രാജ്യത്തെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ചൊല്ലേണ്ടത് 'ചരക് ശപഥ്'; ഹിപ്പോക്രാറ്റിക് പ്രതിജ്ഞ മാറ്റാന്‍ നിര്‍ദ്ദേശിച്ച് ദേശീയ മെഡിക്കല്‍ കമ്മീഷന്‍
ന്യൂഡല്‍ഹി: മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങിലെ ഹിപ്പോക്രാറ്റിക് പ്രതിജ്ഞ മാറ്റാന്‍ നീക്കവുമായി ദേശീയ മെഡിക്കല്‍ കമ്മീഷന്‍. പകരം ചരക മഹര്‍ഷിയുടെ പേരിലുള്ള പ്രതിജ്ഞ ഉള്‍പ്പെടുത്താനാണ് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നത്. ഇതിന് അംഗീകാരം ഉടന്‍ ലഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പുതിയ നീക്കത്തിനെതിരെ പ്രതിഷേധവുമായി ഐ.എം.എ രംഗത്ത് വന്നിട്ടുണ്ട്.
മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ ബിരുദദാനച്ചടങ്ങില്‍ ഹിപ്പോക്രാറ്റിക് ഓത്ത് (ഹിപ്പോക്രാറ്റിന്റെ പ്രതിജ്ഞ) സ്വീകരിക്കുന്നതാണ് ഇതുവരെയുള്ള പതിവ്. എം.ബി.ബി.എസ് പഠനത്തിന്റെ ഒന്നാം വര്‍ഷമാദ്യം വെളുത്ത കോട്ട് നല്‍കുന്ന ചടങ്ങിലും ഈ പ്രതിജ്ഞ ചൊല്ലാറുണ്ട്.
ശാസ്ത്രീയ ചികിത്സാവിദ്യയുടെ പിതാവായി അറിയപ്പെടുന്ന പ്രാചീന ഗ്രീക്ക് ഭിഷഗ്വരനായ ഹിപ്പോക്രാറ്റസിന്റെ പേരിലുള്ള പ്രതിജ്ഞയാണ് ഇപ്പോള്‍ ആയുര്‍വേദാചാര്യന്‍ മഹര്‍ഷി ചരകന്റെ പേരിലാക്കാന്‍ നീക്കം നടക്കുന്നത്. മഹര്‍ഷി ചരകന്‍ ആയുര്‍വേദത്തിന്റെ ആചാര്യന്‍ എന്ന നിലയ്ക്കാണ് അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹം മുന്നോട്ടുവെച്ച പ്രതിജ്ഞ ആധുനിക വൈദ്യശാസ്ത്രത്തിനു യോജിക്കുന്നതല്ലെന്നതാണ് ഉയര്‍ന്നുവരുന്ന പ്രധാന വിമര്‍ശനങ്ങള്‍.
'ആധുനിക വൈദ്യ ശാസ്ത്രത്തിന് 200 വര്‍ശഷത്തിലധികമൊന്നും പഴക്കമില്ല. വൈദ്യശാസ്ത്ര മേഖലയില്‍ ഇന്ത്യക്ക് സ്വന്തമായ പാരമ്പര്യമുള്ളപ്പോള്‍ എന്തിനാണ് നമ്മള്‍ ഗ്രീക്ക് ഭിഷഗ്വരന്റെ പേരിലുള്ള പ്രതിജ്ഞയെടുക്കുന്നത്' ദേശീയ കമ്മീശന്‍ അംഗം ചോദിക്കുന്നു.
ആദ്യ കാലത്ത് എഴുതപ്പെട്ട ഹിപ്പോക്രാറ്റിക് പ്രതിജ്ഞയല്ല ഇപ്പോള്‍ ചൊല്ലുന്നതെന്നും പകരം1948 ല്‍ അംഗീകരിച്ച പ്രതിജ്ഞയാണ് വിദ്യാര്‍ഥികള്‍ ഇപ്പോള്‍ ചൊല്ലുന്നതെന്നും ഐ.എം.എ പറയുന്നു. ഓരോ അഞ്ചുവര്‍ഷത്തിലും പരിഷ്‌കരിച്ചുകൊണ്ടിരിക്കുന്നതാണ് നിലവിലുള്ള ഹിപ്പോക്രാറ്റിക് പ്രതിജ്ഞയെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."