റാങ്ക് ഹോള്‍ഡേഴ്സിന്റെ സമരം: ഒത്തുതീര്‍പ്പിന് ഡി.വൈ.എഫ്.ഐ; സമരക്കാരുമായി എ.എ റഹിം ചര്‍ച്ച നടത്തി: ചര്‍ച്ചയും സമരവും തുടരുമെന്ന് ഭാരവാഹികള്‍
തിരുവനന്തപുരം: പിന്‍വാതില്‍ നിയമങ്ങള്‍ക്കെതിരെ സെക്രട്ടേറിയറ്റിനുമുന്നില്‍ തുടരുന്ന റാങ്ക് ഹോള്‍ഡേഴ്സിന്റെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം. സമരക്കാരുമായി ഒത്തുതീര്‍പ്പിന് ഡി.വൈ.എഫ്.ഐയാണ് മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാന സെക്രട്ടറി എ.എ. റഹിം സമരക്കാരുമായി ചര്‍ച്ച നടത്തി.
സമരം സംസ്ഥാനവ്യാപകമായി തുടരുകയും യുവജനസംഘടനകള്‍ ഐക്യദാര്ഢ്യവുമായെത്തിയതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലാവുകയായിരുന്നു.
ഈ സര്‍ക്കാരിന്റെ കാലത്താണ് കൂടുതല്‍ നിയമനം ഉണ്ടായതെന്ന് യു.ഡി.എഫ് കാലത്തെ കണക്കുകള്‍ പുറത്തുവിട്ട് മുഖ്യമന്ത്രിയും ഇടതു നേതാക്കളും നിരന്തരം പറയുന്നുണ്ടെങ്കിലും സമരക്കാര്‍ പിന്‍വാങ്ങിയിട്ടില്ല. ഇന്നും കെ.എസ്.യു അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധമുണ്ടായി. കെ.എസ്.യു നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിന്റെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് സെക്രട്ടറിയേറ്റ് ഗേറ്റിലെ ബാരിക്കേഡ് തകര്‍ത്ത് മുന്നേറാന്‍ ശ്രമിച്ചപ്പോഴാണ് സംഘര്‍ഷമുണ്ടായത്.
ഈ അവസരത്തിലാണ് സമരക്കാരെ പിന്തിരിപ്പിക്കാന് പുതിയ നീക്കവുമായി ഡി.വൈ.എഫ് ഐയുടെ രംഗപ്രവേശം. റാങ്ക് ഹോള്‍ഡേഴ്സിന്റെ പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് എ.എ. റഹീം ഉറപ്പ് നല്‍കിയതായി സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. സമരം തുടരുമെന്നും ചര്‍ച്ച തുടരാനും തീരുമാനിച്ചിട്ടുണ്ട്. സംഘടനാ പ്രതിനിധി ലയ രാജേഷ് അറിയിച്ചു. കൃത്യമായ ഉറപ്പ് ലഭിക്കാതെ സമരം പിന്‍വലിക്കില്ലെന്നും അവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."