സി.പി.എം നടപടിയിലേക്ക് നീങ്ങുമെന്നായപ്പോൾ പ്രതിഭ ഖേദം പ്രകടിപ്പിച്ചു; സമൂഹമാധ്യമം വിട്ടു
ആലപ്പുഴ
കായകുളം തെരഞ്ഞെടുപ്പിലെ വോട്ട് ചോർച്ച സമ്മേളനങ്ങളിലൊന്നും ചർച്ച ചെയ്തില്ലെന്നും തന്നെ കാലുവാരിയവർ പാർട്ടിയിൽ സർവസമ്മതരായി മാറിയെന്നുമുള്ള ആരോപണം ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉന്നയിച്ച യു. പ്രതിഭ എം.എൽ.എ ഖേദം പ്രകടിപ്പിച്ചു. പിറകെ അവർ സമൂഹമാധ്യമം വിട്ടു.
പ്രതിഭയോട് വിശദീകരണം ചോദിക്കുമെന്നും നടപടി സ്വീകരിക്കുമെന്നും സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ വ്യക്തമാക്കുകയും കായംകുളം ഏരിയാ നേതൃത്വം പരാതി നൽകുകയും ചെയ്ത സാഹചര്യത്തിലാണ് ഫേസ്ബുക്കിലൂടെ തന്നെ ഖേദം പ്രകടനവുമായി പ്രതിഭ രംഗത്തെത്തിയത്.
തികച്ചും വ്യക്തിപരമായ ഒരു മാനസികാവസ്ഥയിലാണ് അങ്ങനെ പോസ്റ്റ് എഴുതാൻ ഇടയായതെന്ന വിശദീകരണത്തോടെയാണ് പുതിയ കുറിപ്പ്.
കാരണങ്ങളില്ലാത്ത കുറ്റപ്പെടുത്തലുകളും ആക്ഷേപങ്ങളും ചിലരിൽനിന്നുണ്ടാകുന്നത് ആരെയും വേദനിപ്പിക്കും.
വ്യക്തിപരമായ വിഷമങ്ങൾ കൂടിയുള്ള സാധാരണക്കാരിയായ സ്ത്രീയെന്ന നിലയിൽ അത് മനസ്സിൽ ആഴത്തിലുള്ള മുറിവുണ്ടാക്കിയ സാഹചര്യത്തിലാണ് അത്തരത്തിൽ എഴുതിയത്.
മറ്റുള്ളവർക്ക് വിഷമമുണ്ടാക്കിയതിൽ വ്യക്തിപരമായ ദുഃഖമുണ്ടെന്നും ഖേദം പ്രകടിപ്പിക്കുന്നതായും പറഞ്ഞാണ് പ്രതിഭ അവസാനിപ്പിക്കുന്നത്.
21വർഷമായി പാർട്ടി അംഗത്വമുള്ള പ്രതിഭ നിലവിൽ തകഴി ഏരിയ കമ്മിറ്റി അംഗമാണ്.
പ്രതിഭയുടെ പോസ്റ്റിൽ സംസ്ഥാന നേതൃത്വവും അതൃപ്തി അറിയിച്ചതോടെയാണ് ഖേദപ്രകടനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."