ഒാർക്കാൻ പോലും ആഗ്രഹിക്കാത്ത ആ നിമിഷങ്ങൾ... ഞെട്ടൽ മാറാതെ ബാബു
ജംഷീർ പള്ളിക്കുളം
പാലക്കാട്
വെറുതെ ഒരു രസത്തിന് കൂട്ടുകാരുമൊത്ത് മലകയറുമ്പോൾ ബാബു കരുതിയില്ല, ജീവിതത്തിലൊരിക്കലും ഓർത്തെടുക്കാൻ പോലും ആഗ്രഹിക്കാത്ത കുറേ മണിക്കൂറുകൾ ആയിരിക്കും അത് സമ്മാനിക്കുകയെന്ന്. കടുത്ത ചൂടും വരണ്ട കാറ്റും രാത്രിയിലെ കൊടും തണുപ്പും ഏകാന്തതയും അൽപാൽപമായി കാർന്നുതിന്നുകയായിരുന്നു, ഒപ്പം വിശപ്പും ദാഹവും. നിവർന്നു നിൽക്കാൻപോലും സാധിക്കാത്ത മലമ്പുഴ കുറുമ്പാച്ചി മലയിലെ ആ പാറയിടുക്കിൽ 46 മണിക്കൂർ സമയം താൻ കടന്നുപോയത് നരകതുല്യമായ അവസ്ഥയിലൂടെയാണെന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലെ ഐ.സി.യുവിൽ കുടുംബാംഗങ്ങളുമായി സംസാരിക്കവേ മലമ്പുഴ ചെറാട് സ്വദേശി ബാബു പറഞ്ഞു. കൂട്ടുകാരുമൊത്ത് ആവേശത്തിൽ മലകയറി. പാതിവഴിയിൽ അവർ താഴെയിറങ്ങി. എന്നാൽ താൻ മുഴുവനായും കയറി. എളുപ്പത്തിലെത്താനാണ് ചെങ്കുത്തായ വഴിയെ ഇറങ്ങിയത്. ഇതിനിടെ കാൽവഴുതി താഴേക്കുവീണു. പിടുത്തം കിട്ടിയത് പാറമടയിലെ കല്ലിൽ. കാലിൽ കല്ലുകൊണ്ട് മുറിഞ്ഞു. വേദനവകവയ്ക്കാതെ രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് ഇരിക്കാൻ പാകത്തിലുള്ള ചെറിയ മലയിടുക്കിലെത്തിയത്. ആ പാറയിടുക്കിൽ ഇരുന്നു. കൈയിലുണ്ടായിരുന്ന ഫോണിൽ കൂട്ടുകാരെയും വീട്ടുകാരെയും വിളിച്ചു. അപകടസ്ഥലത്തിൻ്റെ ഫോട്ടോയെടുത്ത് എല്ലാവർക്കും അയച്ചുകൊടുത്തു. ഫയർഫോഴ്സിനെ വിളിച്ചു പറഞ്ഞതും താൻ തന്നെയെന്ന് ബാബു പറഞ്ഞു. നിവർന്നുനിൽക്കാൻ പോലുംപറ്റാത്ത ആ മലയിടുക്കിൽ കുനിഞ്ഞിരിക്കുക മാത്രമേ സാധിക്കുമായിരുന്നുള്ളൂ.
കാലൊന്ന് തെറ്റിയാൽ പതിക്കുക താഴെയുള്ള അഗാധമായ കൊക്കയിലേക്കാണ്. കൊടും ചൂടും വരണ്ട കാറ്റും തളർത്തി. രാത്രിയുടെ ഭീകരതയ്ക്കൊപ്പം പാമ്പോ മറ്റ് ഇഴജന്തുക്കളോ എത്തുമോയെന്നും വന്യജീവികൾ ആക്രമിക്കുമോയെന്നും ഭയന്നു. രക്ഷാപ്രവർത്തനത്തിൻ്റെ ഭാഗമായി ഓരോ തവണയും ഡ്രോണുകൾ മുന്നിലെത്തുമ്പോൾ ദാഹജലത്തിനായി വരണ്ട തൊണ്ടയുമായി അലറിവിളിച്ചു. പക്ഷേ നിരാശയായിരുന്നു ഫലം.
ഇടയ്ക്കിടക്ക് ആരൊക്കയോ കൂക്കിവിളിക്കുന്നതും ശബ്ദമുണ്ടാക്കുന്നതും കേൾക്കുന്നുണ്ടായിരുന്നു. അതുമാത്രമായിരുന്നു ആകെയുള്ള ആശ്വാസം. ഭക്ഷണവും വെള്ളവുമില്ലാതെ മരണം മണത്ത നിമിഷത്തിൽ സ്വയം മലയിറങ്ങാൻവരെ തോന്നിപ്പോയി. അതിനുള്ള ശ്രമങ്ങളും നടത്തി. ഒടുവിൽ രക്ഷാപ്രവർത്തനത്തിനെത്തിയ സൈനികനായ ബാലുവിൻ്റെ കൈയിൽനിന്ന് വെള്ളം വാങ്ങിക്കുടിച്ചപ്പോൾ തൊണ്ടയിലൂടെ ഇറക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. ആ കൈകളിലൂടെ പിടിച്ചുകയറിയത് തൻ്റെ രണ്ടാംജന്മത്തിലേക്കാണെന്നാണ് ബാബു പറഞ്ഞത്. തൻ്റെ ജീവനുവേണ്ടി അഹോരാത്രം പ്രവർത്തിച്ചവർക്കും പ്രാഥിച്ചവർക്കും എല്ലാം ഹൃദയിത്തിൽതൊട്ട നന്ദി അറിയിക്കുകയാണ് ബാബു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."