ഫിഫാ ലോക ക്ലബ്ബ് കപ്പ്: ടൈഗേര്‍സിനെ തോല്പിച്ച് ബയേണ്‍ മ്യൂണിക്കിനു കിരീടം
ദോഹ: പതിനേഴാമത് ഫിഫ ക്ലബ് കപ്പിന്റെ ആവേശപ്പോരാട്ടത്തിന്റെ അവസാനം യൂറോപ്യന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക് കിരീടം സ്വന്തമാക്കി. മെക്സിക്കോയുടെ ടൈഗേര്‍സിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ബയേണ്‍ മ്യൂണിക് തോല്‍പ്പിച്ചത്. രാത്രി 9 മണിക്ക് എഡ്യൂക്കേഷണണ്‍ സിറ്റി സ്റ്റേഡിയത്തിലാണ് ഫൈനല്‍ മല്‍സരം നടന്നത്. കളിയുടെ അറുപത്തിയൊന്നാമത് മിനിറ്റില്‍ പവാര്‍ഡിലൂടെ ബയേണ്‍ ഗോള്‍ നേടി. മറുപടി ഗോളിനായി ടൈഗേര്‍സ് കിണഞ്ഞ് ശ്രമിച്ചെങ്കിലും ബയേണിന്റെ ശക്തമായ പ്രതിരോധത്തിന് മുന്പില് പൊരുതി തോല്‍ക്കുകയായിരുന്നു.
ഈ ജയത്തോടെ സീസണില്‍ ആറാമത്തെ കിരീടവും സ്വന്തമാക്കുന്ന ക്ലബെന്ന പട്ടവും ബയേണ്‍ സ്വന്തമാക്കി. 2009 ല്‍ ബാര്‍സിലോണക്ക് ശേഷം സീസണിലെ ദേശീയവും അന്തര്‍ദേശീയവുമായ എല്ലാ കിരീടങ്ങളും നേടുന്ന ക്ലബെന്ന അപൂര്‍വ നേട്ടമാണ് ബയേണ്‍ കരസ്ഥമാക്കിയത്.
ടൈഗേര്‍സ് യുഎന്‍എല്‍ അപ്രതീക്ഷിതമായാണ് ഫൈനലിലേക്ക് എത്തുന്നത്. ആദ്യ സെമിയില്‍ പല്‍മിറാസിനെ ഒരു ഗോളിന് തോല്‍പ്പിച്ചായിരുന്നു ഫൈനല്‍ പ്രവേശനം. ഫിഫ ക്ലബ് കപ്പിലെത്തുന്ന ആദ്യ കോണ്‍കാകാഫ് ടീം എന്ന ബഹുമതിയും സ്വന്തമാക്കിയാണ് ടൈഗേര്‍സിന്റെ മടക്കം.
അതേസമയം പെനാല്‍ട്ടി ഷൂട്ട് ഔട്ടില്‍ പാല്‍മിറാസിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ആഫ്രിക്കന്‍ ചാമ്പ്യന്മാരായ അല്‍ അഹ്ലി ഫിഫ ക്ലബ് കപ്പില്‍ മൂന്നാം സ്ഥാനക്കാരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."