളവര്‍ക്ക് കാഴ്ചക്കാരായി നില്‍ക്കാം, പക്ഷേ ഇന്ത്യയുടെ കാര്യത്തില്‍ ഇടപെടരുത്. ഇന്ത്യക്കാര്‍ക്ക് ഇന്ത്യയെ അറിയാം. ഇന്ത്യക്ക് വേണ്ടി തീരുമാനങ്ങളെടുക്കാനും. ഒരു രാജ്യം എന്ന നിലയില്‍ നമുക്ക് ഐക്യത്തോടെ നില്‍ക്കാം' എന്നായിരുന്നു സച്ചിന്റെ ട്വീറ്റ്. ലത മങ്കേഷ്‌കര്‍, അക്ഷയ് കുമാര്‍, കരണ്‍ ജോഹര്‍, അജയ് ദേവ്ഗണ്‍, സുനില്‍ ഷെട്ടി തുടങ്ങി നിരവധി സെലിബ്രിറ്റികള്‍ സമാന നിലപാടുമായി രംഗത്തെത്തി. പിന്നാലെയാണ് ബിജെപി സമ്മര്‍ദം ചെലുത്തി ട്വീറ്റ് ചെയ്യിച്ചതാണെന്ന ആരോപണം ഉയര്‍ന്നത്.
'രാജ്യത്തെ സെലിബ്രിറ്റികളുടെ നിലപാടിനോട് സാധാരണക്കാര്‍ രൂക്ഷമായി പ്രതികരിച്ചു. തന്റെ മേഖലക്ക് പുറത്തുള്ള കാര്യങ്ങളെ കുറിച്ച് സംസാരിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ഞാന്‍ സച്ചിനെ ഉപദേശിക്കുന്നു' എന്‍സിപി നേതാവ് ശരദ് പവാര്‍ പ്രതികരിച്ചു.
ലതാ മങ്കേഷ്‌കര്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നിവര്‍ ഭാരത് രത്‌ന പുരസ്‌കാര ജേതാക്കളാണ്. കേന്ദ്രം അവരോട് ട്വീറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയും അവര്‍ അത് ചെയ്യുകയും ഇപ്പോള്‍ ട്രോളിന് ഇരയാവുകയും ചെയ്തതായി രാജ് താക്കറെയും അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."