പൗരത്വപ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളെയും സാമൂഹികപ്രവർത്തകരെയും ഉടൻ മോചിപ്പിക്കണം: ഇ.ടി മുഹമ്മദ് ബഷീർ
ന്യൂഡൽഹി: പൗരത്വ പ്രക്ഷോഭങ്ങൾക്കു നേതൃത്വം നൽകിയ വിദ്യാർത്ഥികൾക്കും സാമൂഹിക പ്രവർത്തകർക്കുമെതിരെ യു.എ.പി.എ ചുമത്തിയതിനെ വിമർശിച്ച് മുസ്‌ലിം ലീഗ് പാർലമെന്ററി പാർട്ടി നേതാവും ദേശീയ ഓർഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീർ എം.പി. പൗരത്വനിയമത്തിനെതിരെ പ്രക്ഷോഭം നടത്തിയ വിദ്യാർത്ഥികളെയും ഡൽഹി കലാപത്തിലുണ്ടായ തെറ്റുകൾക്കെതിരെ പ്രതികരിക്കുകയും ദുഃഖിതരുടെ കൂടെ ഹൃദയം ചേർത്തുവയ്ക്കുകയും ചെയ്ത വ്യക്തികളെയും രാജ്യദ്രോഹം ഉൾപ്പെടെയുള്ള കുറ്റം ചുമത്തി, യു.എ.പി.എ പ്രകാരം ജയിലിലടച്ച നടപടി അത്യധികം പ്രതിഷേധാർഹമാണെന്ന് ബഷീർ പാർലമെന്റിൽ പറഞ്ഞു.
ലോക്സഭയിൽ ശൂന്യവേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരപരാധികളായ ആൺകുട്ടികളും പെൺകുട്ടികളും ജയിലിൽ കിടക്കുകയാണ്. നിരവധി സാമൂഹ്യപ്രവർത്തകന്മാരും പത്രപ്രവർത്തകരും ഇതുപോലെ ജയിലിലടക്കപ്പെട്ടിട്ടുണ്ട്. ഡൽഹി കലാപത്തിനിരയായ പാവങ്ങൾക്ക് സഹായം ചെയ്തവരെയും കുറ്റവാളികളായി മുദ്രകുത്തിയിരിക്കുകയാണ്. ഈയൊരു കാര്യമല്ലാതെ മറ്റൊരു തെറ്റും ഇവരാരും ചെയ്തിട്ടില്ലെന്നും ബഷീർ ചൂണ്ടിക്കാട്ടി. നിരപരാധികളെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ച നടപടിയിൽ സുപ്രിംകോടതി തന്നെ അസംതൃപ്തി രേഖപ്പെടുത്തിയതും ശ്രദ്ധേയമായ കാര്യമാണ്. സർക്കാർ ഇക്കാര്യത്തിൽ സ്വീകരിച്ചിട്ടുള്ള നയം ഉടൻ തിരുത്തണം. നിരപരാധികളായ വ്യക്തികൾക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം. അവരെ ഉടൻ മോചിപ്പിക്കണമെന്നും എം.പി പാർലമെന്റിൽ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."