HOME
DETAILS
MAL
തമിഴ്നാട്ടിലെ പടക്കനിര്‍മാണ ശാലയിലെ സ്ഫോടനം: മരണം 19 ആയി
backup
February 13 2021 | 05:02 AM
തമിഴ്നാട്: തമിഴ്നാട്ടിലെ വിരുദുനഗറില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ 19 പേര് മരിച്ചു. ഇന്നലെ ഉച്ചയ്ക്കു ശേഷമായിരുന്നു ശിവകാശി പടക്കനിര്‍മാണ ശാലയില്‍ സ്ഫോടനം നടന്നത്. നിരവധി തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പൊള്ളലേറ്റ 33 പേര് ചികിത്സയിലാണ്. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയെന്ന് സ്ഥാപനം പ്രവര്‍ത്തിച്ചതെന്ന് പൊലിസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ ഉടമകള്‍ക്കായി തിരച്ചില്‍ ശക്തമാക്കി. സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചുവച്ചിരുന്ന ഗോഡൗണിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പൊലിസിന്റെ കണ്ടെത്തല്‍. വലിയ ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികള്‍ കണ്ടത് ശക്തമായ സ്ഫോടനത്തില്‍ പൂര്‍ണമായും തകര്‍ന്ന കെട്ടിടമാണ്. ആദ്യം രക്ഷാപ്രവര്‍ത്തനം തുടങ്ങിയതും നാട്ടുകാര്‍ ആയിരുന്നു.
പൊലിസെത്തിയാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്. 12 തൊഴിലാളികള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പൊള്ളലേററവരെ വിരുദുനഗറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എണ്‍പതോളം തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്തിരുന്നത്. ഉച്ചയൂണിന്റെ സമയമായതിനാല്‍ ജോലിക്കാര്‍ മിക്കവരും പുറത്തുപോയിരുന്നതിനാല്‍ അപകടത്തിന്റെ തീവ്രതകുറഞ്ഞു. ശ്രീമാരിയമ്മാള്‍ പടക്കനിര്‍മാണ ശാലയ്ക്ക് പ്രവര്‍ത്തന ലൈസന്‍സ് ഉണ്ടായിരുന്നെങ്കിലും സര്‍ക്കാരിന്റെ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ലെന്ന് പൊലിസ് പറഞ്ഞു. മരണപ്പെട്ട തൊഴിലാളികളുടെ കുടുംബത്തിന് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ധനസഹായം പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."