ഹിജാബ് കേസിൽ സുപ്രിംകോടതി ; അവകാശങ്ങൾ തുല്യം
കെ.എ സലിം
ന്യൂഡൽഹി
ഭരണഘടനാപരമായ അവകാശങ്ങൾ എല്ലാവർക്കും തുല്യമാണെന്നും തങ്ങൾ അതു സംരക്ഷിക്കുമെന്നും സുപ്രിംകോടതി.
ഹിജാബുമായി ബന്ധപ്പെട്ട കേസിൽ തങ്ങളുടെ അന്തിമ വിധി വരുംവരെ ആരും മതാചാരപ്രകാരമുള്ള വേഷം ധരിച്ച് വിദ്യാലയങ്ങളിൽ പ്രവേശിക്കരുതെന്ന കർണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരായ ഹരജി വേഗത്തിൽ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് ചീഫ് ജസ്റ്റിസ് എൻ.വി രമണ ഇക്കാര്യം പറഞ്ഞത്.
ഹൈക്കോടതിയിലും കർണാടകയിലും നടക്കുന്ന കാര്യങ്ങൾ തങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ ഘട്ടത്തിൽ ഇടപെടുമെന്നും ഈ വിഷയത്തെ വലിയ തലത്തിലേക്കു കൊണ്ടുപോകരുതെന്നും കോടതി ഹരജിക്കാരനോട് പറഞ്ഞു.
ഹിജാബ് ധരിക്കാനുള്ള അവകാശം ഭരണഘടനയുടെ 19(1) (എ) വകുപ്പ് നൽകുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും 25ാം വകുപ്പ് ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിൻ്റെയും ഭാഗമാണെന്ന് ഹരജിക്കാർ വാദിച്ചു. ഇതാണ് സാധുവായ ഒരു നിയമത്തിന്റെയും പിൻബലമില്ലാതെ ഹൈക്കോടതി ഉത്തരവ് നിഷേധിച്ചിരിക്കുന്നതെന്നും ഹരജി വാദിക്കുന്നു.
ഹിജാബ് ധരിക്കാനുള്ള അവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് ബി.വി ശ്രീനിവാസും സുപ്രിംകോടതിയിൽ ഹരജി സമർപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."