ഇ. ശ്രീധരന്റെ രാഷ്ട്രീയ സ്വപ്‌നങ്ങള്‍
1957ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തിയത് 65 പേരുടെ പിന്തുണയോടെയാണ്. നിയമസഭയില്‍ ആകെ അംഗങ്ങള്‍ 126. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 60 അംഗങ്ങളേ ഉണ്ടായിരുന്നുള്ളൂ. ബാക്കി അഞ്ചുപേരും സ്വതന്ത്രന്മാര്‍. ഇവരില്‍ മൂന്നുപേരെ കൂടി ചേര്‍ത്തുകൊണ്ടാണ് ഇ.എം.എസ് നമ്പൂതിരിപ്പാട് മന്ത്രിസഭയുണ്ടാക്കിയത്. ഡോ. എ.ആര്‍ മേനോന്‍, വി.ആര്‍ കൃഷ്ണയ്യര്‍, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി എന്നിവരായിരുന്നു ആ മന്ത്രിമാര്‍.
നല്ലൊരു കോണ്‍ഗ്രസുകാരനായിരുന്നു ഡോ. എ.ആര്‍ മേനോന്‍. ഡോക്ടര്‍ എന്ന നിലയിലും സ്വാതന്ത്ര്യസമര സേനാനി എന്ന നിലയിലും പ്രമുഖനായിരുന്നു. പനമ്പിള്ളി ഗോവിന്ദമേനോനുമായുള്ള പിണക്കത്തെ തുടര്‍ന്ന് ഒരുവര്‍ഷം മുന്‍പ് അദ്ദേഹം കോണ്‍ഗ്രസ് വിട്ടു. തെരഞ്ഞെടുപ്പ് വന്നപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തൃശൂരില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയാക്കി. പിന്നെ ആരോഗ്യമന്ത്രിയുമാക്കി. സംസ്ഥാനത്തു കെട്ടുറപ്പുള്ള പൊതുജനാരോഗ്യ സംവിധാനം കെട്ടിപ്പടുക്കുന്നതില്‍ വലിയ സംഭാവന നല്‍കി ഡോ. മേനോന്‍.
യുവ അഭിഭാഷകനായിരുന്ന വി.ആര്‍ കൃഷ്ണയ്യര്‍ക്കു വളരെ ഉത്തരവാദിത്വമുള്ള പൊലിസ്, വൈദ്യുതി, ജലസേചനം, നിയമനിര്‍മാണം, തടവറകള്‍ എന്നീ വകുപ്പുകളാണ് ഇ.എം.എസ് നല്‍കിയത്. പില്‍ക്കാലത്ത് ഹൈക്കോടതിയിലും സുപ്രിംകോടതിയിലും വലിയ വഴിത്തിരിവുകളുണ്ടാക്കിയ വിധികളെഴുതിയ ജഡ്ജിയായി അദ്ദേഹം വളര്‍ന്നു. മികച്ച സാഹിത്യകാരനും അധ്യാപകനുമായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരി ഏറെ മികവുള്ള വിദ്യാഭ്യാസവകുപ്പു മന്ത്രിയുമായി. തികച്ചും വ്യത്യസ്തമായ മേഖലകളില്‍നിന്നു വന്ന മൂന്നു വ്യക്തിത്വങ്ങള്‍ അങ്ങനെ കേരളത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ ആദ്യമന്ത്രിസഭയില്‍ ഏറെ തിളക്കമുള്ള പതക്കങ്ങളായി മാറുകയായിരുന്നു.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 'മെട്രോ മാന്‍' എന്നറിയപ്പെടുന്ന ഇ. ശ്രീധരനെ സ്ഥാനാര്‍ഥിയാക്കാനുള്ള ബി.ജെ.പി നീക്കത്തിന്റെ പശ്ചാത്തലത്തിലാണ് ഈ വരികള്‍ കുറിച്ചത്. രാഷ്ട്രീയത്തിലേയ്ക്കു പ്രഗത്ഭര്‍ കടന്നുവരുന്നതു നല്ല ഉദ്ദേശലക്ഷ്യത്തോടെയെങ്കില്‍ തീര്‍ച്ചയായും സ്വാഗതം ചെയ്യാവുന്നതാണ്. എ.ആര്‍ മേനോനും കൃഷ്ണയ്യരും മുണ്ടശ്ശേരിയുമെല്ലാം അങ്ങനെ മറ്റൊരു താല്‍പ്പര്യവുമില്ലാതെ നിര്‍ബന്ധത്തിന്റെ പുറത്ത് അധികാരത്തിലേറിയവരാണ്.
ഇ. ശ്രീധരനും പ്രതിഭയാണെന്നതില്‍ സംശയമില്ല. പക്ഷേ, അദ്ദേഹം വരുന്ന വഴി എ.ആര്‍ മേനോനും കൃഷ്ണയ്യരും മുണ്ടശ്ശേരിയുമെല്ലാം വന്നതുപോലെ സുതാര്യവും സ്വാര്‍ത്ഥരഹിതവുമായ വഴി തന്നെയാണോ എന്നതു വിശദമായി പരിശോധിക്കേണ്ട കാര്യം തന്നെയാണ്. ബി.ജെ.പി സംസ്ഥാന നേതൃത്വം ഇംഗിതം അറിയിച്ചപാടേ ഇളകിവശായിക്കഴിഞ്ഞു അദ്ദേഹം. ഏതു മണ്ഡലമാണ് തനിക്കിണങ്ങുക, നിര്‍ബന്ധിച്ചാല്‍ മുഖ്യമന്ത്രിയാകാനും തയാര്‍, ഞാന്‍ വന്നാല്‍ ബി.ജെ.പി രക്ഷപ്പെടും തുടങ്ങി ഞാനൊരു കേമന്‍ എന്ന മട്ടിലാണ് അദ്ദേഹം പ്രതികരിച്ചു കണ്ടത്. താന്‍ പണ്ടേ ബി.ജെ.പി മനസുകാരനായിരുന്നുവെന്ന് അവകാശപ്പെടുക മാത്രമല്ല, യു.ഡി.എഫും എല്‍.ഡി.എഫും വകയ്ക്കു കൊള്ളാത്ത പാര്‍ട്ടികളാണെന്ന ധ്വനിയോടെ തുടര്‍ച്ചയായി പ്രതികരിക്കുകയും ചെയ്യുകയാണ്. ഇതൊന്നും എ.ആര്‍ മേനോനും കൃഷ്ണയ്യരും മുണ്ടശ്ശേരിയും മറ്റും കാണിച്ച മഹനീയ മാതൃകയല്ല. അവരെല്ലാം ഏല്‍പ്പിക്കപ്പെട്ട ചുമതലകള്‍ മേനി നടിക്കാതെ സുന്ദരമായി നടപ്പാക്കി ജനഹൃദയത്തില്‍ സ്ഥാനം പിടിച്ചവരായിരുന്നു.
സമൂഹത്തില്‍ വിവിധ ശ്രേണികളില്‍ പ്രവര്‍ത്തന മികവു തെളിയിച്ച വിദഗ്ധരെ രാഷ്ട്രീയത്തിലേക്കും ഭരണത്തിലേക്കും നിയമസഭകളിലേക്കും കൊണ്ടുവരിക അസാധാരണമല്ല. കേന്ദ്രത്തില്‍ ലോക്‌സഭയോടൊപ്പം ഉപരിസഭയായ രാജ്യസഭകൂടി രൂപീകരിച്ചിരിക്കുന്നത് രാഷ്ട്രീയത്തിനപ്പുറത്തേക്കു നോക്കി മികവു തികഞ്ഞവരെ നിയമ നിര്‍മാണത്തിന്റെയും ഭരണത്തിന്റെയും വഴികളിലേക്കു ക്ഷണിച്ചു കൊണ്ടുവരാനാണ്. ചില വലിയ സംസ്ഥാന നിയമസഭകളിലും ഇതുപോലെ ഉപരിസഭയുണ്ട്. ഈ വഴിയിലൂടെ ധാരാളം പ്രമുഖര്‍ രാജ്യത്തിന്റെ നിയമനിര്‍മാണ രംഗത്തേക്കും ഭരണരംഗത്തേക്കും കടന്നിട്ടുമുണ്ട്.ഇ. ശ്രീധരന്‍ കേരളത്തിന്റെ രാഷ്ട്രീയത്തിലേക്കു വന്നാലുള്ള മാറ്റമെന്താവും?
മെട്രോ റെയില്‍ നിര്‍മാണ രംഗത്ത് ഇ. ശ്രീധരന് ഒരു വലിയ സല്‍പ്പേരുണ്ട്. ഏറ്റെടുക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തെറ്റുകുറ്റങ്ങളോ താമസമോ കൂടാതെ കൃത്യസമയത്തു തന്നെ ഭംഗിയായി ചെയ്തുതീര്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നതാണ് ഇ. ശ്രീധരനെ വ്യത്യസ്തനാക്കുന്ന ഘടകം. മെട്രോ റെയില്‍ നിര്‍മിക്കുന്നതില്‍ മികച്ച കഴിവുകളുള്ള ഇ. ശ്രീധരന് മികച്ച ജനനേതാവും ജനപ്രതിനിധിയും ഭരണകര്‍ത്താവുമാകാന്‍ കഴിയുമോ? ഒരാള്‍ എന്‍ജിനീയറാകുന്നതും മറ്റൊരാള്‍ രാഷ്ട്രീയ നേതാവാകുന്നതും രണ്ടു വ്യത്യസ്ത വഴികള്‍ തന്നെയാണ്. എന്‍ജിനീയറിങ് പഠിച്ച് ആ വഴിക്ക് ഏറെ കഠിനാധ്വാനം ചെയ്തു തന്നെയാണ് ഇ. ശ്രീധരന്‍ ഇത്രത്തോളം വളര്‍ന്ന് മെട്രോ മാന്‍ എന്ന വലിയ പേരിന് അര്‍ഹനാകുംവിധം വലുതായത്. രാജ്യം കണ്ട മികച്ച ഭരണകര്‍ത്താക്കളോരോരുത്തര്‍ക്കും ഇതുപോലെ വന്ന വഴികളുണ്ട്. ഉദാഹരണം, ഇന്ത്യ കണ്ട ഏറ്റവും വലിയ ഭരണാധികാരി ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു. മികച്ച വിദ്യാഭ്യാസം നേടി അദ്ദേഹം. പിന്നെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേയ്ക്ക്. എത്രയെത്ര സമരങ്ങള്‍, പ്രതിഷേധങ്ങള്‍! അറസ്റ്റ്, ജയില്‍വാസം എന്നിങ്ങനെ എത്ര ശിക്ഷകള്‍ ഏറ്റുവാങ്ങി. ഇതിനൊക്കെ ഇടയില്‍ ഇന്ത്യ എന്ന മഹാരാജ്യത്തെ, ഇന്ത്യയിലെ നാനാജാതി മതക്കാരും വിവിധ ഭാഷക്കാരുമായ ജനങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍, പഠനങ്ങള്‍. അതേക്കുറിച്ച് എഴുതിക്കൂട്ടിയ ലേഖനങ്ങളും ചരിത്രങ്ങളും കത്തുകളും പുറമെ.
കേരള രാഷ്ട്രീയത്തിലാണെങ്കിലും ഇന്ത്യന്‍ രാഷ്ട്രീയത്തിലാണെങ്കിലും നിര്‍ണായകമായ വ്യക്തിമുദ്ര പതിപ്പിച്ച നേതാക്കള്‍ക്കൊക്കെയും ഇങ്ങനെ മഹത്തായൊരു പശ്ചാത്തലം കാണാനാവും. നാടിനോടും നാട്ടുകാരോടും അവര്‍ക്കുള്ള അര്‍പ്പണമനോഭാവം തന്നെയാകും അതിലെ പ്രധാന ഘടകം. ഒപ്പം നാടിനെക്കുറിച്ചും വിശാലമായൊരു കാഴ്ചപ്പാടും വേണം. ആ കാഴ്ചപ്പാട് തികച്ചും പക്വമായിരിക്കണം, കുറ്റമറ്റതുമാവണം. ഇ.എം.എസ്, അച്യുത മേനോന്‍, സി.എച്ച് മുഹമ്മദ് കോയ, ഉമ്മന്‍ചാണ്ടി, പിണറായി വിജയന്‍ എന്നിങ്ങനെ. ജനാധിപത്യ വ്യവസ്ഥിതിയില്‍ ജനങ്ങളാണ് അധികാരികള്‍. ജനപ്രതിനിധികളെ ജനങ്ങള്‍ തന്നെയാണ് തെരഞ്ഞെടുക്കുന്നത്. ആ ജനങ്ങള്‍ തങ്ങളുടെ എല്ലാ ആവശ്യങ്ങള്‍ക്കും തങ്ങള്‍ തെരഞ്ഞെടുത്തുവിട്ട ജനപ്രതിനിധികളെ പ്രതീക്ഷയോടെ നോക്കുകയും ചെയ്യും. അവരുടെ ആവശ്യങ്ങള്‍ക്ക് ജനപ്രതിനിധികള്‍ എപ്പോഴും ഓടിയെത്തണമെന്ന് അവര്‍ ആഗ്രഹിക്കുക സ്വാഭാവികം. കേരളത്തില്‍ ഇതല്‍പ്പം കടുപ്പമാണെന്നു തന്നെ പറയണം. എം.എല്‍.എ ആയാലും പഞ്ചായത്ത് അംഗമായാലും ജനങ്ങളുടെ കുടുംബത്തിലെ പരിപാടികള്‍ക്കൊക്കെയും അവര്‍ പങ്കെടുത്തു കൊള്ളണം. കല്യാണമായാലും നൂലുകെട്ടായാലും ചോറൂണായാലും മരണമായാലും - എന്തിനും ഏതിനും എം.എല്‍.എയുടെയും മറ്റു ജനപ്രതിതിനിധികളുടെയുമൊക്കെ സാന്നിധ്യം ആവശ്യം തന്നെ. പുറമെ പാലം, റോഡ്, സ്‌കൂള്‍, കെട്ടിടം, ആശുപത്രി, വാര്‍ഡ് എന്നിങ്ങനെ പൊതുവായ ആവശ്യങ്ങള്‍ വേറെയും. അതും പോരാഞ്ഞ് ശുപാര്‍ശകളും, മകനൊരു ജോലി, ബന്ധുവിനൊരു സ്ഥലംമാറ്റം എന്നിങ്ങനെ പോകുന്നു ഇവ്വിധമുള്ള കാര്യങ്ങള്‍. കേരളത്തിലെ ഒരു സാധാരണ എം.എല്‍.എയുടെ വെല്ലുവിളികളാണ് ഇതെല്ലാമോര്‍ക്കണം. ഇതൊക്കെ എത്രകണ്ട് പൂര്‍ത്തീകരിക്കാന്‍ ഇ. ശ്രീധരന് കഴിയും?
ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്‍ നാരായണ മൂര്‍ത്തിയുടെ മുന്നില്‍ ഇതിനു സമാനമായൊരു ചോദ്യം ഒരിക്കല്‍ ഉയര്‍ന്നു. ഇന്‍ഫോസിസ് എന്ന ലോകോത്തര നിലവാരമുള്ള സ്ഥാപനം കെട്ടിപ്പടുത്ത താങ്കള്‍ രാജ്യത്തിന്റെ ഭരണരംഗത്തേക്കു വന്നാല്‍ അതൊരു വലിയ മുതല്‍ക്കൂട്ടാവില്ലേ എന്നായിരുന്നു ചോദ്യം. ഉത്തരം വളരെ ലളിതമായിരുന്നു: 'ഇന്‍ഫോസിസ് പോലെ ഒരു സ്ഥാപനം വര്‍ഷങ്ങള്‍ കൊണ്ട് കെട്ടിപ്പടുക്കുന്നതിന് ഏറെ അധ്വാനം അത്യാവശ്യമാണ്. അങ്ങേയറ്റത്തെ നിലവാരമുള്ള സാങ്കേതിക വിദഗ്ധരും അവര്‍ക്കു ലഭ്യമാക്കുന്ന ഉയര്‍ന്ന സാങ്കേതികവിദ്യയും യോജിച്ച സാഹചര്യങ്ങളുമൊക്കെയാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നത്. സ്ഥാപനത്തിന്റെ മുഴുവന്‍ ഭരണവും അങ്ങേയറ്റം നിയന്ത്രിതമായ സാഹചര്യങ്ങളിലാണ് നടക്കുന്നത്. രാജ്യഭരണം അങ്ങനെയല്ലല്ലോ'. പാലാരിവട്ടം പാലം പുതുക്കിപ്പണിയുന്നതു പോലെയോ കൊച്ചി നഗരത്തില്‍ ഒരു മെട്രോ പണിയുന്നതു പോലെയോ ആയിരിക്കും നിയമസഭാംഗമാകുന്നതും ഭരണകര്‍ത്താവാകുന്നതും എന്ന് കരുതാനാവുമോ?
ഒരു ഭരണകര്‍ത്താവുണ്ടാകുന്നത് ഒരു രാവ് ഇരുട്ടിവെളുക്കുമ്പോഴല്ല എന്നോര്‍ക്കണം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കാര്യം തന്നെ ഉദാഹരണം. എത്ര കാലത്തെ കഠിനാധ്വാനത്തിന്റെയും പ്രവര്‍ത്തനങ്ങളുടെയും ആകെത്തുകയാണ് ഉമ്മന്‍ചാണ്ടി എന്ന ജനകീയ നേതാവ്. ഉമ്മന്‍ചാണ്ടി എവിടെ പോയാലും ആളുകള്‍ ചുറ്റുംകൂടും. ഏതു മുക്കിലും മൂലയ്ക്കും ചെന്നാലും കുറെ പേരെയെങ്കിലും പേരെടുത്തു വിളിക്കാനാവും. ഭരണകര്‍ത്താവായിരിക്കുമ്പോള്‍ സാധാരണക്കാരില്‍ സാധാരണക്കാരായവര്‍ക്ക് എന്തു ചെയ്യാനാവുമെന്ന് എപ്പോഴും പരിശോധിച്ചുകൊണ്ടിരിക്കും. അതുകൊണ്ടാണ് ഉമ്മന്‍ചാണ്ടി മികച്ച ജനകീയ നേതാവെന്ന നിലയില്‍ തല ഉയര്‍ത്തിനില്‍ക്കുന്നത്. അതു ജനങ്ങള്‍ നല്‍കുന്ന അംഗീകാരമാണ്. ഒരു ജീവിതകാലം മുഴുവന്‍ ജനങ്ങളോടൊപ്പം നിന്ന് അവരുടെ പ്രശ്‌നങ്ങള്‍ കേട്ടറിഞ്ഞു പ്രവര്‍ത്തിച്ചതിന്. ജീവിതകാലമത്രയും കര്‍മനിരതനായിരിക്കുക എന്നത് ഒരു വലിയ കാര്യം തന്നെയാണ്. എന്നാല്‍ 88ാം വയസിലും രാഷ്ട്രീയക്കാരന്റെ തട്ടകത്തിലെത്തി അവിടെയും പിടിമുറുക്കാന്‍ മോഹിച്ചു നില്‍ക്കുകയാണ് ശ്രീധരന്‍. ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ കേരള മുഖ്യമന്ത്രിയാകാനും ഒരുക്കമാണെന്നദ്ദേഹം ഉറപ്പുതരുന്നുണ്ട്. താന്‍ ബി.ജെ.പിയിലെത്തിയതിന്റെ പേരില്‍ ഇനി ആ പാര്‍ട്ടിയിലേക്കു സാധാരണക്കാരുടെയും പ്രമുഖ വ്യക്തികളുടെയും ഒഴുക്കായിരിക്കുമെന്നും അദ്ദേഹം കണക്കാക്കുന്നു.
എല്ലാറ്റിനുമൊപ്പം ഒരു പ്രധാനകാര്യം അദ്ദേഹം തുറന്നുപറയുന്നുമുണ്ട്. തന്റെ മനസിന് എപ്പോഴും കാവിനിറമായിരുന്നുവെന്ന്. തന്റെ രാഷ്ട്രീയം എപ്പോഴും ഹിന്ദു രാഷ്ട്രീയം തന്നെയായിരുന്നുവെന്ന്, താനൊരിക്കലും മത്സ്യവും മാംസവും കഴിച്ചിട്ടില്ലെന്ന്. ഹൊ.! എന്തൊരു യോജിപ്പ്. എന്തൊരു മനപ്പൊരുത്തം. തെരഞ്ഞെടുപ്പ് വന്നാല്‍ മതിയായിരുന്നു. പിന്നെ ഫലമറിയണം. ജയിച്ചുകഴിഞ്ഞാല്‍ സര്‍വത്ര സ്വീകരണം. പിന്നെ സത്യപ്രതിജ്ഞ ഗവര്‍ണറുടെ മുന്നില്‍. കൊടിവച്ച ഒന്നാം നമ്പര്‍ കാര്‍...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."