ഏഴ് സംസ്ഥാനങ്ങളിൽനിന്നായി 14 വട്ടം കെട്ടിയ വിവാഹ വീരൻ ഒടുവിൽ പിടിയിൽ
ഭുവനേശ്വർ
ഏഴു സംസ്ഥാനങ്ങളിൽ നിന്നായി 14 വിവാഹം കഴിച്ച വിവാഹ വീരൻ ഒടുവിൽ ഭാര്യയുടെ പരാതിയിൽ ഒഡിഷയിൽ പിടിയിലായി. കേന്ദ്രപുര ജില്ലയിലെ പത്കുര പൊലിസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് 66കാരനായ പ്രതി രമേശ് ചന്ദ്ര സ്വെയ്ൻ പിടിയിലായത്. എന്നാൽ, തനിക്കെതിരേ ഉന്നയിക്കപ്പെട്ട കുറ്റങ്ങൾ ഇയാൾ നിഷേധിച്ചു.
ഭുവനേശ്വറിൽ പതിന്നാലാമത്തെ ഭാര്യക്കൊപ്പം താമസിച്ചുവരുന്നതിനിടെയാണ് ഈ വിവാഹ വീരൻ പെട്ടത്. ഡൽഹിയിൽ സ്കൂൾ ടീച്ചറായ ഭാര്യ ഇയാളുടെ മുൻ ബന്ധങ്ങളെക്കുറിച്ച് അറിഞ്ഞതോടെ പൊലിസിൽ പരാതി നൽകുകയായിരുന്നു.
ഡൽഹി, പഞ്ചാബ്, അസം, ജാർഖണ്ഡ്, ഒഡിഷ സംസ്ഥാനങ്ങളിൽനിന്ന് രമേശ് വിവാഹം കഴിച്ചിട്ടുണ്ട്. ഇയാളിൽനിന്ന് 11 എ.ടി.എം കാർഡുകൾ, നാല് ആധാർ കാർഡുകൾ തുടങ്ങിയ വ്യാജരേഖകളും പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്.
ജോലി വാഗ്ദാനം ചെയ്ത് വഞ്ചിച്ചതിന് ഹൈദരാബാദിലും കേരളത്തിൽ എറണാകുളത്തും നേരത്തെ ഇയാൾ അറസ്റ്റിലായിട്ടുമുണ്ട്.
1982ൽ 26ാം വയസിൽ ആദ്യ വിവാഹം കഴിച്ച പ്രതി പിന്നീട് 20 വർഷങ്ങൾക്കുശേഷം 2002ലാണ് രണ്ടാം വട്ടം വിവാഹം കഴിച്ചത്. ഈ രണ്ടു വിവാഹങ്ങളിലായി ഇയാൾക്ക് അഞ്ചു മക്കളുമുണ്ട്. തുടർന്ന് വിവിധ വൈവാഹിക വെബ്സൈറ്റുകളിലൂടെ പരിചയപ്പെട്ടാണ് കൂടുതൽ സ്ത്രീകളെ വിവാഹം കഴിച്ചത്. മുൻ വിവാഹങ്ങളുടെ വിവരങ്ങൾ മറച്ചുവച്ചായിരുന്നു ഇത്. വിവാഹത്തിനു ശേഷം പണവും ആഭരണങ്ങളുമായി മുങ്ങുന്നതായിരുന്നു ഇയാളുടെ രീതിയെന്നു പൊലിസ് പറയുന്നു. ഡോക്ടർ, വക്കീൽ എന്നിങ്ങനെ സ്വയം പരിചയപ്പെടുത്തിയാണ് ഇയാൾ നല്ല വിദ്യാഭ്യാസവും സമ്പത്തുമുള്ള സ്ത്രീകളെ വിവാഹാലോചനയുമായി സമീപിച്ചിരുന്നത്. സൈന്യത്തിൽ സേവനം ചെയ്യുന്ന സ്ത്രീകൾവരെ ഇയാളുടെ തട്ടിപ്പിൽ പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."