സമരക്കാരെ തള്ളി മുഖ്യമന്ത്രി: വസ്തുതകളെ മറച്ചു വച്ച് ഉദ്യോഗാര്‍ഥികളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം; നിരപരാധികളെ വ്യാമോഹിപ്പിച്ചു തെരുവില്‍ ഇറക്കുന്നു
തിരുവനന്തപുരം: പി.എസ്.സി വഴിയുള്ള നിയമനങ്ങള്‍ സുതാര്യമായി നടക്കുമ്പോള്‍ വസ്തുതകളെല്ലാം മറച്ചു വച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് ഇടയില്‍ തെറ്റിദ്ധാരണ പരത്താനാണ് സംസ്ഥാനത്ത് ഇപ്പോള്‍ ശ്രമം നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജോലിക്കാര്യം പറഞ്ഞ് വ്യാമോഹിപ്പിച്ചു നിരപരാധികളായ യുവാക്കളെ തെരുവില്‍ ഇറക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപകടകരമായ ചില കളികളും കണ്ടു. ഒരു ലിസ്റ്റിലും പെടാത്ത ആളുകളും വൈകാരിക പ്രകടനം നടത്തി. സൂക്ഷിച്ചു ചെയ്യേണ്ട കാര്യമാണ്. രാഷ്ട്രീയ താല്പര്യം നേടാന്‍ ജീവന് അപകടം വരുത്തുന്നത് മനുഷര്‍ക്കു ചേര്‍ന്ന പ്രവര്‍ത്തി അല്ലെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
പി.എസ്.സി വഴിയുള്ള നിയമനങ്ങള്‍ സുതാര്യമായി നടത്താന്‍ ഈ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. നിലവില്‍ സാധാരണ വരുന്ന ഒഴിവിന്റെ അഞ്ചിരട്ടി കണക്കാക്കിയാണ് പി.എസ്.സി ലിസ്റ്റ് തയ്യാറാക്കുന്നത്. ഇതുവഴി ലിസ്റ്റിലുള്ള എണ്‍പത് ശതമാനം പേര്‍ക്കും നിയമനം കിട്ടാത്ത സാഹചര്യം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. അതിപ്പോഴത്തെ കാര്യമല്ല, മുമ്പേ അങ്ങനെയാണ്.
ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുക എന്ന് മാത്രമാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന് ചെയ്യാനുള്ളത്. പി.എസ്.സിക്ക് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയും ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും അടങ്ങുന്ന സമിതിയെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സരിതയുടെ നേതൃത്വത്തില്‍ തൊഴില്‍ തട്ടിപ്പ് നടന്നിട്ടുണ്ടെങ്കില്‍ അതന്വേഷിക്കും. അതിനു നടപടിയുമുണ്ടാകും. അക്കാര്യത്തില്‍ ആശങ്കവേണ്ട. അവര്‍ വിചാരിക്കുംപോലെ ആര്‍ക്കും കേരളത്തില്‍ തൊഴില്‍ നല്‍കാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
താല്‍കാലിക നിയമനം നടത്തുന്നത് വഴി പി.എസ്.സി ലിസ്റ്റിലുള്ളവരുടെ അവസരം ഇല്ലാതാകുമെന്ന പ്രചാരണം ശരിയല്ല. പത്ത് വര്‍ഷത്തോളമായി താല്‍കാലിക തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് നിയമന അംഗീകാരം നല്‍കുന്നത്. പത്ത് വര്‍ഷം എന്ന് പറയുമ്പോള്‍ തന്നെ ഇക്കാര്യത്തില്‍ രാഷ്ട്രീയ പരിഗണന ഇല്ലെന്ന് അറിയാമല്ലോ എന്നും മുഖ്യമന്ത്രി പറഞ്ഞു. 20 വര്‍ഷമായി താല്‍കാലിക ജോലി ചെയ്യുന്നവര്‍ പോലും പട്ടികയിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫെബ്രുവരിയില്‍ അവസാനിക്കുന്ന പി.എസ്.സി ലിസ്റ്റുകളുടെ എല്ലാം കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടി. ഏപ്രില്‍, മെയ് മാസങ്ങളില്‍ വരുന്ന ഒഴിവുകളില്‍ കൂടി അവസരം ലഭിക്കും. 47,000 തസ്തികകള്‍ സര്‍ക്കാര്‍ സൃഷ്ടിച്ചു. ഇതിന്റെ കണക്കുകളും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അവതരിപ്പിച്ചു.
ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം മാത്രം 1,57,911പേര്‍ക്ക് നിയമനം നല്‍കി. 4012 റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്
3113 മാത്രം ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."