പൂന്തോട്ടം മൊഞ്ചാക്കണോ..ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ
മുറ്റത്ത് ചേലുള്ളൊരു പൂന്തോട്ടം. നിറയെ പൂക്കള്‍. നിറച്ചാര്‍ത്തായി ഇലച്ചെടികള്‍. ചേലേറ്റാന്‍ പൂമ്പാറ്റകള്‍. തേന്‍ കുടിക്കാന്‍ കുരുവികള്‍. എന്ത് രസമാണ് ആലോചിക്കാന്‍ തന്നെ. ഒന്ന് ശ്രമിച്ചാല്‍ ആര്‍ക്കും ചെയ്യാവുന്നതേയുള്ളു ഇത്. തോട്ടം പരിപാലിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ.
വെള്ളം ആവശ്യത്തിന് മാത്രം
അധികമായാല്‍ അമൃതും വിഷം എന്നാണല്ലോ. ആവശ്യത്തിന് മാത്രമേ ചെടിക്ക് വെള്ളമൊഴിക്കാവൂ. ചെടികള്‍ക്കനുസരിച്ചാണ് വെള്ളമൊഴിക്കേണ്ടതും. ദിവസവും നനക്കേണ്ടവയും ആഴ്ചയില്‍ ഒരിക്കലൊക്കെ നനക്കേണ്ടതുമായ ചെടികളുണ്ടാവാം.
കാലാവസ്ഥയോട് യോജിച്ചവ വളര്‍ത്താം
ചെടികള്‍ നന്നായി വളരാനും മനോഹരമായ പൂക്കള്‍ നല്‍കാനും അനുയോജ്യമായ കാലാവസ്ഥ അത്യാവശ്യമാണ്. അതിനാല്‍ വീട്ടുമുറ്റത്തെ പൂന്തോട്ടത്തിലേക്ക് ചെടികള്‍ തിരഞ്ഞെടുക്കുമ്പോള്‍ ആ പ്രദേശത്തെ കാലാവസ്ഥയോട് യോജിച്ചതാണോ എന്ന് ഉറപ്പ് വരുത്തണം.
വെള്ളം വേരുകളില്‍ നല്‍കൂ
ചെടിയുടെ മുകളിലൂടെ നനയ്ക്കുന്ന രീതി പലര്‍ക്കുമുണ്ട്. എന്നാല്‍ ഇത് ഗുണം ചെയ്യില്ല. എല്ലായ്‌പ്പോഴും ചെടിയുടെ വേരുകളിലാണ് ആവശ്യത്തിന് വെള്ളം നല്‍കേണ്ടത്. ഇലകള്‍ക്ക് മുകളില്‍ വെള്ളമൊഴിക്കുന്ന രീതി വേനല്‍ കാലത്ത് മാത്രമേ ആവശ്യമുള്ളൂ.
വേരുകള്‍ക്കായി ബെഡ് ഒരുക്കാം
ചില ചെടികള്‍ ആഴത്തില്‍ വേരിറങ്ങുന്നവയാകാം. അവ നടുമ്പോള്‍ മണ്ണ് നന്നായി ഇളക്കി കട്ടിയില്‍ ബെഡ് ഒരുക്കി അതിന് മുകളില്‍ വേണം തൈ നടാന്‍. എങ്കില്‍ മാത്രമേ വേരുകള്‍ ഇറങ്ങാനും ചെടികള്‍ക്ക് നന്നായി വളരാനും കഴിയൂ. ഇല്ലെങ്കില്‍ മണ്ണ് ഉറയ്ക്കുകയും വേരുകള്‍ക്ക് നല്ല രീതിയില്‍ മണ്ണിലേയ്ക്ക് ഇറങ്ങാന്‍ കഴിയാതെ വരികയും ചെയ്യും.
സൂര്യപ്രകാശം അത്യാവശ്യം
ചെടികള്‍ നന്നായി വളരാന്‍ സൂര്യപ്രകാശം അത്യാവശ്യമാണ്. ഓരോ ചെടിയ്ക്കും ആവശ്യമായ സൂര്യപ്രകാശത്തിന്റെ അളവ് തിരിച്ചറിഞ്ഞു സ്ഥാനം നിശ്ചയിക്കുകയാവും നല്ലത്. ചിലതിന് അമിതമായ സൂര്യപ്രകാശമേല്‍ക്കുന്നത് കരിഞ്ഞു പോകാന്‍ കാരണമാകും. എന്നാല്‍ മറ്റ് ചിലതിന് നല്ല സൂര്യപ്രകാശത്തില്‍ മാത്രമാകും വളരാന്‍ കഴിയുക. അതിനാല്‍ ഈ കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം.
അകലം
ചെടികള്‍ നടുമ്പോള്‍ ഓരോന്നും തമ്മില്‍ നിശ്ചിത അകലം പാലിക്കണം. ചില ചെടികള്‍ വേരുകള്‍ പടര്‍ന്നു പിടിക്കുന്നവയാകും. അതിനാല്‍ അത്തരം ചെടികള്‍ക്ക് ആവശ്യമായ സ്ഥലം നല്‍കി മാത്രമേ അടുത്ത ചെടിയ്ക്ക് സ്ഥലം നല്‍കാവൂ. മാത്രമല്ല ചെടികള്‍ക്കിടയില്‍ നിശ്ചിത അകലമുണ്ടെങ്കില്‍ മാത്രമേ ഒരു ചെടിയെ ബാധിക്കുന്ന രോഗങ്ങള്‍ സമീപത്തെ മറ്റ് ചെടികളിലേയ്ക്ക് പകരാതിരിക്കുകയുള്ളൂ.
അനാവശ്യ ശിഖരങ്ങള്‍ മുറിച്ച് മാറ്റാം
ചെടികള്‍ തഴച്ചു വളരാന്‍ അതിന്റെ നശിച്ചു തുടങ്ങിയ അഗ്രഭാഗം നിശ്ചിത ഇടവേളകളില്‍ വെട്ടിമാറ്റണം. ദ്രവിച്ചു തുടങ്ങിയ ശിഖരങ്ങള്‍ ചെടിയില്‍ നിലനിര്‍ത്തിയാല്‍ അത് ചെടി വളര്‍ന്നു പുഷ്ടിപ്പെടുന്നതിന് തടസമാകും. അതുകൊണ്ട് തന്നെ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
കീടനാശിനി ഉപയോഗം
ചെടികളില്‍ പല തരത്തിലുള്ള രോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോള്‍ തന്നെ കീടനാശിനി ഉപയോഗിക്കുന്നത് ഗുണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."