കേരളത്തിൻ്റെ യോഗ്യതയെന്ത്?
പ്രൊഫ. റോണി കെ. ബേബി
ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ കേരളവിരുദ്ധ പ്രസംഗം വലിയ ചർച്ചയായിരിക്കുകയാണ്. കേരളം, കശ്മിർ, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളെപ്പോലെ ഉത്തർപ്രദേശാകാതിരിക്കാൻ വോട്ട് ചെയ്യുമ്പോൾ സമ്മതിദായകർ ശ്രദ്ധിക്കണമെന്നായിരുന്നു യോഗിയുടെ വിവാദ പ്രസ്താവന. തെരഞ്ഞെടുപ്പുകൾ അടുക്കുമ്പോൾ വർഗീയ ചേരിതിരിവ് ലക്ഷ്യമാക്കി വിവാദ പരാമർശങ്ങൾ നടത്തുന്നത് ബി.ജെ.പി നേതാക്കന്മാർക്ക് പതിവുള്ളതാണ്. കഴിഞ്ഞ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പാരമ്യത്തിൽ കോൺഗ്രസ് ജയിച്ചാൽ അഹമ്മദ് പട്ടേൽ മുഖ്യമന്ത്രിയാകുമെന്നും പാകിസ്താനിൽ പടക്കം പൊട്ടിച്ച് ആഘോഷിക്കുമെന്നും പ്രസംഗിച്ചത് കേന്ദ്ര മന്ത്രി അമിത് ഷായാണ്. ഗുജറാത്തിൽ കോൺഗ്രസിന് അനുകൂലമായി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പാകിസ്താൻ ഇ
ടപെടുന്നു എന്ന അതിഗുരുതരമായ ആരോപണം ഉന്നയിച്ചത് അന്ന് രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയാണ്.മത ന്യൂനപക്ഷങ്ങൾക്ക് പ്രത്യേകിച്ചും മുസ്‌ലിം മതവിശ്വാസികൾ ജനസംഖ്യയിൽ ഗണ്യമായ പ്രാതിനിധ്യമുള്ള ജമ്മുകശ്മിർ, കേരളം, ബംഗാൾ എന്നീ സംസ്ഥാനങ്ങളെ പേരെടുത്ത് വിമർശിച്ചുകൊണ്ട് വർഗീയ ചേരിതിരിവിനാണ് യോഗി ആദിത്യനാഥ് ശ്രമിക്കുന്നത്. ഈ സംസ്ഥാനങ്ങൾ ഭീകരതയുടെയും ഭീകരവാദികളുടെയും വിഹാരകേന്ദ്രങ്ങളാണെന്ന് പറഞ്ഞുകൊണ്ട് ഒരു മതവിഭാഗത്തെ അപമാനിക്കാനും അവഹേളിക്കാനുമാണ് യോഗി ശ്രമിക്കുന്നത്. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ജനസംഖ്യയുടെ 80 ശതമാനവും 20 ശതമാനവും തമ്മിലുള്ള പോരാട്ടമാണെന്ന് പറഞ്ഞ യോഗിയിൽനിന്ന് ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കാനില്ല.
സാമൂഹ്യ, സുരക്ഷാ മേഖലകൾ ഉൾപ്പെടെ വിവിധ രംഗങ്ങളിൽ ലോകത്തിനുതന്നെ മാതൃകയായ കേരളത്തിന്റെ നേട്ടങ്ങൾ മറച്ചുവച്ചുകൊണ്ട് ബി.ജെ.പി നേതാക്കളുടെ ഭാഗത്തുനിന്ന് ആദ്യമായിട്ടല്ല പരാമർശങ്ങൾ ഉണ്ടാകുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് കേരളത്തിൽ എത്തിയ നരേന്ദ്ര മോദി കേരളത്തെ സൊമാലിയയുമായി സാമ്യപ്പെടുത്തി നടത്തിയ പ്രസംഗം വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. കേരളം കൈവരിച്ച നേട്ടങ്ങളോടുള്ള അസഹിഷ്ണുതയും ബി.ജെ.പിക്ക് കേരളത്തിൽ കാലുറപ്പിക്കാൻ കഴിയാതെ പോകുന്നതിന്റെ നിരാശയുമാണ് ഈ വിമർശനങ്ങളുടെ എല്ലാം പിന്നിലുള്ളത്. എന്നാൽ കേരളത്തെ മോശമാക്കാനും ഉത്തർപ്രദേശിനെ മഹത്വവൽക്കരിക്കാനുമുള്ള യോഗിയുടെ വിവാദ പരാമർശം അദ്ദേഹത്തിനു നേരെ തന്നെ തിരിച്ചടിക്കുന്ന കാഴ്ചയാണ് കാണുന്നത്.
കേരളവും യു.പിയും
നീതി ആയോഗും വിവിധ ഏജൻസികളും നടത്തിയ പഠനങ്ങളിൽ സാമൂഹ്യസുരക്ഷാ, ഭരണ മേഖലകൾ ഉൾപ്പെടെ വിവിധ രംഗങ്ങളിൽ കേരളം കൈവരിച്ച നേട്ടങ്ങളും ഉത്തർപ്രദേശുമായുള്ള ചില താരതമ്യങ്ങളും ഇരു സംസ്ഥാനങ്ങൾക്കിടയിലെ അന്തരം വ്യക്തമാക്കുന്നുണ്ട്. രാജ്യാന്തരതലത്തിൽപോലും ശ്രദ്ധിക്കത്തക്കവിധം നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ ( Sustainable Development Index) 2018 മുതൽ തുടർച്ചയായി രാജ്യത്ത് ഒന്നാം സ്ഥാനം നിലനിർത്തിയ സംസ്ഥാനമാണ് കേരളം. മുൻവർഷത്തെ സ്‌കോറിൽനിന്ന് അഞ്ച് പോയിന്റുകൂടി കൂട്ടി 100ൽ 75 പോയിന്റോടെയാണ് 2020-2021ൽ കേരളം വീണ്ടും ഒന്നാമതായത്. വ്യവസായവികസനം, ദാരിദ്ര്യ നിർമാർജനം, മികച്ച ആരോഗ്യവും ക്ഷേമവും, ഗുണമേന്മയുള്ള വിദ്യാഭ്യാസം, ലിംഗപദവി സമത്വം എന്നീ മേഖലകളിലെ മിന്നുന്ന പ്രകടനമാണ് കേരളത്തെ വീണ്ടും മുന്നിലെത്തിച്ചത്. ഹിമാചൽപ്രദേശും തമിഴ്‌നാടും 74 പോയിന്റോടെ രണ്ടാംസ്ഥാനം പങ്കിട്ടു. ജാർഖണ്ഡ് (56), അസം (57), യോഗിയുടെ ഉത്തർപ്രദേശ് (60) എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും പിന്നിലുള്ളത്. 115 വികസന സൂചകങ്ങളെ അടിസ്ഥാനമാക്കി 17 പ്രധാന സാമൂഹ്യ ലക്ഷ്യങ്ങൾ എത്ര മാത്രം കൈവരിച്ചു എന്ന് കണക്കാക്കുന്ന ഈ സൂചികയിൽ 100ൽ 69 പോയിൻ്റായിരുന്നു കേരളം 2018ൽ നേടിയത്. എന്നാൽ ഇത്തവണ അത് 75 പോയിൻ്റായി ഉയർത്താൻ കേരളത്തിനു കഴിഞ്ഞപ്പോൾ തുടർച്ചയായി ഒരു പുരോഗതിയും കൈവരിക്കാൻ ഉത്തർപ്രദേശിന് കഴിഞ്ഞിട്ടില്ല. മെച്ചപ്പെട്ട ശൗചാലയങ്ങളുള്ള വീടുകൾ, ഉയർന്ന ആയുർദൈർഘ്യം, കുറഞ്ഞ ശിശുമരണ നിരക്ക് എന്നിവയിലും സൂചിക പ്രകാരം കേരളം മുന്നിലാണ്.
നീതി ആയോഗ് രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്ത സുസ്ഥിര വികസന സൂചിക തയാറാക്കുന്നതിന് മുന്നോടിയായി സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, കേന്ദ്ര സ്ഥിതിവിവരക്കണക്ക് പദ്ധതി നിർവഹണ മന്ത്രാലയം, മറ്റു പ്രധാന കേന്ദ്ര മന്ത്രാലയങ്ങൾ തുടങ്ങിയവയുമായി ഇന്ത്യയിലെ വിവിധ യു.എൻ ഏജൻസികൾ വിപുലമായ കൂടിയാലോചനകൾ നടത്തിയിരുന്നു. ഐക്യരാഷ്ട്രസഭ മുന്നോട്ടുവച്ച സുസ്ഥിരവികസന ലക്ഷ്യങ്ങളെ അധികരിച്ചാണ് നീതി ആയോഗ് റിപ്പോർട്ട് തയാറാക്കിയത്. സുസ്ഥിര വികസനം ലക്ഷ്യമാക്കി ഐക്യരാഷ്ട്രസംഘടനയുടെ 2015 സെപ്റ്റംബറിൽ ചേർന്ന 193 അംഗരാജ്യങ്ങളുടെ ഉച്ചകോടിയാണ് വികസനവും ജനക്ഷേമവും വിലയിരുത്താനുള്ള സൂചികകൾക്ക് രൂപം നൽകിയത്. 2018 മുതലാണ് ഇന്ത്യയിൽ സുസ്ഥിര വികസന സൂചിക പ്രസിദ്ധീകരിച്ചു തുടങ്ങിയത്. രാജ്യത്തിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ വിലയിരുത്താനുള്ള പ്രാഥമിക സൂചികയാണിത്. രാജ്യാന്തര നിലവാരത്തിലേക്ക് എത്തുന്നതിൽ രാജ്യം നേടുന്ന പുരോഗതി വിലയിരുത്തുന്ന സൂചിക ഐക്യരാഷ്ട്രസഭയുടെ സഹകരണത്തോടെയാണ് തയാറാക്കുന്നത്. ഈ റിപ്പോർട്ട് പ്രകാരം അന്താരാഷ്ട്ര മാനദണ്ഡങ്ങളോടുപോലും കിടപിടിക്കുന്ന സാമൂഹിക സുരക്ഷാ സംവിധാനമാണ് കേരളത്തിലുള്ളത്. യു.പിയിലേത് ഏറ്റവും പിന്നിലും.
നീതി ആയോഗിന്റെ തന്നെ ഏറ്റവും പുതിയ ബഹുമേഖല ദാരിദ്ര്യ സൂചിക (എം.പി.ഐ) റിപ്പോർട്ടിൽ രാജ്യത്ത് ഏറ്റവും കുറവ് ദരിദ്രരുള്ള സംസ്ഥാനം കേരളമാണ്. ജനസംഖ്യയിൽ 0.71 ശതമാനം പേർ മാത്രമാണ് ദാരിദ്ര്യം അനുഭവിക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നീ മേഖലകളിലെ 12 മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ കണ്ടെത്തൽ. ബിഹാർ (51.91), ജാർഖണ്ഡ് (42.16), ഉത്തർപ്രദേശ് (37.79) സംസ്ഥാനങ്ങളിലാണ് ദാരിദ്ര്യം ഏറ്റവും രൂക്ഷം. ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിവയുടെ അടിസ്ഥാനത്തിലാണ് സൂചിക തയാറാക്കിയത്.
ആരോഗ്യരംഗത്ത് കേരളത്തിന്റെ നേട്ടങ്ങൾ പരിശോധിച്ചാൽ ആരോഗ്യമേഖലയിലെ പ്രകടനം അടിസ്ഥാനമാക്കിയുള്ള നീതി ആയോഗ് സൂചികയിൽ തുടർച്ചയായ നാലാം തവണയും കേരളമാണ് ഒന്നാമത് എത്തിയത്. നൂറിൽ 82.20 സ്‌കോർ നേടിയാണ് 2019 – 20 വർഷത്തെ സൂചികയിൽ കേരളത്തിന്റെ നേട്ടം. സ്‌കോർ 30.57 മാത്രം ലഭിച്ച യോഗിയുടെ ഉത്തർപ്രദേശാണ് ഇവിടെയും ഏറ്റവും പിന്നിൽ. വലിയ 19 സംസ്ഥാനം, ചെറിയ എട്ട് സംസ്ഥാനം, ഏഴ് കേന്ദ്രഭരണപ്രദേശം എന്നിങ്ങനെ തിരിച്ചാണ് സൂചിക. വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ ഉത്തർപ്രദേശിനു ലഭിച്ച സ്‌കോറിന്റെ 2.7 മടങ്ങ് കേരളം നേടി എന്നത് ഏറെ ശ്രദ്ധേയവും അഭിമാനകരവുമാണ്.
കൂടാതെ, 2021-22ലെ നീതി ആയോഗിന്റെ പ്രഥമ നഗര സുസ്ഥിര വികസന ലക്ഷ്യ (എ സ്.ഡി.ജി) സൂചികയിൽ (2021-22) നാലും അഞ്ചും സ്ഥാനങ്ങളിൽ എത്തിയത് തിരുവനന്തപുരവും കൊച്ചിയമാണ്. സൂചികയിലെ ആദ്യ 10 നഗരങ്ങളിൽ യു.പിയിൽനിന്ന് ഒരു നഗരംപോലും ഉൾപ്പെട്ടില്ല എന്നത് ശ്രദ്ധേയമാണ്. രാജ്യത്തെ 56 നഗരങ്ങളെ 77 മാനദണ്ഡങ്ങളുടെയും 46 വികസന ലക്ഷ്യങ്ങളുടെയും അടിസ്ഥാനത്തിൽ വിലയിരുത്തി പ്രസിദ്ധീകരിച്ച പട്ടികയിലാണ് തിരുവനന്തപുരത്തിനും കൊച്ചിക്കും അഭിമാനകരമായ നേട്ടം കൈവരിക്കാനായത്. ദാരിദ്ര്യ നിർമാർജനം, ജീവിത നിലവാരം, പട്ടിണി ഇല്ലാതാക്കൽ, ആരോഗ്യം, പൊതുവിദ്യാഭ്യാസം, ലിംഗസമത്വം തുടങ്ങിയ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയത്. ഇതോടൊപ്പം പബ്ലിക് അഫയേഴ്‌സ് സെന്റർ പ്രസിദ്ധീകരിച്ച 2021 ലെ പൊതുകാര്യ സൂചിക (പബ്ലിക് അഫയേഴ്‌സ് ഇൻഡക്‌സ് - പി.എ.ഐ 2021) പ്രകാരം ഇന്ത്യയിലെ വലിയ 18 സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയത് കേരളമാണ്. 1.618 പി.എ.ഐ സ്‌കോറുമായി കേരളം ഏറ്റവും മുന്നിലെത്തിയപ്പോൾ മൈനസ് 1.418 പി.എ.ഐ സ്‌കോറുമായി ഏറ്റവും പിന്നിൽ പതിനെട്ടാം സ്ഥാനമാണ് ഉത്തർപ്രദേശിനുള്ളത്.
അമർത്യ സെൻ കണ്ട കേരളം
ലോകപ്രശസ്ത സാമ്പത്തികവിദഗ്ധനും നൊബേൽ സമ്മാനജേതാവുമായ അമർത്യ സെൻ ഒരിക്കൽ പറഞ്ഞു; 'ഗുണമേന്മയുള്ള ജീവിതം പ്രദാനം ചെയ്യുന്ന കാര്യത്തിൽ കേരളത്തിൽനിന്ന് ഒരുപാട് പഠിക്കാനുണ്ട്'.'കേരള വികസന മാതൃകയുടെ' വലിയ ആരാധകനായ അമർത്യ സെൻ നിരവധി അന്താരാഷ്ട്ര വേദികളിൽ ഉൾപ്പെടെ നടത്തിയ പ്രഭാഷണങ്ങളിലും എഴുതിയ പ്രശസ്ത ഗ്രന്ഥങ്ങളിലും കേരളത്തിന്റെ മികവും ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ കോട്ടങ്ങളും തെളിവുകൾ സഹിതം എടുത്തുകാട്ടിയിട്ടുണ്ട്. ഇന്ത്യയുടെ സാമ്പത്തിക, സാമൂഹിക വികസനത്തെ അടിസ്ഥാനമാക്കി വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങൾ, ഉടമാവകാശ രീതികൾ, സാമൂഹിക വർഗീകരണം, ലിംഗ ബന്ധങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യുന്ന 'ഇന്ത്യ സാമ്പത്തിക വികസനവും സാമൂഹികാവസരവും' എന്ന പുസ്തകത്തിൽ കേരളവും ഉത്തർപ്രദേശും തമ്മിൽ വിശദമായ താരതമ്യപഠനം അമർത്യ സെൻ നടത്തിയിട്ടുണ്ട്. കേരളത്തിലെ ഈ രംഗത്തെ വളർച്ചയെ വികസിത –വികസ്വര രാഷ്ട്രങ്ങളുമായും തുലനം ചെയ്ത് പുസ്തകത്തിൽ അമർത്യ സെൻ പരിശോധിക്കുന്നുണ്ട്. കേരള വികസന മാതൃകയുടെ വലിയ വക്താവായ അമർത്യ സെൻ കേരളം കൈവരിച്ച നേട്ടങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഉത്തർപ്രദേശ് പോലെയുള്ള സംസ്ഥാനങ്ങൾ വളരെ പിന്നോക്കാവസ്ഥയിലാണ് എന്നാണ് സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്.
വസ്തുതകൾ ഇതായിരിക്കെ സത്യത്തെ തമസ്‌ക്കരിക്കുവാനും കേരളം കൈവരിച്ച നേട്ടങ്ങളെ ഇകഴ്ത്താനുമുള്ള ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ശ്രമങ്ങൾ സ്വന്തം വീഴ്ചകളും ഭരണപരാജയങ്ങളും മൂടിവയ്ക്കാനുള്ള രാഷ്ട്രീയ അഭ്യാസമായി കരുതേണ്ടിയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."